
ലോകം ആകാംക്ഷയിലാണ്, 2032 ഡിസംബറിൽ 2024 വൈആര്‍4 (Asteroid 2024 YR4) ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിച്ചിറങ്ങുമോ? അതോ പാതതെറ്റി ഭൂമിക്ക് ഭീഷണിയാകുമോ? ബഹിരാകാശ ശാസ്ത്രലോകം ഒരു വര്‍ഷത്തിലേറെയായി 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാത വിടാതെ പിന്തുടരുകയാണ്. 2024 വൈആര്‍4 ഛിന്നഗ്രഹം സൃഷ്‌ടിക്കാന്‍ സാധ്യതയുള്ള ഭീഷണിയെ കുറിച്ച് ലോകമെങ്ങും ഒട്ടേറെ ഗവേഷണങ്ങളാണ് തകൃതിയായി നടക്കുന്നത്. ഇവയിലൊന്നില്‍ നിന്നുള്ള ഏറ്റവും പുതിയ പഠനഫലം നല്‍കുന്നത് മനുഷ്യരാശിക്ക് പുത്തന്‍ കൗതുകവും. 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം ചന്ദ്രനുമായി കൂട്ടിയിടിച്ചാൽ ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് ദൃശ്യമാകുന്ന തരത്തില്‍ ഒരു മിന്നൽപ്പിണർ ഉണ്ടാകുമെന്ന് പുതിയ പഠനം അവകാശപ്പെടുന്നതായി ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്‌തു.
53 മുതൽ 67 മീറ്റർ വരെ വലിപ്പം, അതായത് ഒരു 15 നില കെട്ടിടത്തിന്‍റെ വലിപ്പമാണ് സിറ്റി-കില്ലര്‍ ആസ്‌ട്രോയ്‌ഡുകളുടെ ഗണത്തില്‍പ്പെടുന്ന 2024 വൈആര്‍4 ഛിന്നഗ്രഹത്തിന് കണക്കാക്കുന്നത്. 2024 ഡിസംബര്‍ 27നാണ് 2024 വൈആര്‍4 എന്ന ഭീമന്‍ ബഹിരാകാശ പാറയെ ആദ്യമായി തിരിച്ചറിഞ്ഞത്. ഈ ഛിന്നഗ്രഹം 2032 ഡിസംബറില്‍ ഭൂമിക്ക് വളരെ അടുത്തെത്തും എന്നാണ് ബഹിരാകാശ ശാസ്ത്ര ലോകത്തിന്‍റെ അനുമാനം. 2032 ഡിസംബര്‍ 22ന് 2024 വൈആര്‍4 ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 3.1 ശതമാനം വരെ ഒരുവേള ഉയര്‍ത്തിയിരുന്നു നാസ. അതായത്, സമീപകാലത്ത് ഭൂമിക്ക് ഏറ്റവും ഭീഷണിയായി തിരിച്ചറിഞ്ഞ ബഹിരാകാശ വസ്‌തുവായി മാറിയിരുന്നു 2024 വൈആര്‍4 ഛിന്നഗ്രഹം. എന്നാല്‍ ഈ ആഘാത ഭീതിയില്‍ നിന്ന് ഭൂമി ഏറെക്കുറെ ഒഴിഞ്ഞിട്ടുണ്ട്. എങ്കിലും 2024 വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രോപരിതലത്തിലേക്ക് എത്തുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്കകള്‍. 2032 ഡിസംബറില്‍ 2024 വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിച്ചിറങ്ങാന്‍ വളരെ നേരിയ സാധ്യത മാത്രമേ നാസയിലെ ബഹിരാകാശ ഗവേഷകര്‍ ഇപ്പോള്‍ കാണുന്നുള്ളൂ. അതായത്, സാധ്യത വെറും 4.3 ശതമാനം മാത്രം.
എന്നാല്‍, 2024 വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രനുമായി മുഖാമുഖം വന്നാല്‍ അത് സമകാലിക ചരിത്രത്തില്‍ പുത്തന്‍ അടയാളമാകും. കൂട്ടിയിടി ചന്ദ്രനില്‍ സൃഷ്‌ടിക്കുക 6.5 മില്യണ്‍ ടണ്‍ ടിഎന്‍ടി ഊര്‍ജ്ജമായിരിക്കും എന്നാണ് അനുമാനം. ആധുനിക ലോകത്ത് ചന്ദ്രനില്‍ രേഖപ്പെടുത്തപ്പെടുന്ന ഏറ്റവും വലിയ ആഘാതമായിരിക്കും അത്. 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ കൂട്ടയിടി ചന്ദ്രനില്‍ ഒരു കിലോമീറ്റര്‍ വ്യാപ്‌തിയുള്ള ഗര്‍ത്തവും സൃഷ്‌ടിച്ചേക്കും. അതുമൂലം സംഭവിക്കുക ഭൂമിയില്‍ നിന്ന് കാണത്തക്കവിധത്തില്‍ വലിയ ഉല്‍ക്കാവര്‍ഷവും.
2024 വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രനില്‍ പതിച്ചാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങളാണുണ്ടാവുക എന്ന് കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ച് പഠിക്കുകയാണ് ഗവേഷകര്‍. ചന്ദ്രനില്‍ ഏകദേശം 3000 കിലോമീറ്റര്‍ വരുന്ന ഭാഗത്ത് എവിടെയെങ്കിലുമാണ് ഈ കൂട്ടിയിടി സംഭവിക്കുക എന്നാണ് ഒരു കൂട്ടം ഗവേഷകരുടെ അനുമാനം. ഈ ആഘാത ഇടനാഴി ചന്ദ്രനിലെ ടൈക്കോ ഗർത്തത്തിന് തൊട്ടു വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഭൂമിയില്‍ നിന്ന് കാണുന്ന ചന്ദ്രന്‍റെ ഭാഗത്തായിരിക്കും ഈ ആഘാതം സംഭവിക്കാന്‍ സാധ്യത. ഒരു കൗതുകകരമായ സംഭവം ഈ കൂട്ടിയിടിയോടെയുണ്ടാവും എന്നും ഗവേഷകര്‍ കരുതുന്നു. 2024 വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രനില്‍ പതിച്ചാല്‍ 2.5- 3 മാഗ്നിറ്റ്യൂഡിന് ഇടയിലുള്ള ഒരു പ്രകാശ വിസ്‌മയം സൃഷ്‌ടിക്കപ്പെട്ടേക്കാം എന്നതാണത്. അതായത്, രാത്രിയില്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന ശുക്രന്‍റെ തിളക്കത്തോളമുള്ള പ്രകാശമയം ഈ കൂട്ടിയിടി ചന്ദ്രനില്‍ തെളിയിക്കും. ഈ ഫ്ലാഷ് മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. കുറഞ്ഞത് 10 സെക്കന്‍ഡ് എങ്കിലും ഈ മിന്നലുകള്‍ ഭൂമിയില്‍ നിന്ന് കാണാനാവും എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത്. എങ്കിലും ഈ കൂട്ടിയിടിക്ക് ഇപ്പോഴും നേരിയ സാധ്യത മാത്രമേ നിലനില്‍ക്കുന്നുള്ളൂ.