
ചന്ദ്രന്റെ ഉപരിതലത്തിൽ കോടിക്കണക്കിന് വർഷങ്ങളായി അടിഞ്ഞുകൂടിയ പൊടിയിൽ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂക്ഷ്മ അടയാളങ്ങൾ ഒളിഞ്ഞിരിക്കാമെന്ന പുതിയ സാധ്യത മുന്നോട്ടുവച്ച് ശാസ്ത്രജ്ഞർ. ചന്ദ്രനിലെ പൊടിയിൽ ‘മൈക്രോസ്കോപിക് ടെക്നോസിഗ്നേച്ചറുകൾ’ കണ്ടെത്താൻ ശ്രമിക്കണമെന്നാണ് നിർദേശം. എന്നാൽ ഇത് നിലവിൽ ഒരു ശാസ്ത്രീയ അനുമാനം മാത്രമാണ്. പഠനം ഇതുവരെ പിയർ റിവ്യൂ പൂർത്തിയാക്കിയിട്ടില്ല. ആഗസ്റ്റിൽ ആർകൈവിൽ പ്രസിദ്ധീകരിച്ച പഠനം ഇന്റർനാഷണൽ ജേണൽ ഓഫ് ആസ്ട്രോബയോളജിയിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള അവലോകന ഘട്ടത്തിലാണ്.
സെറ്റി ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച്, അന്യഗ്രഹ സാങ്കേതികവിദ്യയുടെ ഭാഗമായേക്കാവുന്ന വളരെ ചെറിയ എൻജിനീയർ ചെയ്ത കണങ്ങളെയാണ് ടെക്നോസിഗ്നേച്ചറുകൾ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം കണങ്ങൾ നക്ഷത്രാന്തര ബഹിരാകാശത്ത് നിന്ന് സഞ്ചരിച്ച് പിന്നീട് ചന്ദ്രനിൽ അടിഞ്ഞുകൂടിയതാകാമെന്നാണ് പഠനത്തിന്റെ ആശയം. പഠനത്തിന് നേതൃത്വം നൽകുന്നത് സെറ്റി ഇൻസ്റ്റിറ്റ്യൂട്ട് അഫിലിയേറ്റ് സയന്റിസ്റ്റ് ലൂയിസ് പിനോൾട്ടാണ്. “ചന്ദ്രൻ കോടിക്കണക്കിന് വർഷങ്ങളായി ബഹിരാകാശത്ത് നിന്നുള്ള വസ്തുക്കൾ നിശ്ശബ്ദമായി ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അവയിൽ പലതും ചന്ദ്രനേക്കാൾ കോടിക്കണക്കിന് വർഷം പഴക്കമുള്ളതായിരിക്കാം,” പിനോൾട്ട് പറഞ്ഞു. മനുഷ്യർ ആകാശത്തേക്ക് നോക്കിത്തുടങ്ങുന്നതിന് വളരെ മുമ്പ് നിലനിന്നിരുന്ന സാങ്കേതികവിദ്യകളുടെ സൂക്ഷ്‍മ അവശിഷ്‍ടങ്ങൾ ഈ ശേഖരത്തിൽ ഉണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രനിൽ അന്യഗ്രഹ സാങ്കേതികവിദ്യയുടെ തെളിവുകൾ കണ്ടെത്തിയില്ലെങ്കിലും ഈ ഗവേഷണത്തിന് ശാസ്ത്രീയ പ്രാധാന്യമുണ്ടാകുമെന്ന് സെറ്റി ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. നക്ഷത്രാന്തര ബഹിരാകാശത്തിലൂടെ പൊടി എങ്ങനെ സഞ്ചരിക്കുന്നു, അത് ചന്ദ്രന്റെ ഭൗമശാസ്ത്രത്തിലും ആഘാത പഠനങ്ങളിലും എങ്ങനെ സ്വാധീനം ചെലുത്തുന്നു തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ ഗവേഷണം സഹായിച്ചേക്കാം. അതേസമയം, പഠനം അന്യഗ്രഹ സാങ്കേതികവിദ്യയുടെ തെളിവുകളൊന്നും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും സെറ്റി ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഇത്തരം സൂക്ഷ്‍മ ടെക്നോസിഗ്നേച്ചറുകൾക്കായുള്ള തിരച്ചിൽ ശാസ്ത്രീയമായി പരീക്ഷിക്കാനാകുമെന്നാണ് പഠനം കാണിക്കുന്നതെന്നും സ്ഥാപനം പറയുന്നു.
