ഇസ്രൊയുടെ തന്ത്രപ്രധാന ദൗത്യം; സ്പാഡെക്സ് വിക്ഷേപണം ഇന്ന് രാത്രി; 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക്

Published : Dec 30, 2024, 06:13 AM IST
ഇസ്രൊയുടെ തന്ത്രപ്രധാന ദൗത്യം; സ്പാഡെക്സ് വിക്ഷേപണം ഇന്ന് രാത്രി; 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക്

Synopsis

സ്പാഡെക്സ് ഉപഗ്രഹങ്ങൾക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും പിഎസ്എൽവി സി-60 ദൗത്യത്തിനൊപ്പം ബഹിരാകാശത്തെത്തും

തിരുവനന്തപുരം: ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിൻ്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ഇസ്രൊയുടെ ഈ വർഷത്തെ അവസാന വിക്ഷേപണമാണിത്. സ്പാഡെക്സ് ഉപഗ്രഹങ്ങൾക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും പിഎസ്എൽവി സി-60 ദൗത്യത്തിനൊപ്പം ബഹിരാകാശത്തെത്തും.

വിക്ഷേപണത്തിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രണ്ട് ഉപഗ്രഹങ്ങളാണ് ഇന്ന് ബഹിരാകാശത്തേക്ക് പോകുന്നത്, ചേസറും ടാർജറ്റും. 220 കിലോഗ്രാം വീതം ഭാരമാണ് ഇവയ്ക്ക്. ഒന്നിച്ച് വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് വച്ച് രണ്ട് വഴിക്ക് പിരിയുന്ന ഇവ വീണ്ടും ഒത്തുചേരും. അതാണ് സ്പേസ് ഡോക്കിംഗ് എക്സ്പെരിമെൻ്റ് അഥവാ സ്പാഡെക്സ് ദൗത്യം. 

രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുക എളുപ്പമല്ല. രണ്ട് പേടകങ്ങളുടെയും വേഗ നിയന്ത്രണം കൃത്യമായിരിക്കണം. കൂടിച്ചേർന്ന് കഴിഞ്ഞാൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും വേണം. ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ എന്ന സ്വന്തം ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കാൻ ഈ സാങ്കേതിക വിദ്യ സ്വന്തമാക്കേണ്ടതുണ്ട്. നിലയത്തെ ഒരൊറ്റ വിക്ഷേപണത്തിൽ ബഹിരാകാശത്ത് എത്തിക്കുക സാധ്യമല്ല. ഘട്ടം ഘട്ടമായി വിക്ഷേപിച്ച് പിന്നീട് ബഹിരാകാശത്ത് വച്ച് കൂടിച്ചേർക്കുക മാത്രമാണ് പ്രായോഗികം. 

സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയും സ്വന്തം ബഹിരാകാശ നിലയങ്ങൾ യാഥാർത്ഥ്യമാക്കിയത് ഇങ്ങനെയാണ്. സ്പാഡെക്സ് ദൗത്യം വിജയിച്ചാൽ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. ചന്ദ്രയാൻ നാല് ദൗത്യത്തിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഇസ്രൊ തീരുമാനം. സ്പാഡെക്സ് ഇരട്ട ഉപഗ്രഹങ്ങൾക്ക് പുറമേ 24 വ്യത്യസ്ഥ പരീക്ഷണങ്ങളും ഈ പിഎസ്എൽവി വിക്ഷേപണത്തിൽ ബഹിരാകാശത്തേക്ക് പോകുന്നുണ്ട്. ബഹിരാകാശത്ത് നിന്ന് മാലിന്യങ്ങൾ പിടിച്ചെടുക്കാൻ കെൽപ്പുള്ള യന്ത്രക്കൈയും, ഭാവിയിൽ ബഹിരാകാശ നിലയത്തിൽ ഉപയോഗിക്കാൻ പദ്ധതിയിടുന്ന വാൾക്കിംഗ് റോബോട്ടിക് ആർമും, ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന ക്രോപ്സ് പേ ലോഡും ഇതിൽ ചിലതാണ്.
 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും