ഭൂമിക്ക് പുറത്തുനിന്നും സൗരയൂഥത്തിലെത്തിയ 3I/ATLAS എന്ന ഇന്‍റർസ്റ്റെല്ലാർ ധൂമകേതുവിൽ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സിഗ്നലുകളുണ്ടോ എന്ന് SETI ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തി. മണിക്കൂറുകൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ, കണ്ടെത്താനായ സിഗ്നലുകളെല്ലാം മനുഷ്യനിർമ്മിതമാണെന്ന് സ്ഥിരീകരിക്കുകയും അന്യഗ്രഹ സാന്നിധ്യത്തിന് തെളിവില്ലെന്ന് കണ്ടെത്തുകയും ചെയ്തു.
ഭൂമിക്കു പുറത്തുള്ള മറ്റൊരു നക്ഷത്ര സമൂഹത്തിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് പ്രവേശിച്ച 3I/ATLAS എന്ന ഇന്‍റർസ്റ്റെല്ലാർ ധൂമകേതു ശാസ്ത്രലോകത്തിന്റെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. 2025 ജൂലൈയിൽ ചിലിയിലെ അറ്റ്‍ലസ് (ATLAS) ദൂരദർശിനിയാണ് ഈ ധൂമകേതുവിനെ ആദ്യമായി കണ്ടെത്തിയത്. മണിക്കൂറിൽ ഏകദേശം 1.37 ലക്ഷം മൈൽ വേഗതയിൽ സഞ്ചരിച്ചിരുന്ന ഈ ധൂമകേതു, നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന മൂന്നാമത്തെ സ്ഥിരീകരിക്കപ്പെട്ട ഇന്‍റർസ്റ്റെല്ലാർ വസ്‍തുവാണ്.
അടുത്തിടെ ഈ അപൂർവ സന്ദർശകനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി അമേരിക്കയിലെ SETI (Search for Extraterrestrial Intelligence) ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പ്രത്യേക പഠനം നടത്തി. അന്യഗ്രഹ ജീവികളുടെ സാങ്കേതിക സാന്നിധ്യത്തിന്റെ തെളിവായേക്കാൻ സാധ്യതയുള്ള റേഡിയോ സിഗ്നലുകൾ, അഥവാ 'ടെക്നോ-സിഗ്നേച്ചറുകൾ' ഈ ധൂമകേതുവിൽ നിന്നും ലഭിക്കുന്നുണ്ടോ എന്ന് അറിയാനായിരുന്നു ഗവേഷകരുടെ ശ്രമം.
ഇതിനായി കാലിഫോർണിയയിലെ ആലൻ ടെലിസ്കോപ്പ് അറേ ഉപയോഗിച്ച് ഗവേഷക സോഫിയ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സംഘം ഏഴ് മണിക്കൂറിലധികം നിരീക്ഷണം നടത്തി. പ്രകൃതിയിൽ സാധാരണയായി ഉണ്ടാകാത്തതും സാങ്കേതിക ഉറവിടങ്ങളിൽ നിന്നും ഉദ്ഭവിക്കുന്നത് ആകാമെന്ന് കരുതപ്പെടുന്നതുമായ “നാരോബാൻഡ്” റേഡിയോ സിഗ്നലുകളെയാണ് അവർ പ്രധാനമായും തേടിയത്. അതായത് ഒന്നു മുതൽ ഒമ്പത് ഗിഗാഹെർട്‍സ് വരെയുള്ള റേഡിയോ ഫ്രീക്വൻസികളിൽ വളരെ ചുരുങ്ങിയ ബാൻഡിലുള്ള സിഗ്നലുകളെയാണ് ഗവേഷകർ ഈ ധൂമകേതുവിൽ അന്വേഷിച്ചത്. പ്രകൃതിദത്ത പ്രക്രിയകളിലൂടെ സാധാരണ ഉണ്ടാകാത്തതാണ് ഇത്തരം സിഗ്നലുകൾ.
