
കാലിഫോര്‍ണിയ: പ്രപഞ്ചത്തിലെ അതിശയകരമായ സംഭവങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ ഒരു പുതിയ വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ഗവേഷകർ. പ്രപഞ്ചത്തിലെ ഏറ്റവും വലിയ പരാജിതരെന്ന് ശാസ്‌ത്രലോകം വിലയിരുത്തുന്ന തവിട്ട് കുള്ളന്മാർ അഥവാ ബ്രൗൺ ഡ്വാർഫുകളുടെ കാര്യത്തിലാണ് ഈ കണ്ടെത്തൽ. ഗ്രഹങ്ങളാകാൻ കഴിയാത്തത്ര പിണ്ഡമുള്ളതും എന്നാല്‍ നക്ഷത്രങ്ങളാകാൻ തക്ക പിണ്ഡമില്ലാത്തതുമായ വസ്തുക്കളാണ് ബ്രൗൺ ഡ്വാർഫുകൾ. എന്നാൽ ഈ ബ്രൗൺ ഡ്വാർഫുകൾ ലയിച്ചാൽ ഒരു പുതിയ നക്ഷത്രം രൂപപ്പെടാമെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
ഈ തവിട്ട് കുള്ളന്മാർക്ക് വ്യാഴത്തിന്‍റെ 13 മുതൽ 80 മടങ്ങ് വരെ പിണ്ഡമുണ്ട്. എന്നാൽ അവയുടെ കാമ്പുകളിൽ നക്ഷത്രങ്ങൾക്ക് ശക്തി പകരുന്ന പ്രക്രിയയായ ന്യൂക്ലിയർ ഫ്യൂഷൻ നിലനിർത്താൻ ആവശ്യമായ പിണ്ഡമില്ല. അതിനാലാണ് ഇവ 'പരാജയപ്പെട്ട നക്ഷത്രങ്ങൾ' എന്നും അറിയപ്പെടുന്നത്. ഇവയെ 'അപൂർണ്ണ നക്ഷത്രങ്ങൾ' എന്നും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഈ പരിമിതികൾക്കിടയിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഇവയ്ക്ക് വീണ്ടും ഒരു അവസരം ലഭിക്കാം എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
കാലിഫോർണിയയിലെ സ്വിക്കി ട്രാൻസിയന്‍റ് ഫെസിലിറ്റി (ZTF) ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളിൽ ZTF J1239+8347 എന്ന രണ്ട് ബ്രൗൺ ഡ്വാർഫുകളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഏകദേശം 1,000 പ്രകാശവർഷം അകലെയുള്ള ഈ ബ്രൗൺ ഡ്വാർഫുകൾ വെറും 57.41 മിനിറ്റ് ദൈർഘ്യമുള്ള ഭ്രമണകാലയളവിലാണ് പ്രവർത്തിക്കുന്നത്. ഈ രണ്ട് വസ്തുക്കളും തമ്മിൽ സ്ഥിരമായ ഭാരം കൈമാറ്റം നടക്കുന്നതായി കണ്ടെത്തി. ഈ മുഴുവൻ ബ്രൗൺ ഡ്വാർഫുകൾ ഉൾപ്പെടുന്ന സിസ്റ്റം ഭൂമിയുടെയും ചന്ദ്രന്‍റെയും ഇടയിലുള്ള ദൂരത്തിനുള്ളിൽ ഒതുങ്ങുന്നത്ര ചെറുതാണ്.
ഈ രണ്ട് വസ്‌തുക്കളുടെയും ഭാരം വ്യാഴത്തിന്‍റെ പിണ്ഡത്തിന്‍റെ ഏകദേശം 60–80 മടങ്ങ് ആണ്. ഇതുവരെ ഇത്തരം ബൈനറി വസ്തുക്കൾ തമ്മിലുള്ള ഇത്തരത്തിലുള്ള പിണ്ഡ കൈമാറ്റം സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളായ വെളുത്ത കുള്ളന്മാർ പോലുള്ള വളരെ ഭാരമേറിയ വസ്തുക്കളിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാൽ, ബ്രൗൺ ഡ്വാർഫുകളിൽ ഇത് ആദ്യമായാണ് വ്യക്തമായി രേഖപ്പെടുത്തുന്നത്. "ഈ പരാജയപ്പെട്ട നക്ഷത്രങ്ങൾക്ക് ഇനി രണ്ടാം അവസരം ലഭിക്കുകയാണ്”- എന്ന് പഠനത്തിന് നേതൃത്വം നൽകിയ കാൽടെക്കിലെ മുഖ്യ ഗവേഷകനായ സാമുവൽ വൈറ്റ്ബുക്ക് പറഞ്ഞു.
ഈ കണ്ടെത്തലിന് പിന്നാലെ രണ്ട് സാധ്യതകളാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നത്. ഒരു ബ്രൗൺ ഡ്വാർഫ് കൂടുതൽ ഭാരം ശേഖരിച്ച് ഒടുവിൽ ന്യൂക്ലിയർ ഫ്യൂഷൻ ആരംഭിക്കാൻ കഴിയുന്ന നിലയിലേക്ക് ഉയരാം എന്നതാണ് ഇതിൽ ആദ്യത്തെ സാധ്യത. രണ്ടാമതായി, ഈ രണ്ട് വസ്തുക്കളും തമ്മിൽ കൂട്ടിയിടിച്ച് ലയിച്ച് ഒരു പുതിയ നക്ഷത്രമായി മാറാം. ഇതിൽ ഏതെങ്കിലും ഒരു പ്രവർത്തം നടന്നാൽ ഫലമായി കാശമുള്ള ഒരു നക്ഷത്രം രൂപപ്പെടും. ഈ രഹസ്യങ്ങൾ കൂടുതൽ വിശദമായി പഠിക്കാൻ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് കൂടുതൽ നിരീക്ഷണങ്ങൾ നടത്താൻ പദ്ധതിയുണ്ട്. കൂടാതെ, ചിലിയിലെ വെറ റൂബിൻ ഒബ്‍സർവേറ്ററി പ്രവർത്തനം ആരംഭിക്കുമ്പോൾ ഇത്തരത്തിലുള്ള കൂടുതൽ ബ്രൗൺ ഡ്വാർഫുകളെയും അവയുടെ പ്രവർത്തനങ്ങളും കണ്ടെത്താൻ സാധിക്കും എന്നും ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.