ഏറ്റവും അകലെയുള്ള സൂപ്പർമാസീവ് ബ്ലാക്ക് ഹോൾ കണ്ടെത്തി ജെയിംസ് വെബ് ടെലസ്‍കോപ്

Published : Jun 07, 2026, 12:53 PM IST
James webb space telescope

Synopsis

ഭൂമിയിൽ നിന്ന് 10 ബില്യൺ പ്രകാശവർഷം അകലെ, എംആർജി-എം0138 എന്ന ഗാലക്സിയിൽ സ്ഥിതി ചെയ്യുന്ന ഒരു നിഷ്‌ക്രിയ സൂപ്പർമാസീവ് ബ്ലാക്ക് ഹോളിനെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി കണ്ടെത്തി. ഗുരുത്വ ലെൻസിംഗ് എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെ കണ്ടെത്തിയ ഈ തമോഗർത്തത്തിന് ഏകദേശം ആറു ബില്യൺ സൂര്യന്മാരുടെ ഭാരമുണ്ട്.  

ശാസ്ത്രലോകത്തെ ആവേശത്തിലാഴ്ത്തുന്ന പുതിയ കണ്ടെത്തലുമായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST). ഭൂമിയിൽ നിന്ന് 10 ബില്യൺ പ്രകാശവർഷത്തിലേറെ അകലെയുള്ള ഒരു നിഷ്‌ക്രിയ (Dormant) സൂപ്പർമാസീവ് ബ്ലാക്ക് ഹോളിനെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും ദൂരെയുള്ള നിഷ്‌ക്രിയ ബ്ലാക്ക് ഹോൾ ആണിത്. എംആർജി-എം0138 (MRG-M0138) എന്ന ഗാലക്സിയുടെ കേന്ദ്രത്തിലാണ് ഈ ഭീമൻ ബ്ലാക്ക് ഹോൾ സ്ഥിതി ചെയ്യുന്നത്.

കാർനെജി സയൻസിലെ ഗവേഷകനായ ആൻഡ്രൂ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം നടത്തിയത്. ഗവേഷണഫലങ്ങൾ പ്രമുഖ ശാസ്ത്ര ജേണലായ സയൻസി'ൽ പ്രസിദ്ധീകരിച്ചു. ഏകദേശം ആറു ബില്യൺ സൂര്യന്മാരുടെ തുല്യമായ ഭാരമാണ് ഈ ബ്ലാക്ക് ഹോളിനുള്ളത്. ഇന്ന് നമ്മൾ കാണുന്ന ഈ ദൃശ്യം പ്രപഞ്ചത്തിന് വെറും മൂന്ന് ബില്യൺ വർഷം മാത്രം പ്രായമുണ്ടായിരുന്ന കാലഘട്ടത്തിലേതാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

സാധാരണയായി സജീവമായ ബ്ലാക്ക് ഹോളുകൾ വാതകങ്ങളും മറ്റ് പദാർത്ഥങ്ങളും ആകർഷിക്കുമ്പോൾ വലിയ അളവിൽ വികിരണം പുറപ്പെടുവിക്കും. എന്നാൽ നിഷ്‌ക്രിയ ബ്ലാക്ക് ഹോളുകൾ വികിരണം പുറത്തുവിടാത്തതിനാൽ അവയെ നേരിട്ട് കണ്ടെത്തുക വളരെ പ്രയാസകരമാണ്. ഈ വെല്ലുവിളി മറികടക്കാൻ ഗവേഷകർ ജെയിംസ് വെബ് ദൂരദർശിനിയിലെ ഇൻഫ്രാറെഡ് സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ച് ബ്ലാക്ക് ഹോളിന്റെ ഗുരുത്വാകർഷണം സമീപ നക്ഷത്രങ്ങളുടെ ചലനത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠിച്ചു. ഇതുവഴിയാണ് അതിന്റെ ഭാരം കൃത്യമായി നിർണയിക്കാൻ സാധിച്ചത്.

ഈ കണ്ടെത്തലിന് പിന്നിൽ ഒരു അപൂർവ ബഹിരാകാശ പ്രതിഭാസവും സഹായകമായി. എംആർജി-എം0138നും ഭൂമിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ഗാലക്സി ക്ലസ്റ്റർ പ്രകൃതിദത്തമായ ഒരു കോസ്‍മിക് ലെൻസ് ആയി പ്രവർത്തിച്ചു എന്ന് ഗവേഷകർ പറയുന്നു. ഗുരുത്വ ലെൻസിംഗ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഗാലക്സിയുടെ ദൃശ്യത്തെ ഏകദേശം 30 മടങ്ങ് വലുതാക്കി കാണിച്ചതിനാൽ നിരീക്ഷണം കൂടുതൽ എളുപ്പമായി.

ബ്ലാക്ക് ഹോളുകളുടെയും അവയുടെ ചുറ്റുമുള്ള നക്ഷത്ര സമൂഹങ്ങളുടെയും വളർച്ച തമ്മിൽ അടുത്ത ബന്ധമുണ്ട് എന്ന സിദ്ധാന്തത്തിന് ഈ കണ്ടെത്തൽ കൂടുതൽ ശക്തി നൽകുന്നതായി ഗവേഷകർ വിലയിരുത്തുന്നു. ഒരുകാലത്ത് അതിശക്തമായ ക്വാസർ ആയിരുന്ന ഈ ബ്ലാക്ക് ഹോൾ, ഗാലക്സിയിലെ നക്ഷത്ര രൂപീകരണത്തിന് ആവശ്യമായ വാതകങ്ങളെ പുറത്തേക്ക് തള്ളിയിരിക്കാം എന്നാണ് നിഗമനം. ഭാവിയിൽ യൂക്ലിഡ് ഉപഗ്രഹവും നാൻസി ഗ്രേസ് റോമൻ ബഹിരാകാശ ദൂരദർശിനിയും കൂടുതൽ സമാന കണ്ടെത്തലുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ ഗാലക്സികളും ബ്ലാക്ക് ഹോളുകളും എങ്ങനെ ഒരുമിച്ച് പരിണമിച്ചു എന്നതിനെക്കുറിച്ചുള്ള അറിവ് കൂടുതൽ വിപുലമാകും എന്നാണ് ശാസ്‍ത്രലോകം കരുതുന്നത്.

PREV
Read more Articles on
click me!

Recommended Stories

സൂര്യനിൽ നിന്നും വൻ ജ്വാലകൾ പൊട്ടിപ്പുറപ്പെട്ടെന്ന് ഗവേഷക‍ർ
ആർക്കും കാലാവധി നീട്ടാതെ കേന്ദ്രം, ഇസ്രൊയിൽ വൻ 'തല'മുറ മാറ്റം, സുപ്രധാന മേധാവിമാർ പടിയിറങ്ങി; വമ്പൻ ദൗത്യങ്ങൾ പുതിയ ചുമലുകളിൽ