ഐഎസ്എസ് വൈദ്യുതി നവീകരണത്തിന് മുന്നൊരുക്കം; ഏഴ് മണിക്കൂർ ബഹിരാകാശ നടത്തം വിജയകരം

Published : Mar 22, 2026, 01:03 PM IST
International Space Station

Synopsis

നാസയുടെ ജെസിക്ക മെയറും ക്രിസ് വില്യംസും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ നീണ്ട ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കി. നിലയത്തിലെ വൈദ്യുതി സംവിധാനം നവീകരിക്കുന്നതിനും പുതിയ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. 

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ യാത്രികരായ ജെസിക്ക മെയറും ക്രിസ് വില്യംസും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐഎസ്എസ്) പുറത്ത് എക്‌സ്‌ട്രാവെഹിക്കുലർ ആക്റ്റിവിറ്റി 94 (EVA-94) വിജയകരമായി പൂര്‍ത്തിയാക്കി. മാർച്ച് 18-ന് ഉച്ചകഴിഞ്ഞ് 3:54-ന് (EDT) അവസാനിച്ച ഈ ദൗത്യം ആകെ ഏഴ് മണിക്കൂർ രണ്ട് മിനിറ്റ് നീണ്ടുനിന്നു. ഇത് ക്രിസ് വില്യംസിന്‍റെ ആദ്യ സ്പേസ് വാക്കായിരുന്നു. അതേസമയം, ജെസിക്ക മെയറിനെ സംബന്ധിച്ച് നാലാമത്തെ അനുഭവമായിരുന്നു ഇത്.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ നിര്‍ണായക അറ്റകുറ്റപ്പണി

ഐഎസ്എസിന്‍റെ വൈദ്യുതി സംവിധാനത്തിൽ നിർണായകമായ നവീകരണത്തിന് തയ്യാറെടുപ്പുകൾ നടത്തുക എന്നതായിരുന്നു ഈ ബഹിരാകാശ നടത്തത്തിന്‍റെ പ്രധാന ലക്ഷ്യം. ഭാവിയിൽ നിലയത്തിന്‍റെ പ്രവർത്തനം തുടർച്ചയായി ഉറപ്പാക്കാനും അവസാനഘട്ടത്തിൽ സുരക്ഷിതമായി ഡീഓർബിറ്റ് ചെയ്യാനും ഈ നവീകരണം സഹായകരമാകും. നാസയുടെ വിവരം അനുസരിച്ച്, അന്തരീക്ഷയാത്രികർ 2A പവർ ചാനൽ തയ്യാറാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് റോൾ-ഔട്ട് സോളാർ അറേ (ROSA) സ്ഥാപിക്കാൻ വഴിയൊരുക്കും. പുതിയ സോളാർ പാനലുകൾ സ്ഥാപിച്ചതോടെ ബഹിരാകാശ നിലയത്തിന് കൂടുതൽ വൈദ്യുതി ലഭ്യമാകും. കൂടാതെ, 2A പവർ ചാനലിലെ ഘടകങ്ങളുടെ പരിപാലനത്തിനായി ഒരു ഇലക്ട്രിക്കൽ ജമ്പർ സ്ഥാപിക്കുകയും ഒരു ബാറ്ററി ബോക്‌സിലെ ബോൾട്ടിന്‍റെ ടോർക്ക് ക്രമീകരിക്കുകയും ചെയ്‌തു.

എന്താണ് റോസ സിസ്റ്റം? 

റെഡ്‍വയർ വികസിപ്പിച്ച റോൾ-ഔട്ട് അറേ സിസ്റ്റം അഥവാ റോസ (ROSA) സിസ്റ്റം പുതിയ സാങ്കേതികവിദ്യയാണ്. റോൾ ചെയ്‌ത നിലയിൽ വിക്ഷേപിച്ച്, ബഹിരാകാശത്ത് എത്തിച്ച ശേഷം തുറന്ന് വിന്യസിക്കുന്നതാണ് ഇതിന്‍റെ പ്രത്യേകത. അടുത്ത EVA-95 ദൗത്യത്തിൽ 3B പവർ ചാനലിലും സമാനമായ നവീകരണം നടപ്പാക്കാനാണ് പദ്ധതി. ഈ ദൗത്യം ഐഎസ്എസിലെ പഴകിയ സോളാർ പാനലുകൾ നവീകരിക്കുന്ന വലിയ പദ്ധതിയുടെ ഭാഗമാണ്. 2000-മുതൽ ഉപയോഗത്തിലിരിക്കുന്ന ഈ പാനലുകൾക്ക് ആദ്യം 15 വർഷത്തെ ആയുസ് മാത്രമാണ് കണക്കാക്കിയിരുന്നത്. കാലക്രമേണ ഇവയുടെ ഫോട്ടോവോൾട്ടായിക് സെല്ലുകളുടെ കാര്യക്ഷമത കുറഞ്ഞുവരികയാണ്.

സമയപരിമിതികൾ കാരണം, സ്റ്റേഷന്‍റെ പുറംഭാഗത്ത് സൂക്ഷ്‌മജീവികളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള സാമ്പിളുകൾ ശേഖരിക്കൽ, Canadarm2 റോബോട്ടിക് കൈയിലെ ക്യാമറയ്ക്ക് ലെൻസ് കവറുകൾ സ്ഥാപിക്കൽ തുടങ്ങിയ ചില പദ്ധതികൾ അടുത്ത സ്പേസ് വാക്കിലേക്ക് മാറ്റിവെച്ചു.

PREV
Read more Articles on
click me!

Recommended Stories

ഛിന്നഗ്രഹ ഭീഷണിക്കെതിരെ ഭൂമിക്ക് പുതിയ പ്രതിരോധ കവചം; ബ്ലൂ ഒറിജിന്‍റെ ‘നിയോ ഹണ്ടർ’ ദൗത്യം
പുരാതന പ്രപഞ്ചത്തിലെ അപൂർവ നക്ഷത്രം കണ്ടെത്തി ശാസ്ത്രജ്ഞർ; 150000 പ്രകാശവർഷം അകലം