
രാത്രിയാകാശത്ത് പച്ചനിറത്തിൽ തിളങ്ങി സഞ്ചരിച്ച വാൽനക്ഷത്രത്തിന്റെ അതിമനോഹര ദൃശ്യം ക്യാമറയിൽ പകർത്തി ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫർമാർ. നമീബിയയിലെ ഫാം ടിവോളിയിൽ നിന്ന് ജെറാൾഡ് റീമാനും മൈക്കൽ ജേഗറും ചേർന്ന് പകർത്തിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓഗസ്റ്റ് 8-നാണ് ചിത്രം പകർത്തിയത്.
ചിത്രത്തിലുള്ളത് 220പി മക്നോട്ട് എന്ന വാൽനക്ഷത്രമാണ്. ഓസ്ട്രേലിയൻ ജ്യോതിശാസ്ത്രജ്ഞനായ റോബർട്ട് എച്ച്. മക്നോട്ട് കണ്ടെത്തിയ ഈ വാൽനക്ഷത്രം ഏകദേശം 5.5 വർഷം കൂടുമ്പോഴാണ് സൂര്യനെ ചുറ്റി ഒരു ഭ്രമണം പൂർത്തിയാക്കുന്നത്. കഴിഞ്ഞ ജൂണിൽ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനമായ പെരിഹീലിയനിലെത്തി. ഇതിന് പിന്നാലെ വാൽനക്ഷത്രത്തിൽ ശക്തമായ പ്രകാശവിസ്ഫോടനം ഉണ്ടായി. ഇതോടെ സാധാരണ നിലയേക്കാൾ ഏകദേശം 8,000 മടങ്ങ് വരെ പ്രകാശം വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഓഗസ്റ്റിലും വാൽനക്ഷത്രത്തിൽ ശക്തമായ പ്രകാശവർധനയുണ്ടായി. സാധാരണ നിലയേക്കാൾ ഏകദേശം 600 മടങ്ങ് വരെ തെളിച്ചം വർധിച്ചതോടെയാണ് ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫർമാർക്ക് ഇതിന്റെ അപൂർവ ദൃശ്യം പകർത്താൻ സാധിച്ചത്. വാൽനക്ഷത്രം പച്ചനിറത്തിൽ തിളങ്ങുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. വാൽനക്ഷത്രത്തിന് ചുറ്റുമുള്ള വാതകങ്ങളിലും പൊടിപടലങ്ങളിലും സൂര്യപ്രകാശം ചെലുത്തുന്ന സ്വാധീനമാണ് ഈ നിറത്തിന് പിന്നിൽ.
12 ഇഞ്ച് വലുപ്പമുള്ള ആസ്ട്രോഗ്രാഫ് ദൂരദർശിനിയും ഇസഡ്ഡബ്ല്യുഒ എഎസ്ഐ 6200 എംഎം പ്രോ ക്യാമറയും ഉപയോഗിച്ചാണ് ചിത്രം പകർത്തിയത്. ദീർഘനേരം നടത്തിയ വിവിധ വർണങ്ങളിലുള്ള പ്രകാശ നിരീക്ഷണങ്ങൾ സംയോജിപ്പിച്ചാണ് വാൽനക്ഷത്രത്തിന്റെ സൂക്ഷ്മമായ ഘടനകൾ പോലും വ്യക്തമായി കാണുന്ന ചിത്രം തയ്യാറാക്കിയത്.
രാത്രിയാകാശത്ത് ഒരു വാൽനക്ഷത്രത്തെ നേരിട്ട് കാണുന്നത് തന്നെ അപൂർവമാണ്. പല വാൽനക്ഷത്രങ്ങളും വളരെ മങ്ങിയതായതിനാൽ നഗ്നനേത്രങ്ങൾക്ക് കാണാൻ സാധിക്കാറില്ല. ദൂരദർശിനിയുടെ സഹായത്തോടെ പോലും ഇവയെ കണ്ടെത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ 220പി മക്നോട്ടിന്റെ തിളക്കവും പച്ചനിറത്തിലുള്ള വാതകപടലങ്ങളും നീണ്ട വാലും വ്യക്തമായി പതിഞ്ഞ ഈ ചിത്രം ജ്യോതിശാസ്ത്ര പ്രേമികൾക്ക് ഏറെ കൗതുകം നൽകുന്നതാണ്.
വാൽനക്ഷത്രങ്ങൾ സൂര്യനെ ചുറ്റുമ്പോൾ അവയുടെ പിന്നിൽ പൊടിയും ചെറുകണങ്ങളും അവശേഷിക്കാറുണ്ട്. ഭൂമി ഇത്തരം കണങ്ങളുടെ പാതയിലൂടെ കടന്നുപോകുമ്പോൾ അവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുകയും ചൂടുപിടിച്ച് പ്രകാശിക്കുകയും ചെയ്യും. രാത്രിയാകാശത്ത് നാം കാണുന്ന ‘കൊള്ളിമീനുകൾ’ അഥവാ ഉൽക്കകളാണ് ഇവ.
ഇതിനിടെ വർഷംതോറും ആകാശത്ത് ദൃശ്യമാകുന്ന പെർസീഡ്‍സ് ഉൽക്കാവർഷവും സജീവമാണ്. സ്വിഫ്റ്റ്–ടട്ടിൽ എന്ന വാൽനക്ഷത്രം അവശേഷിപ്പിച്ച പൊടിപടലങ്ങളിലൂടെയാണ് ഭൂമി കടന്നുപോകുന്നത്. പ്രകാശം കുറഞ്ഞ ഇരുണ്ട ആകാശത്തിന് കീഴിൽ മണിക്കൂറിൽ നിരവധി ഉൽക്കകളെ കാണാൻ സാധിക്കും. അനുകൂലമായ സാഹചര്യങ്ങളിൽ മണിക്കൂറിൽ 100ഓളം ‘കൊള്ളിമീനുകൾ’ വരെ കാണാൻ സാധിക്കും എന്നാണ് ജ്യോതിശാസ്ത്ര നിരീക്ഷകർ പറയുന്നത്.