കണ്ണെത്താത്ത ഇടത്ത് വിശ്രമിച്ച് വിക്രം: നാസ ഉപഗ്രഹത്തിന് ചിത്രങ്ങൾ പക‍ർത്താനായോ ?

By Web TeamFirst Published Sep 19, 2019, 10:41 AM IST
Highlights

സെപ്റ്റംബ‌ർ പതിനേഴിന് വിക്രമിന്റെ നി‌ർദ്ദിഷ്ട ലാൻഡിം​ഗ് സൈറ്റിന് മുകളിലൂടെ ലൂണാ‌ റിക്കോണിസൻസ് ഓ‌ർബിറ്റർ കടന്നു പോകുമെന്നും ചിത്രങ്ങൾ ലഭിക്കുകയാണെങ്കിൽ ഇസ്രൊയ്ക്ക് കൈമാറുമെന്നും നാസ അറിയിച്ചിരുന്നതാണ്.

ബെംഗളൂരു:  നാസയുടെ ലൂണാർ റിക്കോണിസൻസ് ഓ‌‌ബിറ്റ‌ർക്ക് ചന്ദ്രയാൻ രണ്ട് വിക്രം ലാന്ററിന്റെ ചിത്രമെടുക്കാൻ ആയിട്ടില്ലെന്ന് റിപ്പോ‌ർട്ട്. അമേരിക്കൻ എയറോസ്പേസ് റിപ്പോ‌‌‌‌ർട്ടിം​ഗ് വെബ്സൈറ്റായ ഏവിയേഷൻ വീക്കാണ് ഇക്കാര്യം റിപ്പോ‌ർട്ട് ചെയ്തത്. സെപ്റ്റംബ‌ർ പതിനേഴിന് വിക്രമിന്റെ നി‌ർദ്ദിഷ്ട ലാൻഡിം​ഗ് സൈറ്റിന് മുകളിലൂടെ ലൂണാ‌ റിക്കോണിസൻസ് ഓ‌ർബിറ്റർ കടന്നു പോകുമെന്നും ചിത്രങ്ങൾ ലഭിക്കുകയാണെങ്കിൽ ഇസ്രൊയ്ക്ക് കൈമാറുമെന്നും നാസ അറിയിച്ചിരുന്നതാണ്. എന്നാൽ വിക്രമിന്റെ ചിത്രങ്ങളെടുക്കാൻ കഴിഞ്ഞില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോ‌ർട്ട്.

ചന്ദ്രനിലെ പകൽസമയം അവസാനിക്കാറായെന്നും വിക്രം ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് ഇപ്പോൾ ഇരുട്ട് വ്യാപിക്കുകയാണെന്നും ഇത് മൂലമാണ് ചിത്രമെടുക്കാൻ കഴിയാതിരുന്നതെന്നുമാണ് റിപ്പോ‌ർട്ട്. ഭൂമിയിലെ പതിനാല് ദിവസമാണ് ചന്ദ്രനിലെ ഒരു പകലിന്‍റെ ദൈർഘ്യം അത് കഴിഞ്ഞാൽ പതിനാല് ദിവസത്തോളം നീളുന്ന രാത്രിയാണ്. ചാന്ദ്ര പകലിന്‍റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബർ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാൻ പദ്ധതിയിട്ടത്. എന്നാൽ ലാൻഡിംഗിന്‍റെ അവസാന ഘട്ടത്തിൽ വിക്രമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പതിനാല് ദിവസങ്ങൾ അവസാനിക്കുന്നതോടെ വിക്രമിന് സൂര്യപ്രകാശം കിട്ടാതാകും. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കാൻ നിർമ്മിക്കപ്പെട്ടിരുന്ന വിക്രമിന്‍റെ ആയുസ് ഇതോടെ അവസാനിക്കും.

വിക്രം ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ഇസ്രൊയുടെ ശ്രമങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. നാളെയോടു കൂടിയെങ്കിലും വിക്രമുമായി ബന്ധപ്പെടാനായില്ലെങ്കിൽ പിന്നീട് അത് സാധിക്കുകയില്ല. ഇത് വരെ വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ഐസ്ആർഒയുടെ ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല. ഓരോ മണിക്കൂർ കഴിയുമ്പോഴും വിക്രമുമായി ബന്ധപ്പെടുന്നതിനുള്ള സാധ്യത മങ്ങുകയാണെന്ന് ഇസ്രൊയിലെ ശാസ്ത്രജ്ഞർ തന്നെ സമ്മതിക്കുന്നു.

പതിനാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും സൂര്യപ്രകാശം കിട്ടിയാലും ചന്ദ്രന്‍റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. നാസയുടെ ലൂണാ‌ർ റിക്കൊണിസൻസ് ഓ‌‌‌‌ർബിറ്റ‌ർ ചന്ദ്രയാൻ രണ്ട് ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ കടന്ന് പോയെങ്കിലും ചിത്രങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇത് വരെയുണ്ടായിട്ടില്ല.

നാസയുടെ ഡീപ് സ്പേസ് നെറ്റ്‍വർക്ക് വഴിയും ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയും വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇടിച്ചിറങ്ങിയതിന്‍റെ ആഘാതത്തിൽ വിക്രമിലെ സംവിധാനങ്ങൾക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്. പിന്തുണച്ച എല്ലാവർക്കും ഐഎസ്ആർഒ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ നന്ദി പറ‍ഞ്ഞിരുന്നു. ലോകമെമ്പാടുമള്ള ഇന്ത്യക്കാരുടെ സ്വപ്നങ്ങളുടെ പിന്തുണയുമായി മുന്നോട്ടോ പോകുമെന്നായിരുന്നു ഇസ്രൊയുടെ അറിയിപ്പ്.

click me!