
ബെംഗളൂരു: ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ഇസ്രൊയുടെ ശ്രമങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ വിക്രമുമായി ബന്ധപ്പെടാനായില്ലെങ്കിൽ പിന്നീട് അത് സാധിക്കുകയില്ല. ഓരോ മണിക്കൂർ കഴിയുമ്പോഴും വിക്രമുമായി ബന്ധപ്പെടുന്നതിനുള്ള സാധ്യത മങ്ങുകയാണെന്ന് ഇസ്രൊയിലെ ശാസ്ത്രജ്ഞർ തന്നെ സമ്മതിക്കുന്നു.
സെപ്റ്റംബർ ഏഴിന് പുലർച്ചെയാണ് വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തേണ്ടിയിരുന്നുത്. എന്നാൽ ലാൻഡിംഗിന്‍റെ അവസാന ഘട്ടത്തിൽ വിക്രമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പതിനാല് ദിവസമാണ് വിക്രം ലാൻഡറിന്‍റെ നിശ്ചയിക്കപ്പെട്ടിരുന്ന പ്രവർത്തി സമയം.
ഭൂമിയിലെ പതിനാല് ദിവസമാണ് ചന്ദ്രനിലെ ഒരു പകലിന്‍റെ ദൈർഘ്യം അത് കഴിഞ്ഞാൽ പതിനാല് ദിവസം നീളുന്ന രാത്രിയാണ്. ചാന്ദ്ര പകലിന്‍റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബർ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാൻ പദ്ധതിയിട്ടത്. പതിനാല് ദിവസങ്ങൾ അവസാനിക്കുന്നതോടെ ഇവിടെ സൂര്യപ്രകാശം കിട്ടാതാകും. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കാൻ നിർമ്മിക്കപ്പെട്ടിരുന്ന വിക്രമിന്‍റെ ആയുസ് ഇതോടെ അവസാനിക്കും.
പതിനാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും സൂര്യപ്രകാശം കിട്ടിയാലും ചന്ദ്രന്‍റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. അത് കൊണ്ട് തന്നെ ഈ മൂന്ന് ദിവസങ്ങൾ കൊണ്ട് വിക്രമുമായി ബന്ധം സ്ഥാപിക്കാനായില്ലെങ്കിൽ ആ പ്രതീക്ഷ അവിടെ അവസാനിക്കും.
നാസയുടെ സഹായം
നാസയുടെ ലൂണാർ റിക്കൊണിസൻസ് ഓർബിറ്റർ ചന്ദ്രയാൻ രണ്ട് ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ കടന്ന് പോയെങ്കിലും ചിത്രങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇത് വരെയുണ്ടായിട്ടില്ല.
നിലവിൽ നാസയുടെ ഡീപ് സ്പേസ് നെറ്റ്‍വർക്ക് വഴിയും ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയും വിക്രമുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ഇടിച്ചിറങ്ങിയതിന്‍റെ ആഘാതത്തിൽ വിക്രമിലെ സംവിധാനങ്ങൾക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് അന്താരാഷ്ട്ര രംഗത്തെ വിദഗ്ധരും അനുമാനിക്കുന്നത്.
നന്ദി പറഞ്ഞ് ഇസ്രൊ
ഇതിനിടെ പിന്തുണച്ച എല്ലാവർക്കും ഐഎസ്ആർഒ സമൂഹ മാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞു. ലോകമെമ്പാടുമള്ള ഇന്ത്യക്കാരുടെ സ്വപ്നങ്ങളുടെ പിന്തുണയുമായി മുന്നോട്ടോ പോകുമെന്നും ഇസ്രൊ അറിയിച്ചു.