ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിംഗ് ശ്രമം പാളിയിട്ട് ഇന്ന് ഒരാഴ്ച തികയുമ്പോഴും സംഭവത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണത്തിന് തയ്യാറാകാതെ ഇസ്രോ. നടന്നത് ഹാർഡ് ലാൻഡിംഗ് ആണെന്നതിനപ്പുറം കാര്യമായ വിവരങ്ങളൊന്നും ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. വിക്രം ലാൻഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മാത്രമാണ് ഇസ്രൊ പറയുന്നത്. 

സെപ്റ്റംബർ ഏഴിന് പുല‌‌ർച്ചെ 1:53നായിരുന്നു ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടക്കേണ്ടിയിരുന്നത് എന്നാൽ അവസാന നിമിഷം അത് പാളി. വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. എന്ത് കൊണ്ടാണ് സോഫ്റ്റ് ലാൻഡിംഗ് പൂർത്തായാക്കാനാവാഞ്ഞതെന്ന കാര്യത്തിൽ ഇത് വരെ ഇസ്രോ പ്രതികരിച്ചിട്ടില്ല. വിക്രം ലാൻഡ‌‌റുമായി ബന്ധം നഷ്ടപ്പെട്ടിട്ട് ഏഴ് ദിവസം പിന്നിടുകയാണ്. പക്ഷേ വിക്രം ലാൻഡറിനൊപ്പം മാധ്യമങ്ങളും ജനങ്ങളും ഇരുട്ടിലാണെന്ന് പറയേണ്ടി വരും.

ഇത്രയും ദിവസമായിട്ടും ഇസ്രൊയുടെ ഭാഗത്ത് നിന്ന് വന്നത് ഒരേ ഒരു സ്ഥിരീകരണം മാത്രം. വിക്രമിന്റെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഇതിനപ്പുറം എല്ലാം അഭ്യൂഹങ്ങളും അനുമാനങ്ങളുമാണ്. വിക്രം തകർന്നിട്ടില്ലെന്നും ചെരി‌ഞ്ഞ് കിടക്കുകയാണ് എന്ന റിപ്പോർട്ട് മുതൽ ലാൻഡർ  അവസാനഘട്ടത്തിൽ മലക്കം മറിഞ്ഞു എന്നത് വരെ. സംഭവിച്ചതെന്താണെന്നതിനെ പറ്റി ഒരായിരം റിപ്പോർട്ടുകൾ. ഇസ്രൊയിലെ തന്നെ മുൻ ശാസ്ത്രജ്ഞരെയും നിലവിലെ ഉദ്യോഗസ്ഥരെയുമെല്ലാം ഉദ്ധരിച്ചുള്ള റിപ്പോർ‍ട്ടുകൾ. കൃത്യമായ പഠനം നടത്താതെ ഇസ്രൊക്ക് ഒരു പ്രസ്താവന നടത്താനാവില്ലെന്നത് യാഥാർത്ഥ്യമാണ് എന്നാൽ ഇത്രയധികം വാർത്തകൾ പുകമറ സൃഷ്ടിക്കുമ്പോൾ അവ തെറ്റെങ്കിൽ തിരുത്താനുള്ള ഉത്തരവാദിത്വം തീർച്ചയായും ഇസ്രൊയ്ക്കുണ്ട്.

വിക്രം ലാൻഡറിന് സോഫ്റ്റ് ലാൻഡിംഗ് നടത്താൻ പറ്റിയില്ലെന്നത് കൊണ്ട് ചന്ദ്രയാൻ രണ്ട് ദൗത്യം പരാജയമല്ല, അങ്ങനെയൊരു അനുമാനം അന്താരാഷ്ട്ര മാധ്യമങ്ങളോ, ബഹിരാകാശ ഗവേഷകരോ പോലും ഉയർത്തുന്നുമില്ല എന്നാൽ ദൗത്യം 95 ശതമാനം വിജയമാണെന്ന പ്രസ്താവന ഏത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്നുള്ളത് വ്യക്തമല്ല. വിക്രം ലാന്‍‍‍ഡർ തന്നെയായിരുന്നു വാർത്താ താരം, വിക്രമിനെ പറ്റിയാണ് ഇസ്രൊ വാതൊരാതെ സംസാരിച്ചതും, സോഫ്റ്റ്ലാൻഡിംഗും അതിന്‍റെ നേട്ടങ്ങളുമാണ് ഓരോ വാർത്താ സമ്മേളനത്തിലും വിശദീകരിക്കപ്പെട്ടത്. അത് എത്രത്തോളും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും നന്നായി വിശദീകരിക്കപ്പെട്ടതാണ്. അത് കൊണ്ട് തന്നെ ദൗത്യം  പരാജയപ്പെടാനുള്ള സാധ്യതയെ പറ്റി ജനങ്ങൾ ബോധവാൻമാരായിരുന്നു. ഓ‌ർബിറ്ററിലെ പേ ലോഡുകളുടെയും പ്രവർത്തന ക്ഷമതയുടെയും അടിസ്ഥാനത്തിലാണ് ഈ അവകാശവാദമെങ്കിൽ പോലും ചന്ദ്രഭ്രമണപഥത്തിൽ ദൗത്യ കാലാവധിയുടെ പകുതി പോലും പൂർത്തിയാകുന്നതിന് മുമ്പ് ഇങ്ങനെ ഒരു അവകാശവാദം അതിശയോക്തിപരമാണെന്ന് അഭിപ്രായം ഉയരുന്നു. 

