
പ്രപഞ്ചത്തിന്റെ അതിതീവ്ര ഊർജസ്വല മേഖലകളെക്കുറിച്ചുള്ള പഠനത്തിൽ നിർണായക മുന്നേറ്റവുമായി ശാസ്ത്രജ്ഞർ. ജർമൻ നേതൃത്വത്തിലുള്ള ഇറോസിറ്റ എക്സ്-റേ ടെലിസ്കോപ്പ് പുറത്തുവിട്ട രണ്ടാമത്തെ പ്രധാന പൊതുഡാറ്റാ റിലീസിൽ ഏകദേശം 20 ലക്ഷം എക്സ്-റേ സ്രോതസുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. അതിഭീമൻ തമോദ്വാരങ്ങൾ, ഗാലക്സി ക്ലസ്റ്ററുകൾ, നക്ഷത്രങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള അത്യപൂർവ ആകാശ പ്രതിഭാസങ്ങളുടെ വിവരങ്ങളാണ് പുതിയ ഡാറ്റാസെറ്റിലുള്ളത്.
ഡിആർ2 എന്ന് വിളിക്കുന്ന ഈ വിപുലമായ ഡാറ്റാസെറ്റ് തമോദ്വാരങ്ങൾ എങ്ങനെ വളരുന്നു, ഗാലക്സികൾ എങ്ങനെ പരിണമിക്കുന്നു, പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഘടനകൾ എങ്ങനെ രൂപപ്പെട്ടു തുടങ്ങിയ നിർണായക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ജ്യോതിശാസ്ത്രജ്ഞരെ സഹായിക്കും. ഇറോസിറ്റ ഉപകരണത്തിന്റെ ഗ്രൗണ്ട് സെഗ്മെന്റ് മാനേജറും ഡിആർ2 പ്രസിദ്ധീകരണത്തിന്റെ പ്രധാന രചയിതാവുമായ മിറിയം ഇ. റാമോസ്-സെജയുടെ അഭിപ്രായത്തിൽ, ഇതുവരെ ലഭിച്ച എക്സ്-റേ ആകാശത്തിന്റെ ഏറ്റവും മികച്ച ശേഖരമാണ് ഡിആർ2. പ്രപഞ്ചത്തിലെ വിവിധ ആകാശവസ്‍തുക്കളെ വലിയ തോതിൽ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ പഠിക്കാൻ ഈ ഡാറ്റ വഴിയൊരുക്കുമെന്നും അവർ പറഞ്ഞു.
ഇറോസിറ്റ നടത്തിയ ആദ്യ മൂന്ന് സമ്പൂർണ ആകാശ സർവേകളിൽ 556 ദിവസങ്ങളിലായി ശേഖരിച്ച നിരീക്ഷണങ്ങളാണ് പുതിയ ഡാറ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെയുള്ള സർവേകൾക്ക് കണ്ടെത്താൻ കഴിയാതിരുന്ന വളരെ മങ്ങിയ എക്സ്-റേ സ്രോതസുകളെപ്പോലും തിരിച്ചറിയാൻ ഇതിലൂടെ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ഏകദേശം 20 ലക്ഷം സ്രോതസ്സുകളിൽ 19 ലക്ഷത്തിലധികവും പോയിന്റ് സ്രോതസുകളാണ്. ദൂരെയുള്ള ഗാലക്സികളുടെ കേന്ദ്രഭാഗത്ത് സജീവമായി ദ്രവ്യം വിഴുങ്ങുന്ന അതിഭീമൻ തമോദ്വാരങ്ങളും ക്ഷീരപഥത്തിലെ നക്ഷത്രങ്ങളുമാണ് ഇവയിൽ ഭൂരിഭാഗവും.
വ്യാപിച്ചുകിടക്കുന്ന ആകാശവസ്‍തുക്കളാണ് ഏകദേശം 64,000 സ്രോതസുകൾ. വലിയ ഗാലക്സി ക്ലസ്റ്ററുകൾ, സമീപ ഗാലക്സികൾ, പൊട്ടിത്തെറിച്ച നക്ഷത്രങ്ങളുടെ പ്രകാശിക്കുന്ന അവശിഷ്‍ടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഘടനകളുടെ വിതരണത്തെ മനസിലാക്കാൻ ഗാലക്സി ക്ലസ്റ്ററുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഡാർക്ക് മാറ്ററും ഡാർക്ക് എനർജിയും പ്രപഞ്ചത്തിന്റെ പരിണാമത്തിൽ ചെലുത്തുന്ന സ്വാധീനം പഠിക്കാനും ഇവ സഹായിക്കും.
ദൃശ്യപ്രകാശത്തിൽ നിന്ന് വ്യത്യസ്‍തമായി എക്സ്-റേ നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ഊർജപ്രവർത്തനങ്ങൾ കണ്ടെത്താൻ കഴിയും. തമോദ്വാരത്തിലേക്ക് ചുറ്റിപ്പാഞ്ഞ് വീഴുന്ന ദ്രവ്യം ഇവന്റ് ഹൊറൈസൺ കടക്കുന്നതിന് മുമ്പ് ദശലക്ഷക്കണക്കിന് ഡിഗ്രി വരെ ചൂടാകാം. ന്യൂട്രോൺ നക്ഷത്രങ്ങൾ, സൂപ്പർനോവ അവശിഷ്‍ടങ്ങൾ, ഗാലക്സി ക്ലസ്റ്ററുകളിൽ നിറഞ്ഞുകിടക്കുന്ന അത്യുച്ച താപനിലയിലുള്ള വാതക ശേഖരങ്ങൾ എന്നിവയും ശക്തമായ എക്സ്-റേ വികിരണം പുറപ്പെടുവിക്കുന്നു.
പുതിയ കാറ്റലോഗിൽ നിരവധി എക്സ്-റേ സ്രോതസ്സുകളുടെ ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഓരോ സ്രോതസും സമീപ നക്ഷത്രമാണോ, ദൂരെയുള്ള ഗാലക്സിയാണോ, സജീവമായ അതിഭീമൻ തമോദ്വാരമാണോ തുടങ്ങിയ കാര്യങ്ങൾ തിരിച്ചറിയാൻ കഴിയും. ഇത്തരത്തിൽ തിരിച്ചറിയൽ പൂർത്തിയായ സ്രോതസ്സുകളിൽ ഏകദേശം 88 ശതമാനവും സജീവമായി ദ്രവ്യം വിഴുങ്ങുന്ന അതിഭീമൻ തമോദ്വാരങ്ങളുള്ള ദൂരെയുള്ള ഗാലക്സികളാണെന്നാണ് കണ്ടെത്തൽ.
എക്സ്-റേ സ്രോതസ്സുകളെ മറ്റ് തരംഗദൈർഘ്യങ്ങളിലെ വിവരങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ ഈ ആകാശവസ്തുക്കളുടെ സ്വഭാവവും പ്രപഞ്ചത്തിലെ അവയുടെ സ്ഥാനവും കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇറോസിറ്റ 2022ന്റെ തുടക്കത്തിൽ ശാസ്ത്രീയ നിരീക്ഷണങ്ങൾ നിർത്തിയെങ്കിലും അതിന് മുമ്പ് നടത്തിയ മതിയായ ആകാശ സർവേകൾ ഭാവിയിലെ ഡാറ്റാ റിലീസുകൾക്ക് സഹായകമാകും. അടുത്ത ഡാറ്റാ റിലീസായ ഡിആർ3 2028ൽ പുറത്തിറക്കാനാണ് ഗവേഷകരുടെ പദ്ധതി.