മൂന്ന് കല്ലുകള്‍ അടുക്കിവച്ചതുപോലെ; ചൊവ്വയിൽ നിഗൂഢമായ പാറകൾ കണ്ടെത്തി നാസയുടെ പെർസെവറൻസ് റോവർ

Published : May 24, 2026, 11:37 AM IST
Mars Rock

Synopsis

നാസയുടെ പെർസെവറൻസ് റോവർ ചൊവ്വയിൽ പകർത്തിയ, അടുക്കിവെച്ചതുപോലുള്ള കല്ലുകളുടെ ചിത്രം ചർച്ചയാകുന്നു. ഇത് അന്യഗ്രഹ സാന്നിധ്യമോ അതോ പ്രകൃതിയുടെ വികൃതിയോ എന്ന സംശയങ്ങൾക്ക് ശാസ്ത്രജ്ഞർ മറുപടി നൽകുന്നു. കോടിക്കണക്കിന് വർഷങ്ങളായുള്ള കാറ്റും പുരാതന ജലപ്രവാഹവുമാണ് ഈ രൂപത്തിന് പിന്നിലെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

നാസയുടെ പെർസെവറൻസ് റോവർ പകർത്തിയ പുതിയ ദൃശ്യങ്ങൾ വീണ്ടും ലോകത്തിന്‍റെ ശ്രദ്ധയെ ചൊവ്വ എന്ന ചുവന്ന ഗ്രഹത്തിലേക്ക് തിരിച്ചുവിടുകയാണ്. 2026 മെയ് 13-ന്, ദൗത്യത്തിന്‍റെ 1,859-ാം മാർഷ്യൻ ദിവസമായ 'സോൾ 1859'-ൽ പകർത്തിയ ചിത്രത്തിലാണ് മൂന്ന് കല്ലുകൾ ഒന്നിന് മുകളിലൊന്ന് അടുക്കിവെച്ചതുപോലെ കാണപ്പെട്ടത്. ചുറ്റും പൊടിപടലങ്ങൾ നിറഞ്ഞ ചുവന്ന ഭൂപ്രദേശത്തിനിടയിൽ ഈ കല്ലുകൾ മാത്രം അതീവ ക്രമത്തിലായതിനാൽ ചിത്രം സോഷ്യൽ മീഡിയയിലും ശാസ്ത്രലോകത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ചിത്രം പുറത്തുവന്നതോടെ ഇത് 'പ്രകൃതിദത്ത രൂപമാണോ?', 'അല്ലെങ്കിൽ മറ്റേതെങ്കിലും അസാധാരണ സംഭവത്തിന്റെ തെളിവാണോ?' എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയർന്നത്. ഇത് മനുഷ്യൻ ക്രമീകരിച്ചതുപോലെ തോന്നുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ശാസ്ത്രജ്ഞർ കൂടുതൽ യാഥാർഥ്യബോധമുള്ള വിശദീകരണമാണ് മുന്നോട്ടുവയ്ക്കുന്നത്.

ഇത് യഥാർത്ഥത്തിൽ പല കല്ലുകൾ അല്ല, മറിച്ച് കാലക്രമേണ പൊട്ടിപ്പിരിഞ്ഞ ഒരു വലിയ പാറയുടെ ഭാഗങ്ങളായിരിക്കാം എന്നാണ് നാസയുടെയും സ്‍പേസ് ഡോട്ട് കോമിന്‍റെയും വിലയിരുത്തലുകൾ. കോടിക്കണക്കിന് വർഷങ്ങളായി വീശുന്ന ശക്തമായ കാറ്റും പുരാതന ജലപ്രവാഹങ്ങളും ചേർന്നാണ് ഇത്തരത്തിലുള്ള രൂപങ്ങൾ ഉണ്ടായത് എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

ചൊവ്വ ഇന്ന് വരണ്ടതും ജീവൻരഹിതവുമായ ഗ്രഹമായി തോന്നുന്നുവെങ്കിലും ഒരുകാലത്ത് അവിടെ നദികളും തടാകങ്ങളും മഴയും ഉണ്ടായിരുന്നുവെന്നതിന് ശക്തമായ തെളിവുകൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ക്യൂരിയോസിറ്റി റോവർ നടത്തിയ പഠനങ്ങൾ പ്രകാരം, മാർസിലെ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിൽ കാറ്റിന് വലിയ പങ്കുണ്ട്. ഭൂമിയിലെ മരുഭൂമികളിൽ കാണുന്ന രീതിയിലുള്ള പാറക്ഷയം അവിടെയും സംഭവിക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.

അതേസമയം, ഇതാദ്യമായല്ല മാർസിൽ വിചിത്ര രൂപങ്ങൾ കണ്ടെത്തപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പെർസിവിയറൻസ് റോവർ പുള്ളിപ്പുലിയുടെ പാടുകൾ പോലുള്ള പാറകൾ, നൂൽപോലെ തോന്നുന്ന ഘടനകൾ, പോപ്പ്കോൺ രൂപത്തിലുള്ള ശിലകൾ എന്നിവയും കണ്ടെത്തിയിരുന്നു. 1976-ൽ വൈക്കിംഗ് 1 പകർത്തിയ 'ഫേസ് ഓൺ മാർസ്' ചിത്രവും ഒരുകാലത്ത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. പക്ഷേ പിന്നീട് അവയെല്ലാം സ്വാഭാവിക ഭൗമശാസ്ത്ര പ്രതിഭാസങ്ങളാണെന്ന് തെളിഞ്ഞു. ഇപ്പോഴത്തെ പുതിയ ചിത്രവും അതുപോലെ മാർസിന്റെ പുരാതന ഭൂമിശാസ്ത്ര ചരിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് വൻ തിരിച്ചടി, ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറങ്ങുന്നതിനിടെ അഗ്നിഗോളമായി സ്റ്റാർഷിപ്പ്
1 വർഷം, 757 അജ്ഞാത പേടകങ്ങൾ, വിശദീകരണമില്ലാതെ 21 എണ്ണം, അജ്ഞാത പേടകത്തെ വെടിവച്ചിട്ട് എഫ് 35