ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി 1200 കോടി വർഷങ്ങൾക്ക് മുൻപ് പരസ്പരം ലയിക്കുന്ന ആറു ഗാലക്സികളെ കണ്ടെത്തി. TGSSJ1530+1049 എന്ന ഈ ഗാലക്സി സമുച്ചയം ഭാവിയിൽ ഒരു ഭീമൻ ഗാലക്സിയായി മാറുമെന്നും ഉയർന്ന തോതിൽ നക്ഷത്ര രൂപീകരണം നടക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു.
പ്രപഞ്ചത്തിന്റെ ആദ്യകാല ചരിത്രത്തിലേക്ക് അപൂർവമായ ഒരു ജാലകം തുറന്ന് ശാസ്ത്രലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST). ഏകദേശം 1200 കോടി വർഷങ്ങൾക്ക് മുൻപ്, അതായത് മഹാവിസ്ഫോടനത്തിന് (ബിഗ് ബാങ്) വെറും 180 കോടി വർഷങ്ങൾക്കുശേഷം നിലനിന്നിരുന്ന ആറു ഗാലക്സികൾ പരസ്‍പരം ലയിക്കുന്ന അത്യപൂർവ ദൃശ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. ഭാവിയിൽ ഇവ ഒന്നിച്ച് ചേർന്ന് പ്രപഞ്ചത്തിലെ ഏറ്റവും ഭീമാകാരമായ ഗാലക്സികളിലൊന്നായി മാറുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
നെതർലൻഡ്സിലെ ലൈഡൻ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞൻ ഹൂബ് റോട്ട്ഗെറിങ്ങിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. റേഡിയോ ദൂരദർശിനികൾ കണ്ടെത്തിയ അസാധാരണ റേഡിയോ വികിരണങ്ങളാണ് ഈ മേഖലയിലേക്ക് ജെയിംസ് വെബിന്റെ ശ്രദ്ധ തിരിച്ചത്. ആദ്യം ഒരു സജീവ സൂപ്പർമാസീവ് തമോഗർത്തം മാത്രമാണ് ഇവിടെ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കൂടുതൽ വിശദമായി നിരീക്ഷിച്ചപ്പോൾ ഒരൊറ്റ ഗാലക്സിയല്ല, മറിച്ച് കുറഞ്ഞത് ആറു ഗാലക്സികൾ ചേർന്ന ഒരു സങ്കീർണ ഘടനയാണ് കണ്ടെത്തിയത്.
TGSSJ1530+1049 എന്ന പേരിൽ അറിയപ്പെടുന്ന ഈ ഗാലക്സി സമുച്ചയം റെഡ്ഷിഫ്റ്റ് 4.0 എന്ന അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു വസ്തു ഭൂമിയിൽ നിന്ന് എത്ര ദൂരെയാണെന്ന് കണക്കാക്കാൻ ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന രീതിയാണ് റെഡ്ഷിഫ്റ്റും ബ്ലൂഷിഫ്റ്റും. ഏതാനും പതിനായിരം പ്രകാശവർഷങ്ങൾ മാത്രം വ്യാപ്‍തിയുള്ള ഈ മേഖലയിലാണ് ആറു ഗാലക്സികളും സ്ഥിതിചെയ്യുന്നത്. വിസ്‍തീർണം നമ്മുടെ ക്ഷീരപഥ ഗാലക്സിയേക്കാൾ ചെറുതാണെങ്കിലും നൂറുകണക്കിന് ശതകോടി സൂര്യന്മാരുടെ ആകെ പിണ്ഡത്തിന് തുല്യമായ നക്ഷത്രസമ്പത്ത് ഇതിനുണ്ട്.
ഈ ഗാലക്സികൾ പിന്നീട് പരസ്‍പരം ലയിച്ച് ഒരു ബ്രൈറ്റസ്റ്റ് ക്ലസ്റ്റർ ഗാലക്സി (Brightest Cluster Galaxy) ആയി മാറുമെന്ന് ഗവേഷകർ പറയുന്നു. സാധാരണയായി ഗാലക്സി ക്ലസ്റ്ററുകളുടെ കേന്ദ്രഭാഗത്ത് കാണപ്പെടുന്ന അതിവിശാലമായ ദീർഘവൃത്താകൃതിയിലുള്ള ഗാലക്സികളാണ് ഇവ. ഈ ഗാലക്സി സമുച്ചയത്തിന്റെ മധ്യഭാഗത്ത് ഇതിനകം തന്നെ ഒരു സൂപ്പർമാസീവ് തമോഗർത്തം സജീവമാണെന്നും റേഡിയോ നിരീക്ഷണങ്ങൾ തെളിയിക്കുന്നു. തമോഗർത്തത്തിലേക്ക് വസ്തുക്കൾ പതിക്കുമ്പോൾ പുറപ്പെടുന്ന അതിവേഗ ജെറ്റുകളും അവ ചുറ്റുമുള്ള വാതകങ്ങളുമായി ഇടപഴകുന്നതിന്റെ തെളിവുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ജെറ്റുകൾ ഇതുവരെ മുഴുവൻ സമുച്ചയത്തിലും വ്യാപിച്ചിട്ടില്ലാത്തതിനാൽ, തമോഗർത്തം ഇപ്പോഴും വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ആണെന്നാണ് നിഗമനം.
കൂടാതെ, ഈ ആറു ഗാലക്സികളിലും പ്രതിവർഷം ഏകദേശം 70 മുതൽ 163 വരെ സൂര്യന്മാരുടെ പിണ്ഡത്തിന് തുല്യമായ പുതിയ നക്ഷത്രങ്ങൾ രൂപംകൊള്ളുന്നതായും കണ്ടെത്തി. നമ്മുടെ ക്ഷീരപഥത്തിൽ ഇതിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് പ്രതിവർഷം രൂപപ്പെടുന്നത്. ദി ഓപ്പൺ ജേർണൽ ഓഫ് ആസ്ട്രോഫിസിക്സ്, ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് എന്നീ ശാസ്ത്രജേർണലുകളിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ, പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഗാലക്സികളും ഗാലക്സി ക്ലസ്റ്ററുകളും സൂപ്പർമാസീവ് തമോഗർത്തങ്ങളും എങ്ങനെ രൂപംകൊണ്ടു എന്നതിനെക്കുറിച്ചുള്ള മനുഷ്യരുടെ അറിവിന് ഒരു പുതിയ ദിശ നൽകുന്നതായി ശാസ്ത്രലോകം വിലയിരുത്തുന്നു.


