പുരാതന പ്രപഞ്ചത്തിലെ അപൂർവ നക്ഷത്രം കണ്ടെത്തി ശാസ്ത്രജ്ഞർ; 150000 പ്രകാശവർഷം അകലം

Published : Mar 19, 2026, 04:13 PM IST
PicII-503

Synopsis

ജ്യോതിശാസ്ത്രജ്ഞർ ഇരുമ്പിന്‍റെ അളവ് വളരെ കുറഞ്ഞ ഒരു രണ്ടാം തലമുറ നക്ഷത്രത്തെ കണ്ടെത്തി. PicII-503 എന്ന് പേരിട്ടിരിക്കുന്ന ഈ നക്ഷത്രം, പ്രപഞ്ചത്തിന്‍റെ ആദികാല രാസവികസനത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകുന്ന ഒരു കോസ്മിക് ഫോസിലായി കണക്കാക്കപ്പെടുന്നു.

പ്രാചീന പ്രപഞ്ചത്തിന്‍റെ നിഗൂഢ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരുന്ന അത്യപൂർവമായൊരു കണ്ടെത്തലാണ് ഇപ്പോൾ ജ്യോതിശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത്. കോസ്‍മിക് പുരാവസ്‍തുശാസ്ത്രജ്ഞർ എന്ന രീതിയിൽ പ്രവർത്തിച്ച ഗവേഷകർ ഇരുമ്പിന്‍റെ അളവ് വളരെ കുറവായ രണ്ടാമത്തെ തലമുറയിലെ (POP II) ഒരു നക്ഷത്രത്തെ കണ്ടെത്തിയതായി സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ഈ നക്ഷത്രം പ്രപഞ്ചത്തിന്‍റെ ആദികാല രാസവികസനത്തിന്‍റെ ജീവിച്ചിരിക്കുന്ന തെളിവായാണ് കണക്കാക്കുന്നത്.

POP II  നക്ഷത്രം

പിക്‌ടർ നക്ഷത്രരാശിയിലെ “പിക്‌ടർ II” എന്ന ചെറിയ ഗാലക്‌സിയിലാണ് ഈ നക്ഷത്രം കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് ഏകദേശം 150,000 പ്രകാശവർഷം അകലെയുള്ള ഈ ഗാലക്സിയിൽ കണ്ടെത്തിയ ഈ നക്ഷത്രത്തിന് PicII-503 എന്ന പേരാണ് നൽകിയിരിക്കുന്നത്. വിക്‌ടർ എം ബ്ലാങ്കോ (Víctor M. Blanco) 4-മീറ്റർ ടെലിസ്കോപ്പിൽ ഘടിപ്പിച്ചിരിക്കുന്ന ഡാർക്ക് എനർജി ക്യാമറ (DECam) ഉപയോഗിച്ച് ഈ നക്ഷത്രത്തെ കണ്ടെത്തുകയായിരുന്നു. സൂര്യനിലുള്ള ഇരുമ്പിന്‍റെ വെറും 1/40,000 ഭാഗം മാത്രമേ ഇതിൽ ഉള്ളൂ എന്നതാണ് ഇതിന്‍റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത.

പ്രപഞ്ചത്തിലെ ആദ്യ തലമുറ നക്ഷത്രങ്ങൾ (POP III) ഹൈഡ്രജനും ഹീലിയവും മാത്രമായിരുന്നു പ്രധാനമായും അടങ്ങിയിരുന്നത്. ഇവയുടെ ഉള്ളിലാണ് ആദ്യമായി കാർബൺ, ഇരുമ്പ് പോലുള്ള ഭാരമേറിയ മൂലകങ്ങൾ രൂപപ്പെട്ടത്. പിന്നീട് ഇവ സൂപ്പർനോവയായി പൊട്ടിത്തെറിക്കുകയും ഈ മൂലകങ്ങൾ അന്തരീക്ഷത്തിലേക്ക് വിതറപ്പെടുകയും അടുത്ത തലമുറ നക്ഷത്രങ്ങൾ രൂപപ്പെടുകയും ചെയ്‌തത്. ഇത്തരത്തിൽ രൂപപ്പെട്ട POP II നക്ഷത്രങ്ങൾ, പ്രപഞ്ചത്തിന്‍റെ രാസവികസന ചരിത്രം രേഖപ്പെടുത്തുന്ന സമയരേഖകൾ പോലെ പ്രവർത്തിക്കുന്നു. PicII-503-ൽ കണ്ടെത്തിയ ഇരുമ്പിന്‍റെ കുറവ്, ഇതുവരെ മിൽക്കിവേ ഗാലക്‌സിക്ക് പുറത്തായി കണ്ടെത്തിയതിൽ ഏറ്റവും കുറഞ്ഞതാണെന്ന് ഗവേഷകർ പറയുന്നു.

മാജിക് സർവേയുടെ ഭാഗമായി ശേഖരിച്ച ഡാറ്റയിലാണ് ഈ കണ്ടെത്തൽ. പിന്നീട് വെരി ലാർജ് ടെലിസ്‍കോപ് (VLT) ഉൾപ്പെടെയുള്ള ശക്തമായ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതിന്‍റെ സവിശേഷതകൾ സ്ഥിരീകരിച്ചു. ഈ നക്ഷത്രത്തിലെ കാർബൺ-ഇരുമ്പ് അനുപാതം വളരെ കുറഞ്ഞതിന്‍റെ കാരണം, ആദ്യ തലമുറ നക്ഷത്രങ്ങൾ കുറഞ്ഞ ഊർജമുള്ള സൂപ്പർനോവകളായി പൊട്ടിത്തെറിച്ചതാകാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഇത് ബ്രഹ്മാണ്ഡത്തിന്‍റെ ആദ്യഘട്ട രാസമാറ്റങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകുന്നു.

നേച്ചർ ആല്‍ട്രോണമി ജേർണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, പ്രപഞ്ചത്തിന്‍റെ ആദികാലത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് പുതിയ വഴികൾ തുറക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഇതുപോലുള്ള കണ്ടെത്തലുകൾ കോസ്‍മിക് പുരാവസ്‍തുശാസ്ത്രമാണെന്നും ഇത് പ്രപഞ്ചത്തിലെ ആദ്യത്തെ നക്ഷത്രങ്ങളുടെ വിരലടയാളം സംരക്ഷിക്കുന്ന അപൂർവ നക്ഷത്ര ഫോസിലുകൾ കണ്ടെത്തുന്നുവെന്നും NOIRLab-ന്‍റെ നാഷണൽ സയൻസ് ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്‌ടർ ക്രിസ് ഡേവിസ് ഒരു പ്രസ്‍താവനയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ശുക്രനിലെ ജീവൻ തേടി റഷ്യ; മേഘങ്ങളില്‍ സൂക്ഷ്‌മജീവികളുടെ സാന്നിധ്യം കണ്ടെത്തുക പ്രധാന ലക്ഷ്യം
രാകേഷ് ശർമ്മക്ക് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം; ഗവർണർ മാർച്ച് 24ന് സമ്മാനിക്കും