നാസയുടെ നേതൃത്വത്തിലുള്ള ആർട്ടെമിസ് ദൗത്യങ്ങളും ചൈനയുടെ ചാങ്'ഇ റോബോട്ടിക് ദൗത്യങ്ങളും ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കാൻ അവസരമൊരുക്കും. 2030ഓടെ മനുഷ്യരെ ചന്ദ്രനിലെത്തിക്കാനും ചൈന ലക്ഷ്യമിടുന്നുണ്ട്. ഈ ദൗത്യങ്ങളിലൂടെ ലഭിക്കുന്ന ചന്ദ്രനിലെ മണ്ണും പൊടിയും ഇത്തരം ഗവേഷണങ്ങൾക്ക് ഉപയോഗിക്കാനാകും.
സൈദ്ധാന്തികമായി ഇത്തരം കണങ്ങൾ ഒരു നക്ഷത്രവ്യവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുകയും ദീർഘകാലം നിലനിൽക്കുകയും പിന്നീട് ചന്ദ്രന്റെ ഉപരിതലത്തിൽ പതിക്കുകയും ചെയ്യാം. അത്തരം കണങ്ങൾ കണ്ടെത്തിയാൽ എഐ സഹായത്തോടെയുള്ള ഇമേജിങ്, വസ്‍തു വിശകലനം, മൈക്രോസ്കോപ്പിക് പരിശോധന തുടങ്ങിയ വിവിധ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിശദമായി പരിശോധിക്കാനാണ് ഗവേഷകരുടെ പദ്ധതി.
ഭൂമിയെ അപേക്ഷിച്ച് ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ വളരെ മന്ദഗതിയിലാണ്. ചന്ദ്രനിൽ ഒഴുകുന്ന വെള്ളമോ ഭൂമിയിലേതുപോലുള്ള കാര്യമായ അന്തരീക്ഷമോ ഇല്ല. ഏകദേശം നാല് ബില്യൺ വർഷമായി ചന്ദ്രൻ ബഹിരാകാശത്ത് നിന്നുള്ള പൊടി ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പാണ് സൗരയൂഥം രൂപപ്പെട്ടതെന്നാണ് നിലവിലെ ശാസ്ത്രീയ ധാരണ. അതിനാൽ സൗരയൂഥത്തിൽ നിന്നും നക്ഷത്രാന്തര ബഹിരാകാശത്തുനിന്നും എത്തിയ വസ്‍തുക്കളുടെ ഒരു സ്വാഭാവിക ശേഖരമായി ചന്ദ്രന്റെ ഉപരിതലത്തെ കാണാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ആദ്യഘട്ടത്തിൽ ഏകദേശം 35 ക്യുബിക് അടി അഥവാ ഒരു ഘനമീറ്റർ ചന്ദ്രന്റെ റെഗോലിത്ത് പരിശോധിക്കാനാണ് ഗവേഷകരുടെ ലക്ഷ്യം. ഏകദേശം ഒരു ഫ്രിഡ്ജിന്റെ വലുപ്പത്തോളം വരുന്ന അളവാണിത്. വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് സൂക്ഷ്മമായ പരിശോധനകൾ നടത്തുകയും ക്ഷീരപഥത്തിൽ സാങ്കേതിക നാഗരികതകൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ടാകാവുന്ന ദീർഘകാലം നിലനിൽക്കുന്ന കൃത്രിമ വസ്‍തുക്കളുടെ അളവിനെക്കുറിച്ച് കൂടുതൽ വ്യക്തമായ പരിധികൾ കണ്ടെത്തുകയുമാണ് ലക്ഷ്യം. അന്യഗ്രഹ സാങ്കേതിക അടയാളങ്ങൾ കണ്ടെത്താനായില്ലെങ്കിലും ചന്ദ്രനിലെ സാമ്പിളുകൾ പഠിക്കുന്നതിനുള്ള പുതിയ രീതികൾ വികസിപ്പിക്കാനും സൗരയൂഥത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനും ഈ ഗവേഷണം സഹായിക്കുമെന്ന് സെറ്റി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ബിൽ ഡയമണ്ട് പറഞ്ഞു.