
ജെനീവ: കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ജലചംക്രമണത്തെ (Water Cycle) കൂടുതൽ ദുർബലമാക്കുന്നുണ്ടെന്നും ഇത് പ്രളയത്തിനും വരൾച്ചയ്ക്കും കാരണമാകുമെന്നുമുള്ള മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. മഞ്ഞുരുകുന്നതും, വരൾച്ചയും, നദീതടങ്ങളിലെ അസന്തുലിതാവസ്ഥയും, കടുത്ത വെള്ളപ്പൊക്കവും വാട്ടര്‍ സൈക്കിള്‍ താറുമാറാക്കുന്നതായി ലോക കാലാവസ്ഥാ സംഘടന (WMO) പുറത്തുവിട്ട ആഗോള ജലവിഭവ റിപ്പോർട്ടിൽ പറയുന്നു. ലോകമെമ്പാടും ജലവിഭവങ്ങൾ കടുത്ത ഭീഷണിയിലാണ്. വെള്ളവുമായി ബന്ധപ്പെട്ട അപകട ഭീഷണികള്‍ ജീവനെയും ഉപജീവനത്തെയും സാരമായി ബാധിക്കുമെന്നും ലോക കാലാവസ്ഥാ സംഘടന മേധാവി സെലസ്റ്റെ സൗലോ പ്രസ്‌താവനയിൽ പറഞ്ഞു. ആഗോള താപനം വർധിക്കുന്നത് ദീര്‍ഘകാലം നീണ്ടുനിൽക്കുന്ന വരൾച്ചയ്ക്കോ, അതല്ലെങ്കിൽ പേമാരിക്കോ കാരണമാകുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.
കാലാവസ്ഥ മാറുന്നത് ലോകത്തില്‍ സമൂലമാറ്റത്തിന് കാരണമാകും, ജലചംക്രമണത്തെ അത് സാരമായി ബാധിക്കുകയും ചെയ്യുമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ ജല-ക്രയോസ്‌ഫിയർ വിഭാഗം ഡയറക്‌ടറായ സ്റ്റെഫാൻ ഉഹ്‌ലെൻബ്രൂക്ക് പറഞ്ഞു. ആഗോളതലത്തിൽ ലോകത്തിലെ നദീതടങ്ങളിൽ കഴിഞ്ഞ ആറ് വർഷങ്ങളായി അസന്തുലിതാവസ്ഥ പ്രകടമാണെന്നും മൂന്നിൽ രണ്ട് നദീതടങ്ങളിലും ആവശ്യത്തിന് ജലക്കുറവോ ജലാധിക്യമോ ദൃശ്യമാണ്. ഇത് ജലചംക്രമണം താളം തെറ്റുന്നതിന്‍റെ ഉദാഹരണമാണെണെന്നും ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ഓരോ വർഷവും കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, ആഗോള തലത്തിൽ ജലചക്രമണം വേഗത്തിലാകുന്നതായാണ് റിപ്പോര്‍ട്ടിലെ പ്രധാന നിരീക്ഷണം.
ആഗോളതലത്തില്‍ തടാകങ്ങളിലെ ജലത്തിന്‍റെ ഗുണനിലവാരം കുറയുകയാണെന്നും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മഞ്ഞുപാളികൾ തുടർച്ചയായ മൂന്നാം വർഷവും ശോഷിച്ചുവെന്നും ലോക കാലാവസ്ഥാ സംഘടന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. മഞ്ഞുരുകുന്നത് ആഗോളതലത്തിൽ സമുദ്രനിരപ്പ് ഏകദേശം 1.2 മില്ലിമീറ്റർ ഉയരാൻ കാരണമായെന്നും ഇത് തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി വർധിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ജലവിഭവങ്ങളെയും ജലവുമായി ബന്ധപ്പെട്ട അപകടങ്ങളെയും മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത് അപകടസാധ്യതകൾ കൈകാര്യം ചെയ്യാൻ നിർണ്ണായകമാണെന്നും ലോക കാലാവസ്ഥാ സംഘടന പുറത്തുവിട്ട ആഗോള ജലവിഭവ റിപ്പോർട്ട് അടിവരയിടുന്നു. ഭൂമിയുടെ ജലചംക്രമണം സംബന്ധിച്ച് കൂടുതല്‍ നിരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഡാറ്റകള്‍ പരസ്‌പരം കൈമാറാന്‍ എല്ലാവരും സന്നദ്ധമാകണമെന്നും ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.