
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം എന്നാണ് ശാസ്ത്രലോകം ദശാബ്‍ദങ്ങളായി വിശ്വസിക്കുന്നത്. എന്നാൽ ഇത്രകാലവും നമ്മൾ കരുതിയതിലും അൽപ്പം ചെറുതും കൂടുതൽ പരന്നതുമായ ആകൃതിയിലാണ് വ്യാഴം എന്നാണ് പുതിയ കണ്ടെത്തൽ. നാസയുടെ ജൂണോ ബഹിരാകാശ ദൗത്യത്തിൽ നിന്നുള്ള റേഡിയോ ഡാറ്റ ഉപയോഗിച്ചുള്ള പഠനമാണ് ഈ നിഗമനത്തിൽ എത്തിയത്. അടുത്തിടെ നേച്ചർ അസ്‍ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം വ്യാഴത്തിന്‍റെ ആന്തരിക ഘടനയെക്കുറിച്ചുള്ള ശാസ്ത്രീയ മാതൃകകൾ കൂടുതൽ കൃത്യമാക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. കട്ടിയുള്ളതും മേഘാവൃതവുമായ അന്തരീക്ഷമുള്ള വ്യാഴത്തിന്‍റെ ഉൾഭാഗം പഠിക്കാൻ ശാസ്ത്രജ്ഞരെ അനുവദിക്കുന്ന റേഡിയോ ഒക്ലറ്റേഷൻ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ കണ്ടെത്തൽ നടത്തിയത്.
ഇതുവരെയുള്ള പാഠപുസ്‍തകങ്ങൾ പുതുക്കേണ്ടിവരും എന്ന് ഈ പഠനത്തിലെ സഹരചയിതാവും ഇസ്രയേലിലെ വൈസ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗ്രഹശാസ്ത്രജ്ഞനുമായ യോഹായ് കാസ്‌പി പറഞ്ഞു. അതേസമയം വ്യാഴത്തിന്‍റെ വലിപ്പം മാറിയിട്ടില്ല എന്നും എന്നാൽ അതിനെ അളക്കുന്ന നമ്മുടെ രീതിയാണ് കൂടുതൽ കൃത്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ വ്യാഴത്തിന്‍റെ വലിപ്പവും ആകൃതിയും നിശ്ചയിച്ചിരുന്നത് ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് നടത്തിയ പയനിയർ 10, 11, വോയേജർ 1, 2 ദൗത്യങ്ങളിലെ റേഡിയോ അളവുകളെ ആശ്രയിച്ചായിരുന്നു.
എന്നാൽ 2016-ൽ വ്യാഴത്തിൽ എത്തിയ ജൂണോ ദൗത്യം കഴിഞ്ഞ രണ്ട് വർഷത്തിനിടെ വളരെ കൂടുതൽ വിശദമായ റേഡിയോ ഡാറ്റ ശേഖരിച്ചു. ഇതിലൂടെ വ്യാഴത്തിന്‍റെ അളവുകൾ ഏകദേശം 400 മീറ്റർ കൃത്യതയിൽ നിർണ്ണയിക്കാൻ ഗവേഷകർക്ക് സാധിച്ചു. ജൂണോയിൽ നിന്ന് ഭൂമിയിലേക്കുള്ള റേഡിയോ സിഗ്നലുകൾ വ്യാഴത്തിന്‍റെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ എങ്ങനെ വളയുന്നു എന്നത് നിരീക്ഷിച്ചാണ് പുതിയ അളവുകൾ സാധ്യമായത്. ശക്തമായ കാറ്റുകൾ ഗ്രഹത്തിന്‍റെ ആകൃതിയിൽ ഉണ്ടാക്കുന്ന ചെറിയ മാറ്റങ്ങൾ പോലും ഇതിലൂടെ കണക്കാക്കാൻ കഴിഞ്ഞു.
പുതിയ കണക്കുകൾ പ്രകാരം, വ്യാഴത്തിന്‍റെ ധ്രുവങ്ങളിൽ നിന്ന് അതിന്‍റെ കേന്ദ്രത്തിലേക്കുള്ള ആരം മുൻ കണക്കുകളേക്കാൾ 12 കിലോമീറ്റർ കുറവാണ്. നേരത്തെ ഈ ആരം 66,854 കിലോമീറ്റര്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് 66,842 കിലോമീറ്റര്‍ മാത്രമേയുള്ളൂ. സമവായരേഖയിലെ അർദ്ധവ്യാസം ഏകദേശം നാല് കിലോമീറ്റർ കുറവാണെന്നും കണ്ടെത്തി. ഈ കുറച്ച് കിലോമീറ്ററുകൾ വളരെ പ്രധാനമാണ് എന്ന് പഠനത്തിന്‍റെ സഹരചയിതാവായ എലി ഗലാന്തി വ്യക്തമാക്കി. ഇത് വ്യാഴത്തിന്‍റെ ആന്തരിക ഘടനയെക്കുറിച്ചുള്ള മാതൃകകൾ കൂടുതൽ യോജിച്ചതാക്കുന്നു എന്നും എലി ഗലാന്തി പറഞ്ഞു. അതേസമയം, ഈ പുതിയ കണ്ടെത്തലുകൾ വ്യാഴത്തിന് മാത്രമല്ല, സൗരയൂഥത്തിന് പുറത്തുള്ള എല്ലാ വാതക ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും വഴികാട്ടിയാകുമെന്ന് ഗവേഷകർ പറയുന്നു. ഗ്രഹങ്ങളുടെ രൂപീകരണവും പരിണാമവും മനസിലാക്കുന്നതിൽ ഈ പുതിയ കണ്ടെത്തൽ നിർണായകമായ മുന്നേറ്റവുമാണ്.