കുതിച്ചുയര്‍ന്ന് ഐഎസ്ആര്‍ഒയുടെ എൽവിഎം 3, സിഎംഎസ് 03 ഉപഗ്രഹം ബഹിരാകാശത്ത്, വിക്ഷേപണം വിജയം

Published : Nov 02, 2025, 05:31 PM ISTUpdated : Nov 02, 2025, 07:15 PM IST
ISRO LVM 03 mission

Synopsis

ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം മൂന്ന് എം 5 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. സിഎംഎസ് 03 ഉപഗ്രഹവുമായി വൈകിട്ട് 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണതറയിൽ നിന്ന് എൽവിഎം മൂന്ന് കുതിച്ചുയര്‍ന്നത്

ശ്രീഹരിക്കോട്ട:ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം മൂന്ന് എം 5 റോക്കറ്റ് വിക്ഷേപണം വിജയം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചു. നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 ഉപഗ്രഹവുമായി വൈകിട്ട് 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണതറയിൽ നിന്ന് എൽവിഎം മൂന്ന് കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് അധികം വൈകാതെ സിഎംഎസ് 03 ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേര്‍പ്പെട്ടു. വിക്ഷേപിച്ച് കൃത്യം പതിനാറാം മിനുട്ടിലാണ് ഉപഗ്രഹം വിജയകരമായി  ബഹിരാകാശത്ത് എത്തിച്ചത്. ഉപഗ്രഹം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഭ്രമണപഥം ഉയർത്തുന്ന ജോലികൾ ഉടൻ തുടങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചു. പരാജയമറിയാതെ ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ റോക്കറ്റായ എൽവിഎം 3 എം 5 ജൈത്രയാത്ര തുടരുകയാണ്.

ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുശേഷം ആദ്യമായാണ് എൽവിഎം 3 ദൗത്യം നടക്കുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ഐഎസ്ആർഒയുടെ എറ്റവും കരുത്തേറിയ റോക്കറ്റിന്‍റെ തിരിച്ചുവരവ് കൂടിയാണ് ഇന്നത്തെ വിക്ഷേപണം.രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചാണ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണം. 

ഉപഗ്രഹത്തിന്റെ ചിത്രങ്ങളടക്കം ഐഎസ്ആ‌ർഒ രഹസ്യമാക്കിയിരിക്കുകയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യങ്ങൾക്ക് ഈ രീതി ഇനി പതിവാകും. ലോഞ്ച് ബ്രോഷറിലും ഉപഗ്രഹ വിവരങ്ങൾ നൽകിയിട്ടില്ല. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് സിഎംഎസ് 03. ഇന്ത്യൻ മണ്ണിൽ നിന്ന് ജിയോസിംക്രണസ് ഓർബിറ്റിലേക്കയക്കുന്ന എറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. ജിസാറ്റ് 7 ആര്‍ എന്ന പേരായിരുന്നു ഉപഗ്രഹത്തിന് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് സിഎംഎസ് 03 എന്നാക്കി മാറ്റുകയായിരുന്നു. 1589 കോടി രൂപയാണ് ഉപഗ്രഹത്തിന്‍റെ ചിലവ്. 2019ലാണ് നാവികസേനയും ഐഎസ്ആർഒയും തമ്മിൽ കരാറൊപ്പിട്ടത്. മലയാളിയായ വിക്ടർ ജോസഫ് ആണ് മിഷൻ ഡയറക്ടർ.

 

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പ് ഏഴ് വിക്ഷേപണങ്ങള്‍
 

സിഎംഎസ് 03യുടെ വിക്ഷേപണ വിജയത്തിന് പിന്നാലെ ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് ഏഴ് വിക്ഷേപണങ്ങൾ നടത്തുമെന്നും ഐഎസ്ആർഒ ചെയർമാൻ വി.നാരായണൻ പ്രഖ്യാപിച്ചു. എൽവിഎം 3യുടെ അടുത്ത വിക്ഷേപണം ഡിസംബർ രണ്ടാം ആഴ്ചയിൽ നടത്തുകയാണ് ലക്ഷ്യം, പിഎസ്എൽവി, എസ്എസ്എൽവി ദൗത്യങ്ങളും പണിപ്പുരയിലാണ്. ഈ വർഷം നടത്തുമെന്ന് പലവട്ടം പ്രഖ്യാപിച്ച ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം സാന്പത്തിക വർഷം തീരും മുന്പ് നടത്തുമെന്നാണ് ഇപ്പോൾ പറയുന്നത്. പൂർണമായും സ്വകാര്യ കന്പനി നിർമ്മിച്ച ആദ്യ പിഎസ്എൽവി റോക്കറ്റും അധികം വൈകാതെ വിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും