ശ്വാസം നിലച്ചുപോകുന്ന നിമിഷങ്ങള്‍, പിന്നാലെ ആശ്വാസത്തിന്‍റെ ദീര്‍ഘനിശ്വാസം! ഫയര്‍ഫ്ലൈ എയ്റോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ ചന്ദ്രനില്‍ വിജയകരമായി ഇറങ്ങുന്ന ദൃശ്യങ്ങള്‍

ടെക്സസ്: ചന്ദ്രനെയും ഭൂമിയില്‍ നിന്നയച്ച ബ്ലൂ ഗോസ്റ്റ് ലാന്‍ഡറിന്‍റെ കൃത്രിമ കാലുകളെയും നോവിക്കാതെയുള്ള സോഫ്റ്റ് ലാന്‍ഡിംഗ്. ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ മാത്രം സ്വകാര്യ ലാന്‍ഡറായ ബ്ലൂ ഗോസ്റ്റിന്‍റെ അതിശയിപ്പിക്കുന്ന ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ ഫയര്‍ഫ്ലൈ എയ്റോസ്പേസ് പുറത്തുവിട്ടു. ലാന്‍ഡറിലെ വിവിധ ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഈ വീഡിയോയില്‍ കാണാം. 

2025 മാര്‍ച്ച് രണ്ടിനായിരുന്നു ചരിത്രമെഴുതി ചന്ദ്രനിലെ മേർ ക്രിസിയം ഗർത്തത്തില്‍ ബ്ലൂ ഗോസ്റ്റ് ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാന്‍ഡിംഗ്. ചാന്ദ്ര പര്യവേഷണ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഒരു സ്വകാര്യ ലാന്‍ഡര്‍ ഇറങ്ങുന്നത്. മേർ ക്രിസിയത്തില്‍ ലാന്‍ഡറിന് ഇറങ്ങാന്‍ ഏറ്റവും കൃത്യമായ ഇടം കണ്ടെത്തിയ ശേഷമാണ് പേടകത്തെ ചന്ദ്രോപരിതലത്തിലേക്ക് താഴ്ത്തിയത്. ഇതിന് മുമ്പ് 100 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ചന്ദ്രന്‍റെ ദൃശ്യങ്ങള്‍ ബ്ലൂ ഗോസ്റ്റിലെ ക്യാമറ പകര്‍ത്തിയിരുന്നു. ബ്ലൂ ഗോസ്റ്റിന്‍റെ നിര്‍മാതാക്കളായ ഫയര്‍ഫ്ലൈ എയ്റോസ്പേസ് അധികൃതര്‍ ആകാംക്ഷയോടെ ലാന്‍ഡിംഗിനായി കാത്തിരിക്കുന്നതും വിജയകരമായ ലാന്‍ഡിംഗിന് ശേഷം ആഹ്‌ളാദം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 

Scroll to load tweet…

2025 ജനുവരി 15ന് നാസയുടെ സഹകരണത്തോടെ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സ് അയച്ച ഇരട്ട ചാന്ദ്ര പര്യവേഷണ ആളില്ലാ പേടകങ്ങളിലൊന്നാണ് ബ്ലൂ ഗോസ്റ്റ്. റെസിലീയന്‍സ് എന്നാണ് രണ്ടാമത്തെ പേടകത്തിന്‍റെ പേര്. 45 ദിവസം സമയമെടുത്താണ് ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. സ്വകാര്യ ലാൻഡറുകളെ കരാറടിസ്ഥാനത്തിൽ ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സിഎൽപിഎസ് പദ്ധതിയുടെ ഭാഗമാണ് ബ്ലൂ ഗോസ്റ്റ്. നാസയുടെ പത്ത് പേലോഡുകളും ദൗത്യത്തിന്‍റെ ഭാഗമാണ്. ചന്ദ്രനിലിറങ്ങിയ ശേഷം ആദ്യ സൂര്യോദയം കഴിഞ്ഞ ദിവസം ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ പകര്‍ത്തിയിരുന്നു. 

Read more: ചന്ദ്രനിലെ ആദ്യ സൂര്യോദയം ക്യാമറയിലാക്കി ബ്ലൂ ഗോസ്റ്റ്; അതിശയ ചിത്രം പങ്കുവെച്ച് ഫയര്‍ഫ്ലൈ എയ്റോസ്പേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം