ചൊവ്വയിൽ തടാകത്തിന്‍റെ അവശിഷ്ടം, ഒരിക്കല്‍ വാസയോഗ്യമായിരുന്നിരിക്കാം; നിർണായക കണ്ടെത്തലുമായി നാസ

Published : Jan 27, 2024, 01:13 PM ISTUpdated : Jan 27, 2024, 01:16 PM IST
ചൊവ്വയിൽ തടാകത്തിന്‍റെ അവശിഷ്ടം, ഒരിക്കല്‍ വാസയോഗ്യമായിരുന്നിരിക്കാം; നിർണായക കണ്ടെത്തലുമായി നാസ

Synopsis

നിലവില്‍ തണുത്തുറഞ്ഞതും വരണ്ടതും ജീവനില്ലാത്തതുമായ ചൊവ്വ ഒരു കാലത്ത് വാസയോഗ്യവുമായിരുന്നിരിക്കാമെന്ന നിർണായക കണ്ടെത്തലാണ് പഠനം മുന്നോട്ടുവെയ്ക്കുന്നത്. 

ചൊവ്വയില്‍ പുരാതന തടാകത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസയുടെ ചൊവ്വാദൌത്യം. പെർസെവറൻസ് റോവറാണ് ജല സാന്നിധ്യമുണ്ടായിരുന്ന തടാകം ചൊവ്വയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ജെറെസോ ഗര്‍ത്തമെന്ന് പേരിട്ട ചൊവ്വയുടെ ഉപരിതലത്തിലെ തടാകത്തിന്‍റെ സാന്നിധ്യത്തിലേക്കാണ് പെർസെവറൻസ് വെളിച്ചം വീശുന്നത്.  ചൊവ്വയില്‍ ഒരു കാലത്ത് വെള്ളമുണ്ടായിരുന്നുവെന്നും സൂക്ഷ്മജീവികളുണ്ടായിരുന്നുവെന്നുമുള്ള സംശയത്തെ  ബലപ്പെടുത്തുന്ന തെളിവുകളാണ് പുറത്തുവരുന്നത്. 

ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെയും (യുസിഎൽഎ) ഓസ്‌ലോ സർവകലാശാലയിലെയും സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണം സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചു. ഭൂമിയിലെ തടാകങ്ങളിലെ പോലെ മണ്ണിന്‍റെ അവശിഷ്ടങ്ങള്‍ ജെറെസോ തടാകത്തിലും ഉണ്ടായിരുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ തണുത്തുറഞ്ഞതും വരണ്ടതും ജീവനില്ലാത്തതുമായ ചൊവ്വ ഒരു കാലത്ത് ജലമുള്ളതും ഒരുപക്ഷേ വാസയോഗ്യവുമായിരുന്നിരിക്കാമെന്ന നിർണായക കണ്ടെത്തലാണ് പഠനം മുന്നോട്ടുവെയ്ക്കുന്നത്. 

റോവറിന്‍റെ റിംഫാക്‌സ് റഡാർ ഉപകരണത്തിൽ നിന്നുള്ള തരംഗങ്ങള്‍ ചൊവ്വയിലെ 65 അടി താഴ്ചയുള്ള ശിലാപാളികളുടെ ദൃശ്യം ലഭ്യമാക്കി. ഏതാണ്ട് 3 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതായി കരുതപ്പെടുന്ന ജെറേസോയുടെ അവശിഷ്ടങ്ങളുടെ സൂക്ഷ്മ പരിശോധനയാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. 2020 ജൂലൈയിലാണ് നാസ പെർസെവറൻസ് വിക്ഷേപിച്ചത്. 2021 ഫെബ്രുവരി 19ന് ചൊവ്വയില്‍ ലാന്‍ഡ് ചെയ്തു. ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ, വാസയോഗ്യമാണോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും