1 വർഷം, താമസിക്കേണ്ടത് കൃത്രിമ ചൊവ്വയിൽ; പുകവലിക്കാത്ത, ഇംഗ്ലീഷ് അറിയുന്ന 4 സന്നദ്ധ സേവകരെ തേടി നാസ

By Web TeamFirst Published Feb 20, 2024, 1:32 PM IST
Highlights

താമസിക്കുന്ന സ്ഥലം ശുചിയാക്കുന്നതും ചെടികൾ വളർത്തുന്നതും ഗവേഷക സംഘവുമായി ബന്ധപ്പെട്ട് റോബോട്ടിക്സ് പരീക്ഷണങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്നവർ ഏർപ്പെടേണ്ടി വരും. ഉപകരണങ്ങൾ പരാജയപ്പെടുന്നതും ഭൂമിയുമായി ബന്ധങ്ങളിൽ തടസങ്ങൾ നേരിടുന്നതടക്കമുള്ള വെല്ലുവിളികൾ കൃത്രിമ ചൊവ്വാഗ്രഹത്തിൽ താമസിക്കുന്നവർക്ക് നേരിടേണ്ടി വരും

ഹൂസ്റ്റൺ: നിർണായകമായ ചൊവ്വാ ദൌത്യത്തിലേക്ക് സന്നദ്ധ സേവകരെ തേടി നാസ. ചൊവ്വയുടേതിന് സമാനമായി കൃത്രിമമായി സൃഷ്ടിച്ച സാഹചര്യത്തിൽ ഒരു വർഷം താമസിച്ച് നാസയോടൊപ്പം വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ സന്നദ്ധരായ നാല് പേരെയാണ് ബഹിരാകാശ പര്യവേക്ഷണ കേന്ദ്രം തേടുന്നത്. ചൊവ്വാ ഗ്രഹത്തിൽ ഒരു വർഷം താമസിക്കുന്നത് മനുഷ്യ ശരീരത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളേക്കുറിച്ച് പഠിക്കാനാണ് ഈ പരീക്ഷണം. 1700 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള കൃത്രിമ ചൊവ്വാ ഗ്രഹത്തിലാകും പരീക്ഷണം നടക്കുക.

ചപ്പീ മിഷന്റെ ഭാഗമായുള്ള രണ്ടാമത്തെ പരീക്ഷണമാണ് ഇത്. ടെക്സാസിലെ ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററില് സജ്ജമാക്കുന്ന ത്രീഡി പ്രിന്റഡ് ചൊവ്വാ ഗ്രഹത്തിലാണ് നിർണായ പരീക്ഷണങ്ങൾ നടക്കുക. മാർസ് ഡൂൺ ആൽഫ എന്നാണ് ഈ പരീക്ഷണത്തിന് നൽകിയിരിക്കുന്ന പേര്. ഭക്ഷ്യ വസ്തുക്കൾ വളർത്താനും ആരോഗ്യ സംരക്ഷണത്തിനും പഠനത്തിനുമായി വിവിധ ഇടങ്ങളുള്ള ഈ കൃത്രിമ ഗ്രഹത്തിൽ കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ചായിരിക്കും സന്നദ്ധ സേവനത്തിനെത്തുന്നവരുടെ അതിജീവനം. താമസിക്കുന്ന സ്ഥലം ശുചിയാക്കുന്നതും ചെടികൾ വളർത്തുന്നതും ഗവേഷക സംഘവുമായി ബന്ധപ്പെട്ട് റോബോട്ടിക്സ് പരീക്ഷണങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്നവർ ഏർപ്പെടേണ്ടി വരും.

ഉപകരണങ്ങൾ പരാജയപ്പെടുന്നതും ഭൂമിയുമായി ബന്ധങ്ങളിൽ തടസങ്ങൾ നേരിടുന്നതടക്കമുള്ള വെല്ലുവിളികൾ കൃത്രിമ ചൊവ്വാഗ്രഹത്തിൽ താമസിക്കുന്നവർക്ക് നേരിടേണ്ടി വരും. 2025ഓടെ പരീക്ഷണം ആരംഭിക്കാനുള്ള ശ്രമത്തിലാണ് നാസയുള്ളത്. ഏപ്രിൽ രണ്ട് വരെയാണ് പരീക്ഷണത്തിന് സന്നദ്ധ സേവനത്തിന് അപേക്ഷിക്കാനാവുക. 30 മുതൽ 55 വരെ പ്രായമുള്ള അമേരിക്കൻ പൌരന്മാർക്കോ പിആർ ലഭിച്ചവർക്കോ ആണ് പരീക്ഷണത്തിന് അപേക്ഷിക്കാനാവുക. ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്നവരും പുകവലിക്കുന്ന ശീലമില്ലാത്തവരും ആയിരിക്കണം അപേക്ഷകർ. സൈനിക സേവനം ചെയ്തവർക്കും എൻജിനിയർമാർക്കും അപേക്ഷകരിൽ പ്രഥമ പരിഗണന നൽകും. ചന്ദ്രനിലെ സമാന്തര അന്തരീക്ഷം ഒരുക്കി അവിടെ പരീക്ഷണമായ ആർട്ടിമിസ് എന്ന ദൌത്യത്തിനുള്ള ഒരുക്കത്തിലാണ് നാസയുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!