ആകാശം ഇരുളുപരക്കും, 2025ലെ അവസാന സൂര്യഗ്രഹണം ഇന്ന്; എവിടെയൊക്കെ ദൃശ്യമാകും?

Published : Sep 21, 2025, 09:53 AM IST
partial solar eclipse

Synopsis

2025-ലെ അവസാന സൂര്യഗ്രഹണം ഇന്ന്. സംഭവിക്കുക ഭാഗിക സൂര്യഗ്രഹണം. ഇന്ത്യയില്‍ കാണാനാവില്ല. ഇന്ത്യക്കാര്‍ ഏറെയുള്ള മറ്റ് ചില രാജ്യങ്ങളില്‍ ഇന്നത്തെ സൂര്യഗ്രഹണം ദൃശ്യമാകുന്ന സമയം അറിയാം. ഇന്ത്യയില്‍ ലൈവ് സ്‌ട്രീമിംഗിലൂടെ സൂര്യഗ്രഹണം കാണാം.

DID YOU KNOW ?
ഇന്ന് ഭാഗിക സൂര്യഗ്രഹണം
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് സൂര്യഗ്രഹണം ദൃശ്യമാകും

തിരുവനന്തപുരം: 2025-ലെ രണ്ടാമത്തെയും അവസാനത്തേയും സൂര്യഗ്രഹണം ഇന്ന് (സെപ്റ്റംബര്‍ 21) നടക്കും. പൂര്‍ണ സൂര്യഗ്രഹണമല്ല, ഭാഗിക സൂര്യഗ്രഹണമാണ് (Partial Eclipse) ഇന്ന് നടക്കാനിരിക്കുന്നത്. ഗ്രഹണ സമയത്ത് ചന്ദ്രന്‍ സൂര്യനെ ഭാഗികമായി മറയ്‌ക്കും. നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കാര്‍ക്ക് ഈ ആകാശ വിരുന്ന് കാണാനുള്ള ഭാഗ്യമില്ല. ലോകത്തിന്‍റെ ഏതൊക്കെ ഭാഗങ്ങളില്‍ ഈ ഭാഗിക സൂര്യഗ്രഹണം കാണാമെന്നും സമയവും അറിയാം.

ഭാഗിക സൂര്യഗ്രഹണം എവിടെയൊക്കെ ദൃശ്യമാകും?

ഓസ്‌ട്രേലിയ, അന്‍റാര്‍ട്ടിക്ക, പസഫിക് സമുദ്ര ഭാഗങ്ങള്‍, അറ്റ്‌ലാന്‍റിക് എന്നിവിടങ്ങളില്‍ ഇന്നത്തെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യന്‍ സമയം രാത്രി 10.59നാണ് (5:53 pm EDT) ഈ സൂര്യഗ്രഹണം ആരംഭിക്കുന്നത്. ഇന്ത്യയില്‍ രാത്രി സമയമാണ് ഇതെന്നതിനാല്‍ സൂര്യഗ്രഹണം ദൃശ്യമാവില്ല. നാളെ (സെപ്റ്റംബര്‍ 22) ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.23ന് ഗ്രഹണം അവസാനിക്കും (3:41 am EDT). നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.11-ഓടെയാവും ഗ്രഹണം ഉച്ചസ്ഥായിയിലെത്തുക. ഇന്ത്യയില്‍ നേരിട്ട് കാണാനാവില്ലെങ്കിലും സൂര്യഗ്രഹണം വിവിധ ലൈവ് സ്‌ട്രീമിംഗുകളിലൂടെ കാണാനാകും. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമുള്ള മലയാളികള്‍ക്ക് ഈ ഭാഗിക സൂര്യഗ്രഹണം ആസ്വദിക്കാം. ഓസ്‌ട്രേലിയയില്‍ പ്രാദേശിക സമയം രാവിലെ 6.13 മുതല്‍ 7.36 വരെയും, ന്യൂസിലന്‍ഡില്‍ രാവിലെ 5.41 മുതല്‍ 8.36 വരെയും സൂര്യഗ്രഹണം ദൃശ്യമാകും.

സൂര്യഗ്രഹണം ദൃശ്യമാകാത്ത മറ്റിടങ്ങള്‍

ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലൊന്നും ഈ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകില്ല. വടക്കേ അമേരിക്കയും ലാറ്റിനമേരിക്കയും ഈ സൂര്യഗ്രഹണം ദൃശ്യമാകുന്ന പ്രദേശങ്ങളുടെ പട്ടികയ്‌ക്ക് പുറത്താണ്.

അടുത്ത സൂര്യഗ്രഹണം എപ്പോള്‍?

2025-ലെ അവസാന സൂര്യഗ്രഹണമാണ് സെപ്റ്റംബര്‍ 21ന് നടക്കാനിരിക്കുന്നത്. ഇത് കഴിഞ്ഞാല്‍ അടുത്ത സൂര്യഗ്രഹണത്തിനായി 2026 ഫെബ്രുവരി 17 വരെ കാത്തിരിക്കണം. ഇതൊരു വലയ സൂര്യഗ്രഹണം (Annular eclipse) ആയിരിക്കും. 2026-ലെ ആദ്യ സൂര്യഗ്രഹണം അന്‍റാര്‍ട്ടിക്ക, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, പസഫിക് സമുദ്ര ഭാഗങ്ങള്‍, അറ്റ്‌ലാന്‍റിക് സമുദ്ര ഭാഗങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്ര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ദൃശ്യമാകും.

കാത്തിരിപ്പ് 2027 ഓഗസ്റ്റ് രണ്ടിനായി

2027 ഓഗസ്റ്റ് രണ്ടിന് വരാനിരിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികളെ ത്രില്ലടിപ്പിക്കുന്നുണ്ട്. 'ഗ്രേറ്റ് നോര്‍ത്ത് ആഫ്രിക്കന്‍ എക്ലിപ്‌സ്' എന്നറിയപ്പെടുന്ന ഈ സമ്പൂര്‍ണ സൂര്യഗ്രഹണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണമായിരിക്കും. ഏകദേശം ആറ് മിനിറ്റ് നീണ്ടുനിൽക്കുന്ന ഗ്രേറ്റ് നോര്‍ത്ത് ആഫ്രിക്കന്‍ എക്ലിപ്‌സ് യൂറോപ്പ്, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ദൃശ്യമാകും. 1991-നും 2114-നും ഇടയിൽ സംഭവിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണത്തിനാണ് 2027 ഓഗസ്റ്റ് രണ്ടിന് ലോകം സാക്ഷ്യംവഹിക്കുക. സ്പെയിൻ, മൊറോക്കോ, ഈജിപ്‌ത്, സൗദി അറേബ്യ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ ദൃശ്യമാകുന്ന ഈ സൂര്യഗ്രഹണം പക്ഷേ ഇന്ത്യയില്‍ ഭാഗികമായേ കാണാനാവൂ.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും