യുറാനസിന്‍റെ പുറംവളയങ്ങൾ; മറഞ്ഞിരിക്കുന്ന ചെറു ഉപഗ്രഹങ്ങളുടെ രഹസ്യം പുറത്ത്

Published : Apr 27, 2026, 06:54 PM IST
Uranus

Synopsis

കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ജെയിംസ് വെബ് ടെലിസ്കോപ്പ് ഡാറ്റ ഉപയോഗിച്ച് യുറാനസിന്‍റെ വളയങ്ങളെക്കുറിച്ച് പുതിയ കണ്ടെത്തലുകൾ നടത്തി. നീല നിറമുള്ള മ്യൂ വളയം മാബ് ഉപഗ്രഹത്തിൽ നിന്നുള്ള ജലമഞ്ഞ് കൊണ്ടും, ചുവന്ന ന്യൂ വളയം ജൈവ ഘടകങ്ങൾ കൊണ്ടും നിർമ്മിതമാണെന്ന് പഠനം പറയുന്നു. ചെറു ഉപഗ്രഹങ്ങൾ ഉണ്ടാകാമെന്ന സൂചന നൽകുന്നു.

കാലിഫോർണിയ: സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമായ യുറാനസ് അതിന്‍റെ അതിശൈത്യവും വളയങ്ങളും കാരണം കൗതുകമുണർത്തുന്ന ഒന്നാണ്. ഐസ് ജയന്‍റ് വിഭാഗത്തിൽപ്പെടുന്ന യുറാനസിന് ഒരു വളയ ശൃംഖല സ്വന്തമായിട്ടുണ്ട്. 1977-ൽ ആണ് യുറാനസിന്‍റെ പതിമൂന്ന് വളയങ്ങൾ കണ്ടെത്തിയത്. ശനിയുടെ തിളങ്ങുന്ന വളയങ്ങളെ അപേക്ഷിച്ച്, യുറാനസിന്‍റെ വളയങ്ങൾ വളരെ മങ്ങിയതും രഹസ്യങ്ങൾ നിറഞ്ഞതുമാണ്. ഇപ്പോൾ, ഈ വളയങ്ങളിൽ ഉൾപ്പെടുന്ന മ്യൂ (mu-μ)യും ന്യൂ (v)വും ശാസ്ത്രജ്ഞർക്കു പുതിയ കണ്ടെത്തലുകളിലേക്ക് വഴിതെളിക്കുകയാണ്.

യുറാനസിന്‍റെ പുറംവളയങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായി

അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകയായ ഇംകെ ഡി പാറ്ററിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനം 'ജേണൽ ഓഫ് ജിയോഫിസിക്കൽ റിസർച്ച്: പ്ലാനറ്റ്‌സ്' എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചു. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് (JWST), ഹബിൾ ടെലിസ്കോപ്പ്, കെക്ക് നിരീക്ഷണകേന്ദ്രം തുടങ്ങിയവയുടെ വിവരങ്ങൾ ഉപയോഗിച്ചാണ് ഈ പഠനം നടന്നത്. ആദ്യമായി ഈ രണ്ട് വളയങ്ങളുടെയും സംയുക്ത പ്രതിഫലന സ്പെക്‌ട്രം തയ്യാറാക്കാൻ ഗവേഷകർക്ക് കഴിഞ്ഞു.

പഠനഫലങ്ങൾ അനുസരിച്ച്, നീല നിറത്തിലുള്ള മ്യൂ (mu-μ) വളയം, മാബ് എന്ന ചെറിയ ഉപഗ്രഹത്തിൽ നിന്നുള്ള ജലമഞ്ഞ് കണങ്ങളാൽ നിർമ്മിതമാണ്. മൈക്രോമീറ്റിയറോയിഡുകളുടെ ഇടിച്ചിലുകൾ മൂലം ഈ കണങ്ങൾ പുറത്തേക്ക് ചിതറുന്നതായി കണ്ടെത്തി. അതേസമയം ചുവപ്പ് നിറത്തിലുള്ള ന്യൂ (v) വളയം ധാതു ഘടകങ്ങളും 10 മുതൽ 15 ശതമാനം വരെ കാർബൺ അധിഷ്‍ഠിത ജൈവ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ്. ഇത് സമീപ പ്രദേശങ്ങളിൽ ഭ്രമണം ചെയ്യുന്ന, ഇതുവരെ കണ്ടെത്താത്ത ചെറു ഉപഗ്രഹങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു.

ഒരു ഉപഗ്രഹത്തിന് 10 കിലോമീറ്റര്‍ മാത്രം വലുപ്പം

ന്യൂ (v) വളയത്തിലെ ധൂളിയിൽ കാണുന്ന ജൈവ ഘടകങ്ങൾ, നിലവിലെ ടെലിസ്കോപ്പുകൾക്ക് കാണാൻ കഴിയാത്ത ചെറുതായ ഉപഗ്രഹങ്ങൾ യുറാനസിന്‍റെ ചുറ്റും ഉണ്ടായിക്കാം എന്നന്നതിന് ശക്തമായ തെളിവുകളാണ് എന്ന് ഗവേഷകർ പറയുന്നു. 2025-ൽ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയ S/2025 U1 എന്ന വെറും 10 കിലോമീറ്റർ വലുപ്പമുള്ള ഉപഗ്രഹം ഈ സംശയത്തെ കൂടുതൽ ശക്തമാക്കി. ഇനിയും അനവധി ചെറിയ ആകാശവസ്‍തുക്കൾ കണ്ടെത്താൻ ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

മാബ് ഉപഗ്രഹം എങ്ങനെ അതിന്‍റെ പാറഘടനയുള്ള അയൽ ഉപഗ്രഹങ്ങളെക്കാൾ കൂടുതൽ മഞ്ഞ് സ്വഭാവം കൈവരിച്ചുവെന്നത് ഇപ്പോഴും ദുരൂഹമാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ യുറാനസിലേക്കുള്ള പ്രത്യേക ബഹിരാകാശ ദൗത്യം ആവശ്യമാണ് എന്നതാണ് ശാസ്ത്രലോകത്തിന്‍റെ നിലപാട്.

 

 

PREV
Read more Articles on
click me!

Recommended Stories

ഭൂമിയിലെ ജലത്തിന്‍റെ ഉത്ഭവം അവിടെ നിന്നോ? പുതിയ കണ്ടെത്തലുമായി നാസ
രാത്രിയിൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും ചൂടും തമ്മിൽ ബന്ധമുണ്ടോ? ശീതരക്ത ജീവിയായ പാമ്പിന്റെ സവിശേഷതകൾ