ഇത്രത്തോളം കൊട്ടിഘേഷിക്കപ്പെട്ട വിക്രമും പ്രഗ്യാനും സോഫ്റ്റ് ലാൻഡിംഗും മണിക്കൂറുകൾ കൊണ്ട് ദൗത്യത്തിന്‍റെ വെറും അഞ്ച് ശതമാനമായി മാറിയത് എങ്ങനെയാണെന്ന ചോദ്യ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. കൂടുതൽ പേ ലോഡുകളും കൂടുതൽ ദൗത്യ കാലാവധിയുമെല്ലാം ഓർബിറ്ററിനായിരുന്നെങ്കിലും വിക്രമിനോ പ്രഗ്യാനിനെയൊ പറ്റി ചെയ്തത് പോലെ പ്രത്യേക വീഡിയോകളോ എക്സ്പ്ലെയിനറുകളോ ഓർബിറ്ററിനെ പറ്റി ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. ഓർബിറ്റർ ദൗത്യ കാലാവധി പൊടുന്നനെ ഒരു വർഷത്തിൽ നിന്ന് ഏഴര വർഷമായത് എങ്ങനെയന്നതാണ് മറ്റൊരു അത്ഭുതം.

ഓർബിറ്ററിന്‍റെ ദൗത്യ കാലാവധി രണ്ട് വർഷം വരെ വർധിപ്പിച്ചേക്കുമെന്ന് വിക്ഷേപണം കഴിഞ്ഞപ്പോൾ തന്നെ സൂചിപ്പിക്കപ്പെട്ടതാണ്. എന്നാൽ ഏഴര വർഷമെന്ന അത്ഭുതകരമായ കണക്ക് ആരും  പ്രതീക്ഷിച്ചിരുന്നില്ല. ചന്ദ്രയാൻ ഒന്ന് ഓർബിറ്ററിന് ദൗത്യ കാലാവധി പൂർത്തിയാക്കാൻ പോലും കഴിഞ്ഞിരുന്നില്ല എന്ന് കൂടി ഓർക്കണം. ഏഴര വർഷത്തെ പുതുക്കിയ ദൗത്യ കാലാവധി ഈ മേഖലയിലെ വിദഗ്ധർ സംശയത്തോടെയാണ് കാണുന്നത്.

978 കോടി രൂപയായിരുന്നു ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ ആകെ ചിലവെന്നാണ് ഇസ്രൊ തന്നെ നമ്മളോട് പലവട്ടം ആവർത്തിച്ചിട്ടുള്ളത് ഈ പണം പാഴായെന്ന് ഒരിക്കലും ഒരു ഭാരതീയനും പറയില്ല, ശാസ്ത്ര വിദ്യാർത്ഥികളോ ഗവേഷകരോ അങ്ങനെയൊരു പ്രസ്താവന നടത്തില്ല. എങ്കിലും വിക്രം നഷ്ടമായ സ്ഥിതിക്ക് പദ്ധതിയിൽ വിക്രമിന്‍റെ സാമ്പത്തിക വിഹിതം എത്രയാണെന്ന് അറിയുവാൻ ഓരോ  ഭാരതീയനും അവകാശമുണ്ട്. വിക്രമിന് ചന്ദ്രയാൻ രണ്ട് പദ്ധതിയിലുള്ള പ്രാമുഖ്യം വ്യക്തമാക്കാനും ഇത് വഴി സാധിക്കും. 

ദിവസങ്ങൾ കഴിയുന്തോറും വിക്രമുമായി ബന്ധം പുനസ്ഥാപിക്കപ്പെടാനുള്ള സാധ്യത കുറയുകയാണെന്നാണ് വിദഗ്ധാഭിപ്രായം. 14  ദിവസമായിരുന്നു വിക്രം ലാൻഡറിന്‍റെ നിശ്ചയിക്കപ്പെട്ട ദൗത്യ കാലാവധി.20 ആം തീയതി വരെ മാത്രമാണ് ഈ രീതിയിൽ നോക്കിയാൽ വിക്രമിന്‍റെ കാലാവധി. ഇതിനകം ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കാനായില്ലെങ്കിൽ പിന്നെ അതിന് സാധിക്കുകയില്ല.

