എല്ലാവരും ഞെട്ടിയുണര്‍ന്നു, കാതടപ്പിക്കുന്ന ശബ്‌ദവും ആകാശത്ത് ഭീമന്‍ അഗ്നിഗോളവും; ഉല്‍ക്കാജ്വാല കണ്ടതായി വിക്‌ടോറിയക്കാര്‍

Published : Aug 12, 2025, 10:52 AM ISTUpdated : Aug 12, 2025, 11:00 AM IST
Meteor Victoria

Synopsis

വീടുകള്‍ കുലുങ്ങുന്നതുപോലെ കാതടപ്പിക്കുന്ന ശബ്‌ദം അനുഭവപ്പെട്ടു, ആകാശത്ത് ഭീമന്‍ ഉല്‍ക്കാജ്വാല കണ്ടതായി വിക്‌ടോറിയക്കാരുടെ വിവരണം

വിക്‌ടോറിയ: ഓസ്ട്രേലിയയുടെ ആകാശത്ത് പ്രകാശവര്‍ഷം സൃഷ്‌ടിച്ച് ഉല്‍ക്കാപതനം. വിക്‌ടോറിയ സംസ്ഥാനത്ത് ഉല്‍ക്കാജ്വാല ദൃശ്യമായതിന്‍റെ വിവിധ സിസിടിവി, ഡാഷ്‌ക്യാം വീഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ഓഗസ്റ്റ് 10-ാം തിയതി രാത്രിയാണ് ഓസ്ട്രേലിയന്‍ പ്രദേശങ്ങളെ പ്രകാശമയമാക്കി ഭൂമിയുടെ അന്തരീക്ഷത്തില്‍ 'ഫയർബോൾ' ദൃശ്യമായത് എന്നാണ് എബിസി ന്യൂസും ബിബിസിയും ദി ഗാര്‍ഡിയനും അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആകാശത്തുകൂടെ ഈ ഉല്‍ക്ക കത്തിജ്വലിച്ച് നീങ്ങിയപ്പോള്‍ ഭയപ്പെടുത്തുന്ന സോണിക് ബൂം അനുഭവപ്പെട്ടതായാണ് പ്രദേശവാസികളുടെ വിവരണം.

സെൻട്രൽ വിക്‌ടോറിയയില്‍ ഞായറാഴ്‌ച രാത്രിയാണ് ആകാശത്ത് വലിയ ഉൽക്ക ദൃശ്യമായത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കത്തിജ്വലിച്ച ഉല്‍ക്ക വളരെ തിളക്കമുള്ള അഗ്നിഗോളവും വലിയ ശബ്‌ദവും ഉണ്ടാക്കിയതായി പ്രദേശവാസികള്‍ വിവരിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്ട്രേലിയന്‍ മെറ്റിയോര്‍ റിപ്പോര്‍ട്ട് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഉല്‍ക്കാജ്വാലയുടെ നിരവധി ദൃശ്യങ്ങളും ദൃക്‌സാക്ഷി വിവരണങ്ങളും പ്രത്യക്ഷപ്പെട്ടു. ഉല്‍ക്കാജ്വാലയുടെ ശബ്‌ദം കേട്ട് ഭൂമികുലുക്കമാണെന്നും വീട് കുലുങ്ങുന്നതുപോലെയും അനുഭവപ്പെട്ടതായി പലരും വിവരിക്കുന്നു. പ്രകാശഗോളം സൃഷ്‌ടിച്ചത് ഉല്‍ക്കയാണെന്ന് സതേൺ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ പ്രൊഫ. ജോണ്ടി ഹോണർ സ്ഥിരീകരിച്ചു. തിളക്കം കാരണം ഇതിനെ 'ഫയർബോൾ' എന്ന് വിളിക്കാമെന്നും അദേഹം അഭിപ്രായപ്പെട്ടു.

 

 

നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പെഴ്സീഡ് ഉല്‍ക്കാവര്‍ഷവുമായി ഓസ്ട്രേലിയയില്‍ ദൃശ്യമായ ഉല്‍ക്കയ്ക്ക് ബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വിക്‌ടോറിയയില്‍ കണ്ടത് മറ്റൊരു ഉല്‍ക്കയാണ് എന്നാണ് അനുമാനങ്ങള്‍. പ്രതിവർഷം ഉണ്ടാകാറുള്ള ഉൽക്കാവർഷങ്ങളിൽ ഏറ്റവും തിളക്കമുള്ള ഒന്നാണ് പെഴ്സീഡ്. സ്വിഫ്റ്റ്-ടട്ടിൽ എന്ന വാൽനക്ഷത്രം അവശേഷിപ്പിച്ച അവശിഷ്‌ടങ്ങൾക്കിടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഈ ഉൽക്കാവർഷം മണിക്കൂറിൽ 100 ഉൽക്കകൾ വരെ സൃഷ്‌ടിക്കുന്നതിന് പേരുകേട്ടതാണ്. 2025-ലെ ഓഗസ്റ്റ് 12-13 രാത്രികളിൽ പെർസീഡ് ഉല്‍ക്കകള്‍ ഏറ്റവും മികച്ച കാഴ്ചകൾ ലോകമെമ്പാടും സമ്മാനിക്കും. ഓരോ രണ്ട് മുതൽ നാല് മിനിറ്റിലും ഉല്‍ക്കകളെ കാണാനായേക്കും.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും