
കാലിഫോര്‍ണിയ: മനുഷ്യന്‍ വീണ്ടും ചന്ദ്രന്‍റെ രഹസ്യങ്ങള്‍ തേടി യാത്രയാവുന്നു, ആർട്ടിമിസ് 2 ദൗത്യം 2026 ഫെബ്രുവരിയിൽ നടക്കുമെന്ന് നാസ സ്ഥിരീകരിച്ചു. ആർട്ടിമിസ് 2 ദൗത്യ സംഘത്തിൽ നാല് പേരാണുണ്ടാവുക. കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ജെറമി ഹാൻസെണ്‍, നാസയുടെ ക്രിസ്റ്റീന കോച്ച്, വിക്‌ടര്‍ ഗ്ലോവര്‍, റീഡ് വൈസ്‌മാന്‍ എന്നിവരാണ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘാംഗങ്ങളെന്ന് നാസ അറിയിച്ചു. പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി മടങ്ങാനാണ് ഇവര്‍ പദ്ധതിയിടുന്നത്. 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷമുള്ള മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യ ചാന്ദ്ര യാത്രയാണ് ആര്‍ട്ടിമിസ് 2. എന്നാല്‍ അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആർട്ടിമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറൈയോൺ പേടകം ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരിക മാത്രമേ ചെയ്യുന്നുള്ളൂ.
നാസയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയായ ആര്‍ട്ടിമിസിലെ രണ്ടാം ദൗത്യമാണ് നടക്കാന്‍ പോകുന്നത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായിരുന്ന ആര്‍ട്ടിമിസ് 1 ആണ് ആദ്യത്തേത്. അന്ന് ഒറൈയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. 2027ലോ 2028ലോ നടക്കാനിരിക്കുന്ന ആര്‍ട്ടിമിസ് 3 ദൗത്യത്തിലായിരിക്കും 1972ന് ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുക.
54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്. ഫെബ്രുവരിയിലെ ആർട്ടിമിസ് 2 ദൗത്യത്തിനുള്ള ഒരുക്കങ്ങൾ അവസാന ലാപ്പിലേക്ക് കടന്നതായി നാസ അറിയിച്ചു. ഫെബ്രുവരി ആറിനും പതിനൊന്നിനും ഇടയിൽ ആര്‍ട്ടിമിസ് 2 വിക്ഷേപണം നടക്കും. വിക്ഷേപണ വാഹനമായ എസ്എൽഎസ് റോക്കറ്റിന്‍റെ ലോഞ്ച് പാഡിലേക്കുള്ള റോളൗട്ട് ഇന്ന് നടക്കും. 10 മണിക്കൂർ വരെ എടുക്കും റോക്കറ്റ് ലോഞ്ച് പാഡിലേക്ക് മാറ്റാൻ. കെന്നഡി സ്പേസ് സെന്‍ററിലെ വിഖ്യാതമായ ലോഞ്ച് പാഡ് നമ്പർ 39 ബിയിൽ നിന്നാണ് ആർട്ടിമിസ് 2 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കാന്‍ പോകുന്നത്. ഫെബ്രുവരി രണ്ടിന് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന വെറ്റ് ഡ്രെസ്സ് റിഹേഴ്‌സൽ നടക്കും. ആര്‍ട്ടിമിസ് 2 ദൗത്യത്തോടെ അടുത്ത ചാന്ദ്ര യാത്രാ മത്സരത്തിന്‍റെ കിക്കോഫിനാകും ലോകം സാക്ഷ്യം വഹിക്കുക.