
സൂര്യനിൽ നിന്നുണ്ടായ ശക്തമായ സൗരജ്വാലകൾ (Solar Flares) ഭൂമിക്ക് ചുറ്റുമുള്ള ബഹിരാകാശ കാലാവസ്ഥാ സാഹചര്യങ്ങളെ ബാധിക്കാൻ സാധ്യത ഉണ്ട് എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. സൂര്യന്റെ ഉത്തരാർദ്ധത്തിലെ സജീവമായ സൺസ്പോട്ട് മേഖലയായ AR 4455-ൽ നിന്നാണ് കഴിഞ്ഞദിവസം മൂന്ന് വലിയ സൗരജ്വാലകൾ ഉണ്ടായത്. ഇതിനെത്തുടർന്ന് ചാർജ് ചെയ്യപ്പെട്ട കണങ്ങൾ നിറഞ്ഞ കൊറോണൽ മാസ് ഇജക്ഷനുകൾ (CMEs) ഭൂമിയിലേക്ക് പുറപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കൻ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍റെ (NOAA) സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ ഭൂമിയിൽ G3 തലത്തിലുള്ള ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സാധാരണയായി ധ്രുവപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന അറോറകൾ അഥവാ നോർത്തേൺ ലൈറ്റ്സ് പ്രതിഭാസം കൂടുതൽ താഴ്ന്ന അക്ഷാംശങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.
സൂര്യനിലെ AR 4455 എന്ന സങ്കീർണമായ സൺസ്പോട്ട് മേഖലയാണ് മൂന്ന് ശക്തമായ സൗരജ്വാലകൾ പുറത്തുവിട്ടത് എന്നാണ് റിപ്പോർട്ടുകൾ. സൂര്യന്റെ കാന്തികക്ഷേത്രത്തിൽ ഉണ്ടാകുന്ന ശക്തമായ വ്യതിയാനങ്ങളാണ് ഇത്തരം ജ്വാലകൾക്ക് കാരണമാകുന്നത്. ഈ സൗരസ്ഫോടനങ്ങളുടെ ഫലമായി ഭൂമിയിൽ റേഡിയോ ആശയവിനിമയത്തിൽ തടസങ്ങൾക്ക് സാധ്യത ഉണ്ട് എന്നാണ് റിപ്പോട്ടുകൾ. വിമാനഗതാഗതം, നാവിഗേഷൻ സംവിധാനങ്ങൾ, ഉയർന്ന ഫ്രീക്വൻസിയിൽ ഉള്ള റേഡിയോ സേവനങ്ങൾ എന്നിവയ്ക്കും ഇതിന്റെ സ്വാധീനം അനുഭവപ്പെട്ടതായി വിദഗ്ധർ വ്യക്തമാക്കി.
സൗരജ്വാലകളോടൊപ്പം ഭൂമിയിലേക്ക് സഞ്ചരിക്കുന്ന കൊറോണൽ മാസ് ഇജക്ഷനുകളും കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറിൽ നൂറുകണക്കിന് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ പ്ലാസ്‍മ മേഘങ്ങൾ സാധാരണയായി ഒന്നു മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ഭൂമിയിൽ എത്താറുണ്ട്. ഭൂമിയുടെ കാന്തികവലയവുമായി ഇവ കൂട്ടിയിടിക്കുമ്പോഴാണ് ജിയോമാഗ്നറ്റിക് കൊടുങ്കാറ്റുകൾ രൂപപ്പെടുന്നത്.
ഈ സാഹചര്യത്തിൽ അറോറ പ്രതഭാസം തെക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കാം. ഇതുകാരണം വടക്കൻ അമേരിക്ക, കാനഡ, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളിൽ ആകാശത്ത് മനോഹരമായ പ്രകാശവിസ്‍മയം ദൃശ്യമാകാൻ സാധ്യതയുണ്ട് എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.