
പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവന്‍റെ സാന്നിധ്യമുണ്ടോ? ശാസ്ത്രലോകം തല പുകയ്ക്കുന്ന ചോദ്യമാണത്. ജീവന് അനിവാര്യമാണ് ജലം എന്നാണ് നമ്മുടെ ഇതുവരെയുള്ള അനുമാനം എന്നതിനാല്‍ മറ്റനേകം ഗ്രഹങ്ങളിലെയും മറ്റ് ബഹിരാകാശ വസ്‌തുക്കളിലെയും ജലസാന്നിധ്യത്തെ ചുറ്റിപ്പറ്റിയാണ് ബഹിരാകാശകുതുകികളുടെ അന്വേഷണങ്ങളത്രയും. അതിലേക്ക് വെളിച്ചം വീശുന്ന മറ്റൊരു കണ്ടെത്തല്‍ കൂടി നടത്തിയിരിക്കുകയാണ് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി. സൂര്യനുമായി സാമ്യമുളള ഒരു യുവ നക്ഷത്രമായ HD 181327-ന് ചുറ്റും ഐസ് സാന്നിധ്യമുള്ളതായാണ് പുതിയ കണ്ടെത്തല്‍. നാസയുടെ ഈ ചരിത്രപരമായ കണ്ടത്തല്‍ നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
നേച്ചര്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, നമ്മുടെ സൗരയൂഥത്തിൽ ഇത്തരത്തിൽ ഐസ് വാട്ടർ വ്യാപകമായി കാണപ്പെടുന്നുണ്ടെങ്കിലും സൗരയൂഥത്തിന് പുറത്ത് തണുത്തുറഞ്ഞ രൂപത്തില്‍ ജല സാന്നിധ്യം കണ്ടെത്തുന്നത് ഇതാദ്യമാണ്. അതുകൊണ്ടുതന്നെ വിദൂര ഗ്രഹവ്യവസ്ഥകളുടെ ഘടനയെക്കുറിച്ചും ജീവന്‍റെ പ്രധാന ഘടകങ്ങളിൽ ഒന്നായ ജലം പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും ഈ കണ്ടെത്തൽ ചില പ്രധാനപ്പെട്ട സൂചനകൾ നൽകുന്നു. ഈ ഗ്രഹ രൂപീകരണത്തെക്കുറിച്ചും, നമ്മുടെ ഗ്രഹത്തിനപ്പുറമുള്ള ജീവൻ നിലനിർത്തുന്നതിന് എന്താണ് വേണ്ടതെന്നും മനസ്സിലാക്കുന്നതിന് ഈ കണ്ടെത്തല്‍ സഹായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
നമ്മുടെ സൂര്യനിൽ നിന്ന് ഏകദേശം 155 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന HD 181327 എന്ന നക്ഷത്രത്തിന് ചുറ്റുമുള്ള ഒരു വൃത്തമായ പൊടി വളയത്തിൽ ഐസ് രൂപത്തില്‍ ജലം എങ്ങനെയാണ് നിലകൊള്ളുന്നത് എന്ന് പഠനം വിശദീകരിക്കുന്നുണ്ട്. എച്ച്ഡി 181327 നക്ഷത്രത്തിന് ചുറ്റുമുള്ള അവശിഷ്ടങ്ങളില്‍ തുല്യ അളവിലല്ല ഐസ് ഉളളത്. വലയത്തിന്‍റെ ഉള്ളിലേക്ക് നീങ്ങുംതോറും ഐസ് തുള്ളികളുടെ അളവ് ഗണ്യമായി കുറയുന്നു. നക്ഷത്ര പ്രതലത്തോട് ഏറ്റവും അടുത്തുള്ള പ്രദേശങ്ങളില്‍ ഐസ് മിക്കവാറും ഇല്ല. അതേസമയം ഡിസ്‌കിന്‍റെ പുറംഭാഗത്ത് ഉയര്‍ന്ന സാന്ദ്രതയില്‍ ഐസ് കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രത്തോട് അടുക്കുംതോറും ജല സാന്നിധ്യം കുറയുകയും ഏറ്റവും അടുത്തെത്തുമ്പോള്‍ ഇല്ലാതാകുകയും ചെയ്യുന്നതായി പഠനം പറയുന്നു.
HD 181327-ന് 23 ദശലക്ഷം വർഷമാണ് പഴക്കം, കോസ്മിക് സ്കെയിലിൽ വളരെ പ്രായം കുറഞ്ഞ കാലയളവാണിത്. ഇത് എല്ലാ വിധത്തിലും സൂര്യനുമായി സമാനമാണ്. ഈ കണ്ടെത്തലിൽ ഏറ്റവും ശ്രദ്ധേയമായത് നക്ഷത്രത്തെ ചുറ്റുന്ന പൊടിപടലങ്ങളുടെ വലയത്തില്‍ ക്രിസ്റ്റല്‍ ഘടനയുള്ള ഐസ് ആണ് ഉളളത്. സൗരയൂഥത്തിനുളളില്‍ കൈപ്പര്‍ ബെല്‍റ്റ്, ശനി ഗ്രഹത്തിന്‍റെ വലയം എന്നിവയിലെല്ലാം ഈ രീതിയിലുള്ള ജല സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകനായ ചെന്‍ ഷി പറഞ്ഞു.
HD 181327-ലെ കണ്ടെത്തലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അടുത്ത നക്ഷത്രഗ്രഹങ്ങളിൽ കൂടി അന്വേഷണം നടത്താനാണ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്. ജീവൻ നിലനിർത്തുന്ന ഘടകങ്ങൾ പ്രപഞ്ചത്തില്‍ എവിടെയൊക്കെയാണ് സ്ഥിതിചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഒരു അറിവ് നല്‍കാന്‍ ഇത്തരം പഠനങ്ങൾ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം