
തിരുവനന്തപുരം: സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിന് ശേഷം സ്പേഡെക്സ് ഉപഗ്രഹങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ. ഉപഗ്രഹങ്ങള്‍ തമ്മില്‍ ഊർജ്ജക്കൈമാറ്റ പരീക്ഷണം പരിശോധനകൾക്ക് ശേഷം നടത്തും. ഉപഗ്രഹങ്ങളെ തമ്മിൽ പിരിക്കുന്നതും കൂടുതൽ പരിശോധനകൾക്ക് ശേഷമാകുമെന്ന് ഡോ. വി നാരായണൻ തിരുവനന്തപുരത്ത് പറഞ്ഞു.
ഐഎസ്ആര്‍ഒ 2025 ജനുവരി 16-നാണ് രാജ്യത്തിന്‍റെ ചരിത്രത്തിലെ കന്നി സ്പേസ് ഡോക്കിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. 2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍ (എസ്‌ഡിഎക്സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്സ് 02) എന്നീ ഉപഗ്രഹങ്ങളെ നാലാം ശ്രമത്തില്‍ ബഹിരാകാശത്ത് വച്ച് ഇസ്രൊ വിജയകരമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍-4, ഗഗന്‍യാന്‍ തുടങ്ങിയ ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികള്‍ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്പേസ് ഡോക്കിംഗ്. ഈ വിജയത്തോടെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി.
ഡോക്കിംഗിന് ശേഷം ബെംഗളൂരുവിലെ ഐഎസ്‌ആർഒ ട്രാക്കിംഗ് ടെലിമെട്രി ആൻഡ് കമാൻഡ് നെറ്റ്‌വര്‍ക്ക് ആസ്ഥാനത്ത് നിന്ന് സ്പേഡെക്സ് ഉപഗ്രഹങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ സ്പേഡെക്സ് പരീക്ഷണങ്ങൾ അധികം വൈകാതെ നടക്കും. ഇപ്പോൾ പരീക്ഷിച്ച ഡോക്കിംഗ് സംവിധാനത്തിന് 450 മില്ലിമീറ്ററാണ് വ്യാസം. രാജ്യം ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുമ്പോൾ 800 മില്ലിമീറ്റർ വ്യാസമുള്ള ഡോക്കിംഗ് സംവിധാനമാകും ഉപയോഗിക്കുക. ചന്ദ്രയാൻ നാല് ദൗത്യത്തിലും ഡോക്കിംഗ് സാങ്കേതികവിദ്യ നിർണായകമാണ്. വ്യത്യസ്ത മോഡ്യൂളുകളെ കൂട്ടിച്ചേർത്തും വേർപ്പെടുത്തിയും മാത്രമേ ചന്ദ്രയാൻ നാല് നടപ്പാക്കാൻ സാധിക്കുകയുള്ളൂ.
Read more: സ്പേഡെക്സ് ഡോക്കിംഗ് വിജയം: ഐഎസ്ആര്‍ഒയെ വാഴ്ത്തി രാജ്യം, അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം