മഹായാത്രകളുടെ അരികത്ത് സ്റ്റാര്‍ഷിപ്പ്; ചരിത്രമെഴുതി 11-ാം പരീക്ഷണം, ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിലിറങ്ങി

Published : Oct 14, 2025, 10:37 AM IST
starship 11th test flight

Synopsis

സ്‌പേസ് എക്‌സിന്‍റെ പതിനൊന്നാം പരീക്ഷണം വിജയം. സ്റ്റാര്‍ഷിപ്പിന്‍റെ മുകള്‍ഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തിലിറങ്ങി. സ്റ്റാര്‍ലിങ്ക് ഡമ്മി സാറ്റ്‌ലൈറ്റുകള്‍ വിജയകരമായി വിക്ഷേപിച്ചു. ബൂസ്റ്റര്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ക്രാഷ് ഡൗണ്‍ ചെയ്‌തു. 

ടെക്‌സസ്: സ്‌പേസ് എക്‌സിന്‍റെ സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ പതിനൊന്നാം പരീക്ഷണം ഏറെക്കുറെ വിജയം. ‘വേര്‍ഷന്‍ 2’ എന്ന പേരിട്ട് സ്‌പേസ് എക്‌സ് വിളിക്കുന്ന പ്രോട്ടോ‌ടൈപ്പിന്‍റെ പരീക്ഷണമാണ് തുടര്‍ച്ചയായ രണ്ടാം വിജയം കണ്ടത്. പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് സ്റ്റാര്‍ഷിപ്പ് അടുക്കുന്ന തരത്തിലായിരുന്നു ഇന്നത്തെ പരീക്ഷണ വിജയം. ടെക്‌സസിലെ ബൊക്ക ചിക്കയിലുള്ള സ്പേസ് എക്‌സിന്‍റെ സ്വന്തം സ്റ്റാര്‍ബേസില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ കുതിച്ചുയര്‍ന്ന റോക്കറ്റിന്‍റെ ബൂസ്റ്റര്‍ ഭാഗവും സ്റ്റാര്‍ഷിപ്പ് എന്ന മുകള്‍ ഭാഗവും വിജയകരമായി ആദ്യം വേര്‍പെട്ടു. ഹോട്ട് സ്റ്റേജിംഗ് എന്നാണ് സ്പേസ് എക്‌സ് ഈ വേര്‍പിരിയലിനെ വിളിക്കുന്നത്. ഇതിന് ശേഷം ഭീമാകാരന്‍ ബൂസ്റ്റര്‍ ഭാഗം ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ നിയന്ത്രിത സ്‌പ്ലാഷ്‌ഡൗണിന് പകരം ക്രാഷ്‌ഡൗണ്‍ ചെയ്‌തു. അതേസമയം മുകള്‍ ഭാഗമായ സ്റ്റാര്‍ഷിപ്പ് എട്ട് സ്റ്റാര്‍ലിങ്ക് ഡമ്മി സാറ്റ്‌ലൈറ്റുകള്‍ വിജയകരമായി വിക്ഷേപിച്ചു. ഇതിന് ശേഷം സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിലിറങ്ങി.

പത്താം പരീക്ഷണ വിജയത്തിന് പിന്നാലെ മറ്റൊരു നേട്ടം

 

2025-ലെ അഞ്ചാമത്തെ സ്റ്റാര്‍ഷിപ്പ് പരീക്ഷണമാണ് ഇന്ന് നടന്നത്. സ്റ്റാര്‍ഷിപ്പിന്‍റെ ബൂസ്റ്റര്‍ ഭാഗം ക്രാഷ്‌ഡൗണ്‍ ചെയ്‌തത് മാറ്റിനിര്‍ത്തിയാല്‍ വന്‍ വിജയമാണ് ഇന്നത്തെ സ്റ്റാര്‍ഷിപ്പ് 11-ാം പരീക്ഷണം. കഴിഞ്ഞ പത്താം പരീക്ഷണത്തിലും ഡമ്മി സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കാനും അതിന് ശേഷം സ്റ്റാര്‍ഷിപ്പ് ഭാഗം വിജയകരമായി ഇന്ത്യന്‍ മഹാസമുദ്രത്തിലിറക്കാനും ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സിനായിരുന്നു. ഹാട്രിക് തിരിച്ചടികള്‍ക്ക് ശേഷം സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ 10-ാം പരീക്ഷണം ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നാണ് വിജയമാക്കിയത്.

 

 

എന്താണ് സ്റ്റാര്‍ഷിപ്പ്? 

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭാവിയില്‍ മനുഷ്യരെ അയക്കാന്‍ ലക്ഷ്യമിട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി തയ്യാറാക്കുന്ന, മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും ഭാരമേറിയതും കരുത്തേറിയതുമായ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആകെ ഉയരം. താഴെ സൂപ്പർ ഹെവി ബൂസ്റ്റര്‍, മുകളില്‍ സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങളാണ് ഈ ഭീമാകാരന്‍ റോക്കറ്റിനുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്‍റെ കരുത്ത്. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ സ്റ്റാര്‍ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. ഈ ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് ഭാഗങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്പേസ് എക്‌സ് രൂപകല്‍പന ചെയ്യുന്നത്. മുമ്പ് ഹെവി ബൂസ്റ്റര്‍ ഭാഗത്തെ വായുവില്‍ വച്ച് യന്ത്രക്കൈയില്‍ പിടികൂടി സ്പേസ് എക്‌സ് ഞെട്ടിച്ചിരുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും