കേരളത്തിൽ തുലാവർഷം എങ്ങനെ? നാല് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം ഇങ്ങനെ

By Web TeamFirst Published Sep 28, 2019, 10:32 AM IST
Highlights
  • വടക്കു കിഴക്കൻ മൺസൂൺ മഴ കേരളത്തിൽ സാധാരണ നിലയിലോ അതിൽ കൂടുതലോ ലഭിക്കുമെന്നാണ് പ്രവചനം
  • ലോകത്തിലെ കാലാവസ്ഥാ നിരീക്ഷണ രംഗത്തെ നാല് പ്രധാന ഏജൻസികളുടേതാണ് പ്രവചനം

തിരുവനന്തപുരം: ലോകത്തിലെ നാല് പ്രമുഖ കാലാവസ്ഥ ഏജൻസികളുടെ പ്രവചനം കേരളത്തിന് ആശ്വാസം പകരുന്നതാണ്. സാധാരണ നിലയിലോ, അതിൽ കൂടുതലോ മഴ ഇത്തവണത്തെ തുലാവർഷ കാലത്ത് കേരളത്തിൽ (പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ) ലഭിക്കുമെന്നാണ് കാലാവസ്ഥ ഏജൻസികൾ പ്രവചിക്കുന്നതെന്ന് രാജീവൻ ഇരിക്കുളം തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

ആഗസ്റ്റിലെ അന്തരീക്ഷ സ്ഥിതി അടിസ്ഥാനമാക്കിയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.  ഇത് പ്രകാരം കേരളത്തിൽ അടുത്ത മൂന്ന് മാസത്തിൽ ശരാശരിയോ, ശശാരിക്ക് മുകളിലോ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളത്. എന്നാൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തുലാവര്ഷ പ്രവചനം ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.

അമേരിക്കയിലെ ക്ലൈമറ്റ് പ്രഡിക്ഷൻ സെന്റർ

അമേരിക്കയിലെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ ക്ലൈമറ്റ് പ്രഡിക്ഷൻ സെന്റർ (സിപിസി) പ്രവചിക്കുന്നതും സമാനമായ കാര്യമാണ്. സെപ്തംബർ മാസത്തിലെ അന്തരീക്ഷ സ്ഥിതി പ്രകാരമുള്ള പ്രവചനത്തിൽ തെക്കൻ കേരളത്തിൽ ശരാശരിയോ അതിൽ കൂടുതലോ മഴ ലഭിക്കും. വടക്കൻ കേരളത്തിൽ മഴ കുറയുമെന്നും ഇത് ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാ പസഫിക് ക്ലൈമറ്റ് സിമറ്റ് സെന്റർ (ദക്ഷിണ കൊറിയ)

ദക്ഷിണ കൊറിയയിലെ ബുസാൻ ആസ്ഥാനമായുള്ള ഏഷ്യാ പസഫിക് ക്ലൈമറ്റ് സിമറ്റ് സെന്റർ സെപ്റ്റംബർ മാസത്തിലെ അന്തരീക്ഷ സ്ഥിതി പ്രകാരം സെപ്റ്റംബർ 23 നു ഇറക്കിയ പ്രവചനത്തിലാണ് കേരളത്തിലെ മഴ ലഭ്യത സൂചിപ്പിക്കുന്നത്. ഇത് പ്രകാരം തുലാവർഷ കാലത്ത് കേരളത്തിൽ ശരാശരിയോ, അതിൽ കൂടുതലോ മഴ പ്രതീക്ഷിക്കുന്നു.

ജാംസ്റ്റെക് - ജപ്പാൻ

ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാംസ്റ്റക് ഏജൻസിയുടേത് ഓഗസ്റ്റ് മാസത്തിലെ അന്തരീക്ഷ സ്ഥിതി പ്രകാരമുള്ള റിപ്പോർട്ടാണ്. സെപ്റ്റംബർ 1നു ഇറക്കിയ ഈ റിപ്പോർട്ടിൽ സെപ്റ്റംബർ -നവംബർ മാസങ്ങളിലെ മഴ സാധ്യതയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ സീസണിൽ കേരളത്തിൽ ശരാശരിയോ അതിൽ കൂടുതലോ മഴ പ്രതീക്ഷിക്കുന്നു.

      എങ്കിലും ദീർഘ കാലാ പ്രവചനങ്ങൾക്ക് കൃത്യത കുറവാണെന്ന കാര്യം രാജീവൻ ഇരിക്കുളം സൂചിപ്പിക്കുന്നുണ്ട്. ഇതൊരു സൂചന മാത്രമാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തുലാവര്ഷ പ്രവചനം ഔദ്യോഗികമായി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

click me!