സെപ്റ്റംബ‌‌ർ 17ന് നാസയുടെ ലൂണാ‌ർ റിക്കൊണിസൻസ് ഓ‌‌‌‌ർബിറ്റ‌ർ ചന്ദ്രയാൻ രണ്ട് ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ കടന്ന് പോകുമെന്നും ആ സമയത്ത് ചിത്രങ്ങളെടുക്കാൻ ശ്രമിക്കുമെന്നും നാസ തന്നെ അറിയിച്ചിട്ടുണ്ട്. കിട്ടുന്ന ഏത് വിവരവും ഇസ്രൊയുമായി പങ്കുവയ്ക്കുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എൽ.ആ‌‌ർ.ഒയെടുക്കുന്ന ചിത്രങ്ങൾ എത്രത്തോളം സഹായകമാകുമെന്നതിൽ വ്യക്തതയില്ല. ഇതും ഇസ്രൊയിൽ നിന്ന് ലഭിച്ച വിവരമല്ല നാസയുടെ സ്ഥീരികരണം വരേണ്ടി വന്നു വാർത്ത ശരിയെന്ന് ഉറപ്പിക്കാൻ.

നിലവിൽ നാസയുടെ ഡീപ് സ്പേസ് നെറ്റ്‍വർക്ക് വഴിയും ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയും വിക്രമുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ഇടിച്ചിറങ്ങിയതിന്‍റെ ആഘാതത്തിൽ വിക്രമിലെ സംവിധാനങ്ങൾക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് അന്താരാഷ്ട്ര രംഗത്തെ വിദഗ്ധർ അനുമാനിക്കുന്നത്. വിക്രം ലാൻഡറിന്‍റെ ചിത്രങ്ങൾ ഇസ്രൊയ്ക്ക് കിട്ടിയതായി സെപ്റ്റംബർ എട്ടിന് തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്.

വിക്രമിന്‍റെ ചിത്രങ്ങൾ ലഭിച്ചതായി വാർത്താ ഏജൻസിയോട് പറഞ്ഞത് ഇസ്രൊ ചെയർമാൻ ഡോ കെ ശിവൻ തന്നെയാണ്. തെർമ്മൽ ഇമേജാണ് ലഭിച്ചതെന്ന്  ആദ്യ വാർത്ത. വൈകിട്ട് പിടിഐക്ക് നൽകിയ അഭിമുഖം പുറത്ത് വന്നതോടെ അത് സാധാരണ ചിത്രം തന്നെയാണെന്ന് തിരുത്തപ്പെട്ടു. പക്ഷേ ചിത്രം കിട്ടിയെന്നോ ഇല്ലെന്നോ ഇസ്രൊ സ്ഥിരീകരിച്ചിട്ടില്ല.  

വിക്രം ചന്ദ്രോപരിതലത്തിൽ ചെരിഞ്ഞ് കിടക്കുയാണെന്ന് ഇസ്രൊയിലെ ശാസ്ത്രജ്ഞർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞതായി റിപ്പോർട്ട് പുറത്ത് വന്നെങ്കിലും ഇക്കാര്യവും സ്ഥിരീകരിക്കാനോ നിരാകരിക്കാനോ ഇസ്രൊ തയ്യാറായില്ല. ഇതിന് ശേഷം സെപ്റ്റംബർ 10ന് വിക്രമിന്‍റെ സ്ഥാനം കണ്ടെത്തിയതായി ഇസ്രൊയുടെ അറിയിപ്പ് വന്നു. എന്നാൽ മുൻനിശ്ചയിച്ച സ്ഥാനത്ത് തന്നെയാണോ വിക്രം ലാൻഡ് ചെയ്ത്, അതോ ഏറെ ദൂരം മാറിയാണോ വിക്രമുള്ളത് തുടങ്ങിയ കാര്യങ്ങളൊന്നും ഇസ്രൊ വിശദീകരിച്ചിട്ടില്ല.

ലാൻഡിംഗിന്‍റെ ആദ്യ പത്ത് മിനുട്ടുകളിൽ എല്ലാ കൃത്യമായിരുന്നു, ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വരെ മുൻ കൂട്ടി നിശ്ചയിച്ചത് പോലെ പേടകം പ്രവർത്തിച്ചു, പിന്നീട് ബന്ധം നഷ്ടമായി. ഇതായിരുന്നു ഇസ്രോയും വിശദീകരണം. ചന്ദ്രനിൽ നിന്ന് 400 മീറ്ററോളം ഉയരത്തിൽ വച്ചാണ് വിക്രമുമായി ബന്ധം നഷ്ടപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. ഇസ്രൊയുടെ പ്രസ്താവന വായിക്കപ്പെട്ടതിലെ പ്രശ്നം മൂലമാണ് 2.1 കിലോമീറ്റർ ഉയരത്തൽ വച്ച് ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇസ്രൊയുടെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെ വലിയ സ്ക്രീനുകളിൽ തെളഞ്ഞ ഡാറ്റ അനുസരിച്ച് ഏകദേശം 400 മീറ്റർ അകലെ വച്ചാണ് പൂർണ്ണമായും ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടതെന്ന് വാദിക്കുന്നവരുണ്ട്.

