അഥീന ഇന്ന് ചന്ദ്രനില്‍ കാലുകുത്തും, അതും ദക്ഷിണധ്രുവത്തിന് തൊട്ടടുത്ത്; ലാന്‍ഡിംഗ് തത്സമയം കാണാം

Published : Mar 06, 2025, 10:54 AM ISTUpdated : Mar 06, 2025, 11:46 AM IST
അഥീന ഇന്ന് ചന്ദ്രനില്‍ കാലുകുത്തും, അതും ദക്ഷിണധ്രുവത്തിന് തൊട്ടടുത്ത്; ലാന്‍ഡിംഗ് തത്സമയം കാണാം

Synopsis

ഇന്ത്യൻ സമയം രാത്രി 11:02നാണ് ചന്ദ്രനില്‍ അഥീനയുടെ ലാൻഡിംഗ് ശ്രമം നടക്കുക, ചരിത്ര ലാന്‍ഡിംഗ് തത്സമയം കാണാനാകും  

കാലിഫോര്‍ണിയ: അമേരിക്കൻ സ്വകാര്യ കമ്പനി ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ ചാന്ദ്ര ലാൻഡർ അഥീന ഇന്ന് ചന്ദ്രനിൽ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 11:02നാണ് ലാൻഡിംഗ് ശ്രമം നടക്കുക. ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ തന്നെ ഒഡീസിയസ് ആണ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ. ഇറക്കത്തിനിടെ ലാൻഡറിന്റെ കാലൊടിഞ്ഞുപോയതോടെ ഒഡീസിയസ് മറിഞ്ഞു വീണിരുന്നു. തുടർന്നും ലാൻഡർ പ്രവ‌ർത്തിച്ചുവെങ്കിലും മറിഞ്ഞു വീണ ദൗത്യത്തെ സമ്പൂർണ വിജയമായി കണക്കാക്കിയിട്ടില്ല. ഇത്തവണ ആ അബദ്ധം ആവർത്തിക്കാതിരിക്കാനാണ് ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ ശ്രമം.

മാർച്ച് രണ്ടാം തീയതി മറ്റൊരു സ്വകാര്യ അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയിരുന്നു. കേവലം നാല് ദിവസത്തെ ഇടവേളയിൽ രണ്ടാമതൊരു പേടകം കൂടി ചന്ദ്രനിൽ ഇറങ്ങുന്നതിൽ വിജയിച്ചാൽ അത് ചരിത്ര നേട്ടമാകും. സ്വകാര്യ ലാൻഡറുകളെ കരാറടിസ്ഥാനത്തിൽ ശാസ്ത്ര പരീക്ഷണങ്ങളുമായി ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സിഎൽപിഎസ് പദ്ധതിയുടെ ഭാഗമാണ് അഥീനയും ബ്ലൂ ഗോസ്റ്റുമെല്ലാം. 

ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഇന്‍റ്യൂറ്റീവ് മെഷീന്‍സിന്‍റെ അഥീന ലാന്‍ഡര്‍ നാസ ചന്ദ്രനിലേക്ക് അയച്ചത്. ഇതിനൊപ്പം നാസയുടെ ലൂണാര്‍ ട്രെയില്‍ബ്ലേസറും ചന്ദ്രനിലേക്ക് യാത്രയായി. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ മാതൃഗ്രഹമായ ഭൂമിയുടെ അതിമനോഹരമായ സെല്‍ഫി ദൃശ്യങ്ങളും ചന്ദ്രോപരിതലത്തിന്‍റെ വീഡിയോയും അഥീന മൂണ്‍ ലാന്‍ഡര്‍ പകര്‍ത്തിയിരുന്നു. ഇന്ന് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 160 കി.മീ ദൂരത്താണ് അഥീന പേടകം ഇറങ്ങുക. ലാന്‍ഡിംഗ് വിജയകരമെങ്കില്‍ ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത് ഇറങ്ങുന്ന ചാന്ദ്ര പേടകമായിരിക്കും ഇത്. 

അഥീനയില്‍ നാസയുടെ 10 ശാസ്ത്രീയ ഉപകരണങ്ങളുണ്ട്. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം തിരിച്ചറിയുകയാണ് അഥീനയുടെ പ്രധാന ജോലി. തണുത്തുറഞ്ഞ ജലം മറഞ്ഞിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ഗര്‍ത്തങ്ങള്‍ക്ക് സമീപമായിരിക്കും ആകാംക്ഷകള്‍ നിറച്ച് അഥീനയുടെ സോഫ്റ്റ് ലാന്‍ഡിംഗ്. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം തിരിച്ചറിയാനുള്ള ​ഗവേഷണങ്ങള്‍ അഥീന ലാന്‍ഡറും പേലോഡിലെ മറ്റുപകരണങ്ങളും നടത്തും. ചന്ദ്രോപരിതലം തുരന്ന് ജലസാന്നിധ്യം അഥീനയിലെ പ്രൈം-1 എന്ന ഉപകരണം പരിശോധിക്കും. ചന്ദ്രോപരിതലത്തില്‍ നിന്ന് മൂന്നടി താഴേക്ക് കുഴിക്കാനും സാംപിള്‍ ശേഖരിക്കാനും ഈ ഉപകരണത്തിനാകും. ആകെ മൂന്ന് ലാന്‍ഡറുകളും ഒരു ഹോപ്പറും അഥീനയിലുണ്ട്. 

നാസ+ വഴിയും ഇന്‍റ്യൂറ്റീവ് മെഷീന്‍സിന്‍റെ ഐഎം-2 മിഷന്‍ പേജിലൂടെയും അഥീനയുടെ ലാന്‍ഡിംഗ് തത്സമയം കാണാം. 

Read more: ഒരില കൊഴിയുന്ന ലാഘവത്തോടെയുള്ള സോഫ്റ്റ് ലാന്‍ഡിംഗ്; ബ്ലൂ ഗോസ്റ്റ് ചന്ദ്രനില്‍ ഇറങ്ങുന്ന വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