'അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സമയമായി'; വീണ്ടും ആവര്‍ത്തിച്ച് മസ്ക്, പറയുന്ന കാരണമിത്

Published : Jul 06, 2025, 12:18 PM ISTUpdated : Jul 06, 2025, 01:00 PM IST
International Space Station

Synopsis

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സമയമായി എന്ന് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്ക് മുമ്പും പറഞ്ഞിട്ടുണ്ട്

ടെക്‌സസ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ (ഐഎസ്എസ്) പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വീണ്ടും ആവര്‍ത്തിച്ച് സ്പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്ക്. ഭൂമിയെ ചുറ്റുന്ന ബഹിരാകാശ നിലയത്തില്‍ നിന്ന് വിട്ട് ചൊവ്വയില്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിത് എന്നാണ് മസ്‌കിന്‍റെ പുതിയ പ്രതികരണം. ട്രംപ് ഭരണകൂടം ബഹിരാകാശ പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുക വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മസ്‌കിന്‍റെ വാക്കുകള്‍.

മസ്‌കിന് അനുകൂലവും വിമര്‍ശനവും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സമയമായി എന്ന് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക് മുമ്പും പറഞ്ഞിരുന്നു. ഐഎസ്എസിന്‍റെ പ്രവര്‍ത്തനം ഉടനടി അവസാനിപ്പിക്കണമെന്ന മസ്‌കിന്‍റെ പുതിയ പ്രതികരണം വലിയ ചര്‍ച്ചയ്ക്കാണ് വഴി തുറന്നിരിക്കുന്നത്. ഒരു വിഭാഗം ആളുകള്‍ മസ്‌കിന്‍റെ നയത്തെ അനുകൂലിക്കുന്നു. അതേസമയം, രാജ്യാന്തര സഹകരണത്തിന്‍റെ ഭാഗമായുള്ള ബഹിരാകാശ നിലയമാണ് ഐഎസ്എസ് എന്നും, അതിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മസ്‌ക് അല്ല തീരുമാനിക്കേണ്ടത് എന്ന് മറുപക്ഷം വിമര്‍ശിക്കുന്നു. ചൊവ്വയാണ് അടുത്ത ലക്ഷ്യമെന്ന് മസ്‌ക് പറയുമ്പോഴും, അവിടേക്ക് എത്തിച്ചേരാനും അവിടെ അതിജീവിക്കാനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഗവേഷണശാലയാണ് ഐഎസ്എസ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യരാശിയുടെ വലിയ അത്ഭുതമാണ് ഐഎസ്എസ് എങ്കിലും അത് കാലഹരണപ്പെട്ടു എന്നാണ് മസ്‌കിന്‍റെ വാദം. ഭീമമായ തുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ നടത്തിപ്പിനായി അമേരിക്ക ഓരോ വര്‍ഷവും മാറ്റിവെക്കുന്നത് എന്ന് മസ്ക് ചൂണ്ടിക്കാണിക്കുന്നു. 20-ാം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് ഈ ബഹിരാകാശ നിലയമെന്നും മനുഷ്യനെ ബഹുഗ്രഹജീവിയാക്കി മാറ്റാനാണ് ഇനി പണം ചിലവഴിക്കേണ്ടത് എന്നും മസ്ക് വാദിക്കുന്നു. ചൊവ്വയില്‍ മനുഷ്യകോളനി സ്ഥാപിക്കുക ലക്ഷ്യമിട്ടാണ് മസ്‌കിന്‍റെ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റ് ഡിസൈന്‍ ചെയ്യുന്നത്.

എന്താണ് ഐഎസ്എസ്?

താഴ്ന്ന ഭൂ-ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കയും റഷ്യയും യൂറോപ്പും ജപ്പാനും കാനഡും ചേര്‍ന്നാണ് ഐഎസ്എസ് സ്ഥാപിച്ചത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കാണ് മേല്‍നോട്ട ചുമതല. 2030 വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് നാസയുടെ നിലവിലെ തീരുമാനം. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഐഎസ്എസ് മണിക്കൂറിൽ 27000 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കുന്നു. നിലയം ഒരു ദിവസം 15.54 തവണ ഭൂമിയെ വലംവെക്കുന്നു. ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്‍റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുണ്ട്. 4.5 ലക്ഷം കിലോഗ്രാമാണ് ഐഎസ്എസിന്‍റെ ഭാരം.

1998ലാണ് ഐഎസ്എസിന്‍റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപിച്ചത്. നിലയത്തിന്‍റെ പല ഭാഗങ്ങള്‍ക്കും പ്രായാധിക്യം സംഭവിച്ചിരിക്കുന്നു എന്നതൊരു യാഥാര്‍ഥ്യമാണ്. 2030ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഡീഓര്‍ബിറ്റ് നടത്താന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. ഐഎസ്എസ് ഡീഓര്‍ബിറ്റ് ചെയ്യാനുള്ള കരാര്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനിക്ക് കഴിഞ്ഞ വര്‍ഷം നാസ നല്‍കിയിരുന്നു. പസഫിക് സമുദ്രത്തിന് മുകളില്‍ വച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ നിയന്ത്രിത റീഎന്‍ട്രി നടത്താനാണ് നാസയും സ്പേസ് എക്സും പദ്ധതിയിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും