വിക്രമിന്‍റെ ചിത്രങ്ങൾ കിട്ടിയോ? ലാൻഡിംഗ് സൈറ്റ് ക്യാമറയിൽ പകർത്തി നാസ ഓർബിറ്റർ

Published : Sep 19, 2019, 12:23 PM ISTUpdated : Sep 19, 2019, 12:33 PM IST
വിക്രമിന്‍റെ ചിത്രങ്ങൾ കിട്ടിയോ? ലാൻഡിംഗ് സൈറ്റ് ക്യാമറയിൽ പകർത്തി നാസ ഓർബിറ്റർ

Synopsis

ദക്ഷിണധ്രുവപ്രദേശത്തെ പകൽ സമയം അവസാനിച്ച് തുടങ്ങിയതിനാൽ തന്നെ ലാൻഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ബഹുഭൂരിഭാഗം പ്രദേശവും ഇരുട്ടിലാണെന്നും വിക്രമും ഈ ഇരുണ്ട ഭാഗത്താണോ എന്ന് ഉറപ്പില്ലെന്നും നാസ അറിയിച്ചു. 

വാഷിം​ഗ്ടൺ: ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങൾ എടുത്തുവെന്ന് സ്ഥിരീകരിച്ച് നാസ. ലൂണാർ റെക്കണിസൻസ് ഓർബിറ്റ‌ർ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ജോൺ കെല്ലറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്രമിന്‍റെ ലാൻഡിംഗ് സ്ഥാനത്തിന്‍റെ ചിത്രങ്ങൾ എൽആർഒ പകർത്തിയെന്നും വിദഗ്ധ സംഘം ഈ ചിത്രങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിക്രമിന്‍റെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങൾ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.

ദക്ഷിണധ്രുവപ്രദേശത്തെ പകൽ സമയം അവസാനിച്ച് തുടങ്ങിയതിനാൽ തന്നെ ലാൻഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ബഹുഭൂരിഭാഗം പ്രദേശവും ഇരുട്ടിലാണെന്നും വിക്രമും ഈ ഇരുണ്ട ഭാഗത്താണോ എന്ന് ഉറപ്പില്ലെന്നും ജോൺ കെല്ലർ വ്യക്തമാക്കി. നാസയുടെ  നയമനുസരിച്ച് ലൂണാ‍ർ റിക്കൊണിസൻസ് ഓ‌ർബിറ്റർ പകർത്തിയ എല്ലാ ചിത്രങ്ങളും പൊതു സമൂഹത്തിന് ലഭ്യമാക്കാറുണ്ട്. വിക്രമിന്‍റെ ലാൻഡിംഗ് സൈറ്റിന്‍റെ ചിത്രങ്ങളും ഇത്തരത്തിൽ പുറത്തുവിടും.

ഭൂമിയിലെ പതിനാല് ദിവസമാണ് ചന്ദ്രനിലെ ഒരു പകലിന്‍റെ ദൈർഘ്യം അത് കഴിഞ്ഞാൽ പതിനാല് ദിവസത്തോളം നീളുന്ന രാത്രിയാണ്. ചാന്ദ്ര പകലിന്‍റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബർ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാൻ പദ്ധതിയിട്ടത്. എന്നാൽ ലാൻഡിംഗിന്‍റെ അവസാന ഘട്ടത്തിൽ വിക്രമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പതിനാല് ദിവസങ്ങൾ അവസാനിക്കുന്നതോടെ വിക്രമിന് സൂര്യപ്രകാശം കിട്ടാതാകും. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കാൻ നിർമ്മിക്കപ്പെട്ടിരുന്ന വിക്രമിന്‍റെ ആയുസ് ഇതോടെ അവസാനിക്കും.

വിക്രം ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ഇസ്രൊയുടെ ശ്രമങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. നാളെയോടു കൂടിയെങ്കിലും വിക്രമുമായി ബന്ധപ്പെടാനായില്ലെങ്കിൽ പിന്നീട് അത് സാധിക്കുകയില്ല. ഇത് വരെ വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ഐസ്ആർഒയുടെ ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല. ഓരോ മണിക്കൂർ കഴിയുമ്പോഴും വിക്രമുമായി ബന്ധപ്പെടുന്നതിനുള്ള സാധ്യത മങ്ങുകയാണെന്ന് ഇസ്രൊയിലെ ശാസ്ത്രജ്ഞർ തന്നെ സമ്മതിക്കുന്നു.

പതിനാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും സൂര്യപ്രകാശം കിട്ടിയാലും ചന്ദ്രന്‍റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. നാസയുടെ ലൂണാ‌ർ റിക്കൊണിസൻസ് ഓ‌‌‌‌ർബിറ്റ‌ർ ചന്ദ്രയാൻ രണ്ട് ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ കടന്ന് പോയെങ്കിലും ചിത്രങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇത് വരെയുണ്ടായിട്ടില്ല.

നാസയുടെ ഡീപ് സ്പേസ് നെറ്റ്‍വർക്ക് വഴിയും ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയും വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇടിച്ചിറങ്ങിയതിന്‍റെ ആഘാതത്തിൽ വിക്രമിലെ സംവിധാനങ്ങൾക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്. പിന്തുണച്ച എല്ലാവർക്കും ഐഎസ്ആർഒ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ നന്ദി പറ‍ഞ്ഞിരുന്നു. ലോകമെമ്പാടുമള്ള ഇന്ത്യക്കാരുടെ സ്വപ്നങ്ങളുടെ പിന്തുണയുമായി മുന്നോട്ട് പോകുമെന്നായിരുന്നു ഇസ്രൊയുടെ അറിയിപ്പ്.

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