വലിയമല, തുമ്പ, വർക്കല, ബേക്കൽ, പെരിയാറിനും അടുത്ത് 'കൃഷ്‌ണൻ'; അഗാധ ഗർത്തത്തിനടക്കം ചൊവ്വയിൽ പുതിയ മലയാളം പേര്

Published : Nov 26, 2025, 09:10 PM IST
Krishnan in Mars

Synopsis

ചൊവ്വയിലെ 3.5 ബില്യൺ വർഷം പഴക്കമുള്ള ഒരു ഗർത്തത്തിന് പ്രമുഖ ഇന്ത്യൻ ജിയോളജിസ്റ്റ് എം.എസ്. കൃഷ്ണന്റെ പേര് നൽകി. വലിയമല, തുമ്പ, വർക്കല, ബേക്കൽ, പെരിയാർ തുടങ്ങിയ കേരളത്തിലെ പ്രധാന സ്ഥലങ്ങളുടെ പേരുകളും സമീപത്തെ ഗർത്തങ്ങൾക്കും നീർച്ചാലിനും നൽകി

കാസർകോട്: ചൊവ്വയിലെ മൂന്നര ബില്യൺ വർഷം പഴക്കമുള്ള ഗർത്തത്തെ ഇനി കൃഷ്ണനെന്ന് വിളിക്കാം. ​ഗർത്തത്തിന് പ്രമുഖ ജിയോളജിസ്റ്റായ ശ്രീ എം.എസ്. കൃഷ്ണന്റെ പേര് നൽകണമെന്ന നിർദ്ദേശം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (IAU) ഔദ്യോഗികമായി അംഗീകരിച്ചു. പുരാതന ഹിമാനികളുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിച്ച പ്രദേശത്തിലാണ് ഈ ഗർത്തം സ്ഥിതിചെയ്യുന്നത്.

കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജിയിലെ (IIST) മുൻ ഗവേഷകനും, നിലവിൽ കാസറഗോഡ് ഗവൺമന്റ് കോളേജ് ജിയോളജി വിഭാഗം അധ്യാപകനുമായ ഡോ. ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി, അദ്ദേഹത്തിന്റെ പി.എച്ച്.ഡി. ഗവേഷണ മാർഗദർശകൻ IIST യിലെ എർത്ത് ആൻഡ് സ്പേസ് സയൻസ് വിഭാഗത്തിലെ പ്രൊഫ. രാജേഷ് വി. ജെ. എന്നിവർ ചേർന്നാണ് നാമനിർദ്ദേശം നടത്തിയത്. 50 കിലോമീറ്ററിലധികം വലിപ്പമുള്ളതും ശാസ്ത്രീയ പ്രാധാന്യമുള്ളതുമായ ചൊവ്വഗ്രഹത്തിലെ ഗർത്തങ്ങൾക്ക് ഗ്രഹ ശാസ്ത്രത്തിൽ ആധികാരിക സംഭാവനകൾ നൽകിയ അന്തരിച്ച ശാസ്ത്രജ്ഞരുടെ പേരുകൾ നൽകാം. ചെറിയ ഗർത്തങ്ങൾക്ക് ഒരു ലക്ഷം ജനസംഖ്യയിൽ താഴെയുള്ള ഗ്രാമങ്ങളുടെ പേരുകളാണ് നൽകാൻ കഴിയുക. എളുപ്പത്തിൽ ഉച്ചരിക്കാവുന്ന പേരുകൾ മാത്രമാണ് സാധാരണ നിലയിൽ അംഗീകരിക്കുക.

മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന വർക്കിങ് ഗ്രൂപ്പ് ഓഫ് പ്ലാനറ്ററി സിസ്റ്റം നോമെൻക്ലേച്ചറാണ് നാമകരണം അംഗീകരിക്കുക. ഇത് പ്രകാരം കൃഷ്ണൻ ഗർത്തത്തോട് ചേർന്ന് കിടക്കുന്ന നാല് ചെറിയ ഗർത്തങ്ങൾക്കും ഒരു വറ്റിയ നീർച്ചാലിനും നിർദ്ദേശിച്ച വലിയമല, തുമ്പ, വർക്കല, ബേക്കൽ, പെരിയാർ എന്നീ പേരുകളും അംഗീകരിച്ചു. ശാസ്ത്ര-സംസ്കാരപൈതൃകവുമായി ബന്ധപ്പെട്ട സുപ്രധാന സ്ഥലങ്ങളെ ആദരിക്കുന്ന തരത്തിലാണ് പേരുകൾ നിർദ്ദേശിച്ചിട്ടുള്ളത്.

ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ വലിയമല, വിക്രം സാരാഭായ് സ്പേസ് സെന്റർ സ്‌ഥിതി ചെയ്യുന്ന തുമ്പ (VSSC), ജിയോളജിക്കൽ മോണുമെന്റ് വർക്കല ക്ലിഫിന്റെ പ്രാധാന്യം പരിഗണിച്ച് വർക്കല, ചരിത്ര സ്മാരകമായ ബേക്കൽ ഫോർട്ടിന്റെ പ്രാധാന്യം പരിഗണിച്ച് ബേക്കൽ എന്നീ പേരുകൾക്കാണ് അംഗീകാരം ലഭിച്ചത്. കൃഷ്ണൻ ഗർത്തത്തിനകത്തുള്ള സമതലത്തിന് കൃഷ്ണൻ പാലസ് എന്നും, ഈ സമതലത്തിൽ കാണുന്ന ചാലിനു 'പെരിയാർ' എന്നുമാണ് നാമകരണം ചെയ്തത്. തുടർച്ചയായ ശാസ്ത്രീയ രേഖകളും വിശദീകരണങ്ങളും നൽകിയതിന് ശേഷമാണ് വലിയമല ഉൾപ്പെടെയുള്ള പേരുകൾ അംഗീകരിക്കപ്പെട്ടത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും