
ദില്ലി: ബഹിരാകാശ രംഗത്ത് റഷ്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ. റഷ്യയിൽ നിന്ന് ഇന്ത്യ സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും. ആർഡി-191 എഞ്ചിനുകൾ ആകും ഇന്ത്യ വാങ്ങുക. എല്‍വിഎം 3 റോക്കറ്റ് പതിപ്പില്‍ ആർഡി-191 എഞ്ചിനുകൾ ഇന്ത്യ ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ട്. മണ്ണെണ്ണയും ലിക്വിഡ് ഓക്‌സിജനും ഉപയോഗിക്കുന്ന എഞ്ചിനുകളാണ് സെമി ക്രയോജനിക് എഞ്ചിന്‍. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഇന്ത്യ-റഷ്യ ബഹിരാകാശ സഹകരണത്തില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടായേക്കും എന്നാണ് പ്രതീക്ഷ.
നിർണായക ചർച്ചകൾക്കായി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നാളെ ദില്ലി ഹൈദരാബാദ് ഹൗസിൽ നടക്കും. വ്യാപാര, പ്രതിരോധ മേഖലകളിലെ കൂടുതൽ ഇന്ത്യ-റഷ്യ സഹകരണം കൂടിക്കാഴ്‌ചയില്‍ ചർച്ചയാകും.റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് വീണ്ടും യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടതിന് ഇടയില്‍ക്കൂടിയാണ് സുപ്രധാനമായ മോദി-പുടിന്‍ ചര്‍ച്ചകള്‍ നടക്കുക. യുദ്ധം അവസാനിപ്പിക്കാൻ പുടിനോട് ഇന്ത്യ പറയണമെന്ന് പല യൂറോപ്യൻ രാജ്യങ്ങളും നിലപാട് അറിയിച്ചിട്ടുണ്ട്.