ഭീമൻ ബ്ലാക്ക് ഹോളുകൾക്ക് ചുറ്റും ഗ്രഹങ്ങൾ രൂപപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞർ; കൗതുകമുണർത്തി പുതിയ കണ്ടെത്തൽ

Published : Jun 18, 2026, 03:15 PM IST
Starry sky with galaxies, nebulae, gas clouds, black holes

Synopsis

ഗാലക്സികളുടെ കേന്ദ്രത്തിലെ അതിശക്തമായ ബ്ലാക്ക് ഹോളുകൾക്ക് ചുറ്റുമുള്ള സജീവ മേഖലകളിൽ ഭീമൻ ഗ്രഹങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ഗ്രഹ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ മാറ്റിമറിച്ചേക്കാവുന്ന ഈ കണ്ടെത്തൽ, ഇത്തരം ഗ്രഹങ്ങളെ ഗുരുത്വാകർഷണ ലെൻസിങ് വഴി കണ്ടെത്താനാകുമെന്നും പ്രതീക്ഷ നൽകുന്നു.

പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യരുടെ അറിവിന് പുതിയ ദിശ തുറക്കുന്ന കണ്ടെത്തലുമായി ഗവേഷകർ. ഗാലക്സികളുടെ കേന്ദ്രഭാഗത്തുള്ള അതിശക്തമായ ബ്ലാക്ക് ഹോളുകൾക്ക് ചുറ്റുമുള്ള സജീവ മേഖലകളിൽ ഭീമൻ ഗ്രഹങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട് എന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ഈ കണ്ടെത്തൽ ഗ്രഹ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ തന്നെ മാറ്റിമറിച്ചേക്കും എന്നാണ് വിലയിരുത്തൽ.

ഗാലക്സികളുടെ മധ്യഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന അതിശക്തമായ ബ്ലാക്ക് ഹോളുകളെ ചുറ്റിപ്പറ്റിയുള്ള പ്രകാശമാനവും അതിതീവ്രവുമായ പ്രദേശങ്ങളെയാണ് ആക്റ്റീവ് ഗാലാക്റ്റിക് ന്യൂക്ലിയസ് (AGN) എന്ന് വിളിക്കുന്നത്. ഗ്യാസ്, പൊടി കണങ്ങൾ എന്നിവ ബ്ലാക്ക് ഹോളിനെ ചുറ്റി വൻ ഡിസ്‍ക് രൂപത്തിൽ സഞ്ചരിക്കുമ്പോൾ അവയിൽ ഉണ്ടാകുന്ന ഘർഷണമാണ് വലിയ തോതിലുള്ള പ്രകാശവും ഊർജവും സൃഷ്‍ടിക്കുന്നത്. ചില ആക്റ്റീവ് ഗാലാക്റ്റിക് ന്യൂക്ലിയസുകൾ സ്വന്തം ഗാലക്സിയിലെ എല്ലാ നക്ഷത്രങ്ങളുടെയും സംയുക്ത പ്രകാശത്തേക്കാൾ കൂടുതൽ തിളക്കമുള്ളവ ആണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഇത്തരം മേഖലകളിൽ ഗ്രഹങ്ങൾ രൂപപ്പെടുക അസാധ്യമാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. കാരണം ഗ്യാസ്, പൊടി എന്നിവയുടെ അതിതീവ്രമായ ചലനവും ഉയർന്ന താപനിലയും ഗ്രഹ രൂപീകരണത്തിന് അനുകൂലമല്ല. എന്നാൽ പുതിയ ഗവേഷണം ആക്റ്റീവ് ഗാലാക്റ്റിക് ന്യൂക്ലിയസ് ഡിസ്‍കുകളുടെ പുറംഭാഗങ്ങളിൽ ഗ്രഹങ്ങൾ രൂപപ്പെടാൻ അനുയോജ്യമായ സാഹചര്യങ്ങൾ നിലനിൽക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ്.

അമേരിക്കയിലെ കൊളറാഡോ ബോൾഡർ സർവകലാശാലയിലെ ഗവേഷകനായ ഭൂപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനമനുസരിച്ച്, വ്യാഴം ഗ്രഹത്തേക്കാൾ വലിപ്പവും ഭാരവുമുള്ള ഭീമൻ ഗ്രഹങ്ങൾ ആക്റ്റീവ് ഗാലാക്റ്റിക് ന്യൂക്ലിയസുകൾക്ക് ചുറ്റും രൂപപ്പെടാൻ സാധ്യതയുണ്ട്. പൊടിയും വാതകവും ചേർന്ന ഈ ഗ്രഹങ്ങൾ ഉരുകിയ ലാവയുടെ പന്തുകളെപ്പോലെ കാണപ്പെടുമെന്നും ഗവേഷകർ വിലയിരുത്തുന്നു.

ഇത്തരം ഗ്രഹങ്ങളെ നേരിട്ട് കണ്ടെത്തുക എളുപ്പമല്ല. എന്നാൽ ഗുരുത്വാകർഷണ ലെൻസിങ് എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെ ആക്റ്റീവ് ഗാലാക്റ്റിക് ന്യൂക്ലിയസുകളുടെ പുറംഭാഗങ്ങളിൽ രൂപപ്പെടുന്ന ഗ്രഹക്കൂട്ടങ്ങളെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ് എങ്കിലും ഭാവിയിൽ ഇത്തരം ഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഗവേഷകർ പങ്കുവയ്ക്കുന്നത്. പ്രപഞ്ചത്തിൽ ഗ്രഹങ്ങൾ രൂപപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ഈ കണ്ടെത്തൽ പുതിയ വഴിത്തിരിവാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

PREV
Read more Articles on
click me!

Recommended Stories

കൊടും ചൂടിൽ 'റോസ്റ്റാ'കുമോ ഈ ഗ്രഹം? ആ കാഴ്ച കണ്ട് അമ്പരന്ന് ശാസ്‍ത്രലോകം
ഇന്ത്യയെ നിരന്തരം നിരീക്ഷിച്ച് ബഹിരാകാശത്ത് പാകിസ്ഥാൻ്റെ ആറ് ഉപഗ്രഹങ്ങൾ; നാവിക് സംവിധാനത്തിലെ പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമവുമായി ഐഎസ്ആർഒ