ലാൻഡിംഗ് സമയത്ത് കണക്ക്കൂട്ടിയതിലും വേഗതയിലാണ് വിക്രം സഞ്ചരിച്ചതെന്ന അനുമാനവും ഉണ്ട്. അതി വേഗതയിൽ താഴേക്ക് വന്ന പേടകത്തെ കൺട്രോൾഡ് സിസ്റ്റത്തിന് നിയന്ത്രിക്കാനായില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ ഇസ്രൊ ശാസ്ത്രജ്ഞ‌‌ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലാൻഡിംഗിന്റെ ഒരു ഘട്ടത്തിൽ വിക്രം ലാൻഡ‌ർ കീഴ്മേൽ മറിഞ്ഞുവെന്ന് അനുമാനിക്കുന്നവരുമുണ്ട്. എന്നാൽ ഇത്തരം അനുമാനങ്ങളും അവലംബിത റിപ്പോ‌ർട്ടുകൾക്കുമപ്പുറം വ്യക്തമായ ഒരു ചിത്രം ഇത് വരെ പുറത്ത് വന്നിട്ടില്ല.

ചന്ദ്രന് തൊട്ടടുത്ത് വരെ ലാൻഡറിനെ എത്തിക്കാനായതും ചെറിയ ബജറ്റിൽ ഇത്രയധികം സാധിച്ചെടുക്കാനായതും ഇസ്രൊയുടെ കഴിവ് തെളിയിക്കുന്നതായി ലോകമാധ്യമങ്ങളും ശാസ്ത്രരംഗത്തെ വിദഗ്ധരും അംഗീകരിക്കുന്നുണ്ട്. എന്നാ‌ൽ വിക്രമിന് എന്ത് പറ്റി എന്നതിൽ വ്യക്തത വരുത്താൻ ഇസ്രൊ കാണിക്കുന്ന കാലതാമസം അനാവശ്യമാണെന്ന് ഇവ‌‌‌ർ പറയുന്നു.

പരാജയങ്ങളിൽ നിന്ന് തന്നെയാണ് ഇസ്രൊ മുന്നോട്ട് കുതിച്ചിട്ടുള്ളത്. എസ്എൽവി( സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ), എഎസ്എൽവി ( ആഗ്മെന്‍റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ) കാലഘട്ടങ്ങളിൽ ഈ വിക്ഷേപണ വാഹനങ്ങളെ സീ ലവിങ്ങ് വെഹിക്കിളെന്നും ആൾവെയ്സ് സീ ലവിങ്ങ് വെഹിക്കിളെന്നും കളിയാക്കിയിരുന്ന കാലമുണ്ടായിരുന്നു. ഇസ്രൊ വിക്ഷേപണം നടത്തിയാൽ അത് ബംഗാൾ ഉൾക്കടലിലേക്കായിരിക്കുമെന്ന പരിഹാസ കാലഘട്ടം കടന്നാണ് നമ്മൾ ചന്ദ്രനെയും ചൊവ്വയെയുമൊക്കെ കീഴടക്കിയത്. പക്ഷേ ഈ സന്ദ‌ർഭങ്ങളിലെല്ലാം എന്ത് സംഭവിച്ചു എന്നത് ഇസ്രൊ മറച്ച് വച്ചിട്ടില്ല. സാങ്കേതിക പ്രശ്നങ്ങൾ പൊതു ജനങ്ങൾക്ക് വിശദീകരിച്ച് നൽകിയിട്ടില്ലെങ്കിലും പരാജയങ്ങളെ പരാജയമെന്ന് തന്നെ വിളിക്കാൻ ഒരു കാലത്ത് ഇസ്രൊ മടിച്ചിരുന്നില്ല. പക്ഷേ വിക്രം ലാൻഡറിന്‍റെ കാര്യത്തിൽ സോഫ്റ്റ് ലാൻഡിംഗ് പാളിയെന്ന് പോലും ഇത് വരെ ഇസ്രൊ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. " ആശയവിനിമയം നഷ്ടപ്പെട്ടു " അത് മാത്രമാണ് നമ്മുക്ക് മുമ്പിലുള്ള വിശദീകരണം, ശരിയാണ് ആശയവിമിനയം നഷ്ടപ്പെട്ടിരിക്കുന്നു.