നിരീക്ഷണത്തിനിടെ ഏകദേശം 7.4 കോടി സാധ്യതാ സിഗ്നലുകൾ ഗവേഷകർ രേഖപ്പെടുത്തി. പക്ഷേ അവയിൽ ഭൂരിഭാഗവും ഭൂമിയിലെ ഉപകരണങ്ങളിൽ നിന്നോ ഉപഗ്രഹങ്ങളിൽ നിന്നോ ഉണ്ടായ ഇടപെടലുകളാണെന്ന് കണ്ടെത്തി. വിശദമായ പരിശോധനകൾക്ക് ശേഷം ശേഷിച്ച എല്ലാ സിഗ്നലുകളുടെയും ഉറവിടവും മനുഷ്യനിർമിതമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. അതിനാൽ 3I/ATLAS ൽ നിന്ന് അന്യഗ്രഹ സാങ്കേതിക സാന്നിധ്യത്തെ സൂചിപ്പിക്കുന്ന ഒരു തെളിവും ലഭിച്ചില്ല.
അതേസമയം, ഈ പഠനം ശാസ്ത്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. ധൂമകേതുവിൽ 10 മുതൽ 110 വാട്ട് വരെ ശക്തിയുള്ള ഒരു റേഡിയോ ട്രാൻസ്‍മിറ്റർ ഉണ്ടായിരുന്നാലും അത് കണ്ടെത്താൻ കഴിയുമെന്ന ഒരു പരിധി ഗവേഷകർ സ്ഥാപിച്ചു. ഇതൊരു സാധാരണ ഗൃഹോപകരണത്തിന്റെ വൈദ്യുതി ഉപയോഗത്തിന് സമാനമാണ്. മറ്റു നിരീക്ഷണങ്ങൾ പ്രകാരം 3I/ATLAS ഒരു സ്വാഭാവിക ധൂമകേതുവാണെന്നതിന് ശക്തമായ തെളിവുകളുണ്ട്. അതിന്റെ അസാധാരണമായ ഭ്രമണപഥവും, മെഥനോൾ, ശീതീകരിച്ച കാർബൺ ഡൈഓക്സൈഡ് എന്നിവയുടെ സാന്നിധ്യവും ഇത് അത്യന്തം തണുത്ത മറ്റൊരു നക്ഷത്ര വ്യവസ്ഥയിൽ രൂപപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നു.
ഇന്നുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം സിഗ്നലുകൾ കണ്ടെത്തുന്നത് എത്രത്തോളം സാധ്യമാണെന്ന് 3I/ATLAS പഠനം കാണിച്ചുതരുന്നു എന്ന് പഠനസംഘത്തിലെ ഗവേഷക വലേറിയ ഗാർസിയ ലോപ്പസ് പറഞ്ഞതായി സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ പ്രതീക്ഷ കുറവുള്ള ഇന്‍റർസ്റ്റെല്ലാർ വസ്തുക്കളിൽ നിന്നുപോലും ടെക്നോസിഗ്നേച്ചറുകൾക്കായുള്ള അന്വേഷണം തുടരണം എന്നും അവർ വ്യക്തമാക്കുന്നു.
നിലവിൽ അന്യഗ്രഹ സിഗ്നലുകൾ കണ്ടെത്താൻ സാധിച്ചില്ല എങ്കിലും ഭാവിയിൽ സൗരയൂഥത്തിൽ എത്തുന്ന സമാന ഇന്‍റർസ്റ്റെല്ലാർ വസ്തുക്കളെ കൂടുതൽ കൃത്യതയോടെ പരിശോധിക്കാൻ ഈ പഠനം വഴിയൊരുക്കുമെന്ന് ശാസ്ത്ര ലോകം പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇന്‍റർസ്റ്റെല്ലാർ വസ്തുക്കളുടെ സ്വഭാവം കൂടുതൽ മനസിലാക്കാനും ഭാവിയിൽ അസാധാരണമായ വസ്‍തുക്കളെ തിരിച്ചറിയാനുമുള്ള ശ്രമങ്ങൾക്ക് ഈ പഠനം സഹായകരമാകുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.


