
വാഷിംഗ്‌ടണ്‍: മനുഷ്യരാശിയുടെ ബഹിരാകാശ സ്വപ്‍നങ്ങൾക്ക് പുതിയ ചുവടുവെയ്പ്പായി, ചൊവ്വയിലേക്കുള്ള ഒരു അത്യാധുനിക ദൗത്യം പ്രഖ്യാപിച്ചിരിക്കുകയാണ് നാസ (NASA). സ്കൈഫോൾ (Skyfall) എന്ന പേരിലുള്ള ഈ ദൗത്യം 2028 ഡിസംബറിൽ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഇന്‍റർപ്ലാനറ്ററി ബഹിരാകാശ പേടകമാണ് ഇത് എന്നതാണ് ഈ ദൗത്യത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സ്പേസ് റിയാക്‌ടർ-1 ഫ്രീഡം (SR-1 Freedom) എന്ന ഈ പേടകം, ഭാവിയിലെ ബഹിരാകാശ യാത്രകൾക്ക് വഴികാട്ടിയാകുമെന്ന് നാസ പ്രതീക്ഷിക്കുന്നു.
ആണവ വൈദ്യുത പ്രൊപ്പൽഷൻ സാങ്കേതികവിദ്യയാണ് SR-1 ഫ്രീഡത്തിന്‍റെ കരുത്ത്. പരമ്പരാഗത രാസ ഇന്ധനങ്ങളെ ആശ്രയിക്കുന്നതിന് പകരം ഫിഷൻ റിയാക്‌ടർ വൈദ്യുതി ഉൽപാദിപ്പിച്ച് അയോൺ ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കുന്നതാണ് ഈ സംവിധാനം. 20 കിലോവാട്ടിൽ കൂടുതലുള്ള ഫിഷൻ റിയാക്‌ടർ ഹൈ-അസ്സേ ലോ-എൻറിച്ച്ഡ് യൂറേനിയം ഉപയോഗിച്ചാണ് പ്രവർത്തിക്കുക. വിക്ഷേപണത്തിന് 48 മണിക്കൂറിനുള്ളിൽ റിയാക്‌ടർ സജീവമാകുകയും തുടർന്ന് ബഹിരാകാശ യാത്ര കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ചൊവ്വയിലേക്ക് എത്താനുള്ള സമയം കുറഞ്ഞത് 25 ശതമാനം വരെ കുറയ്ക്കാമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
സ്കൈഫോൾ ദൗത്യത്തിന്‍റെ മറ്റൊരു ശ്രദ്ധേയ ഘടകമാണ് ഹെലികോപ്റ്ററുകളുടെ കൂട്ടം. ഇൻജിന്യൂട്ടി ഹെലികോപ്റ്ററിനെ മാതൃകയാക്കി നിർമ്മിക്കുന്ന ഈ ചെറിയ ഹെലികോപ്റ്ററുകൾ ചൊവ്വയുടെ അന്തരീക്ഷത്തിലൂടെ ഇറങ്ങുന്നതിനിടെ തന്നെ ക്യാപ്സൂളിൽ നിന്ന് വേർപെട്ട് സ്വതന്ത്രമായി ലാൻഡ് ചെയ്യും. ഇത് നിലവിൽ ഉപയോഗിക്കുന്ന സ്കൈ-ക്രെയ്ൻ രീതിയിൽ നിന്ന് വ്യത്യസ്‍തമാണ്.
ചൊവ്വയുടെ ഉപരിതലത്തിൽ എത്തിയ ശേഷം, ഹെലികോപ്റ്ററുകൾ വിവിധ ശാസ്ത്രീയ ഉപകരണങ്ങളുമായി പ്രവർത്തനം ആരംഭിക്കും. ഉയർന്ന നിലവാരത്തിലുള്ള ക്യാമറകളും ഭൂഗർഭ റഡാറുകളും ഉപയോഗിച്ച് ഭാവിയിലെ മനുഷ്യ ദൗത്യങ്ങൾക്ക് അനുയോജ്യമായ ലാന്‍ഡിംഗ് സ്ഥലങ്ങൾ കണ്ടെത്തുക, ഭൂഗർഭ ജലമഞ്ഞിന്‍റെ സാന്നിധ്യം തിരിച്ചറിയുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. ജലമഞ്ഞിന്‍റെ ആഴം, വലിപ്പം, സ്വഭാവം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇവ ശേഖരിക്കും.
സ്കൈഫോൾ ദൗത്യം വിജയകരമാകുകയാണെങ്കിൽ, മനുഷ്യന്‍റെ ഭാവിയിലെ ചൊവ്വ ദൗത്യങ്ങൾക്ക് ഇത് വലിയ പിന്തുണയാകും. കൂടാതെ, SR-1 ഫ്രീഡം പിന്നീട് സൗരയൂഥത്തിലെ മറ്റു ഭാഗങ്ങളിലേക്കും യാത്ര ചെയ്‌ത് പുതിയ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാനും സാധ്യതയുണ്ട്. ചന്ദ്രനിൽ ഫിഷൻ വൈദ്യുതി സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഈ ദൗത്യം സഹായകരമാകും.