
ഫ്ലോറിഡ: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നടത്തുന്ന പഠനത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ബഹിരാകാശത്ത് പേശികളുടെ നഷ്ടം ചെറുക്കുന്നതിനെക്കുറിച്ചും പേശി പുനരുജ്ജീവനത്തെയും കുറിച്ചുള്ള പരീക്ഷണങ്ങൾ. ഭൂമിയിലെ പേശി രോഗങ്ങൾക്കും വാർദ്ധക്യത്തിനുമുള്ള ചികിത്സകളെ ഈ പഠനങ്ങൾ ഉത്തേജിപ്പിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യൻ ശാസ്ത്രത്തിന് ഒരു പ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തുന്നു.
ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയും നാസയും ബയോസെർവ് സ്‌പേസ് ടെക്‌നോളജീസും ചേർന്ന് ഐഎസ്‌എസിൽ പേശി പുനരുജ്ജീവന പഠനത്തിന് നേതൃത്വം നൽകും. മൈക്രോഗ്രാവിറ്റിയില്‍ പേശികളുടെ നഷ്ടം മനസ്സിലാക്കുകയും, ബഹിരാകാശ യാത്രികർക്ക് മികച്ച പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഈ പഠനത്തിന്‍റെ ലക്ഷ്യം.
ബഹിരാകാശത്ത് പേശികളുടെ നഷ്ടത്തെക്കുറിച്ച് പഠിക്കുന്നത് എന്തുകൊണ്ട്?
ദീർഘദൂര ബഹിരാകാശ ദൗത്യങ്ങളിൽ ബഹിരാകാശ യാത്രികർക്ക് പേശികളുടെ 20 ശതമാനം വരെ ആരോഗ്യം നഷ്ടപ്പെടാം. മൈക്രോഗ്രാവിറ്റി പേശികളുടെ ക്ഷയത്തിന് കാരണമാകുന്നു. ഇത് സഞ്ചാരികള്‍ക്ക് ബഹിരാകാശത്തെ താമസം ബുദ്ധിമുട്ടുള്ളതാക്കി മാറ്റുന്നു. മാത്രമല്ല, ബഹിരാകാശത്തെ ദീര്‍ഘകാല താമസം കഴിഞ്ഞ് ഭൂമിയിലേക്ക് മടങ്ങുമ്പോൾ പരിക്കേൽക്കാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.
പരീക്ഷണം എങ്ങനെ?
മൈക്രോഗ്രാവിറ്റിയിൽ വളരുന്ന പേശി കോശങ്ങളിൽ മെറ്റബോളിക് സപ്ലിമെന്‍റുകളുടെ സ്വാധീനം ഈ പരീക്ഷണം പരിശോധിക്കുന്നു. ബഹിരാകാശ സാഹചര്യങ്ങളിൽ പേശി കോശങ്ങൾ പുനരുജ്ജീവിപ്പിക്കാനും ആരോഗ്യത്തോടെ നിലനിര്‍ത്താനും ഈ സപ്ലിമെന്‍റുകൾക്ക് കഴിയുമോ എന്ന് ഗവേഷകർ പരിശോധിക്കും.
എന്തൊക്കെയാണ് മെറ്റബോളിക് സപ്ലിമെന്‍റുകൾ?
കോശ ഊർജ്ജത്തെയും കോശം നന്നാക്കലിനെയും പിന്തുണയ്ക്കുന്ന പോഷകങ്ങളോ സംയുക്തങ്ങളോ ആണ് മെറ്റബോളിക് സപ്ലിമെന്‍റുകൾ. ബഹിരാകാശത്ത് പേശികളുടെ നഷ്ടം തടയാനോ കുറയ്ക്കാനോ കഴിയുമോ എന്ന് പരിശോധിക്കാൻ അവ പേശി കോശ കൾച്ചറുകളിൽ ഈ പഠനത്തിൽ ചേർക്കുന്നു.
ഗവേഷണത്തിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നത്?
ഐഎസ്ആർഒ, നാസ, ബയോ സെർവ് സ്‍പേസ് ടെക്നോളജീസ്, ഇൻസ്റ്റെം പോലുള്ള ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പഠനം.
ഭൂമിക്കും പ്രയോജനങ്ങൾ
ബഹിരാകാശത്തെ പേശികളുടെ നഷ്ടം മനസ്സിലാക്കുന്നത് ഭൂമിയിലെ പേശി രോഗങ്ങളുടെയും വാർദ്ധക്യവുമായി ബന്ധപ്പെട്ട പേശികളുടെ ബലക്ഷയത്തിന് ഉൾപ്പെടെയുള്ള ചികിത്സിക്കള്‍ക്കും സഹായിക്കും. പേശിക്ഷയം അനുഭവിക്കുന്ന രോഗികൾക്കും നീണ്ടകാലം രോഗക്കിടക്കയിൽ കഴിയുന്നവർക്കുമുള്ള ചികിത്സകൾ ഈ കണ്ടെത്തലുകൾ മെച്ചപ്പെടുത്തും.
ഇന്ത്യൻ ശാസ്ത്രത്തിന് നിർണായക ഒരു ചുവട്
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തില്‍ ഒരു നാഴികക്കല്ലാണ് ഈ പരീക്ഷണം. അന്താരാഷ്ട്ര പങ്കാളിത്തങ്ങൾക്ക് ബഹിരാകാശത്തെ ആരോഗ്യ വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നും ഭൂമിയിലെ ആളുകൾക്ക് പുതിയ വൈദ്യശാസ്ത്ര പരിജ്ഞാനം എങ്ങനെ നൽകാമെന്നും ഈ പഠനം ലോകത്തിന് വഴിതെളിയിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം