ചന്ദ്രനിൽ ഒരു നഗരം സൃഷ്‍ടിക്കുക അടുത്ത ലക്ഷ്യം, ചൊവ്വയിൽ നിന്നും ശ്രദ്ധമാറ്റി ഇലോൺ മസ്‍ക്; കാരണമിത്

Published : Feb 11, 2026, 12:00 PM IST
Elon Musk

Synopsis

ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് താല്‍ക്കാലികമായി നിലപാട് മാറ്റുകയാണ് ഇലോണ്‍ മസ്‍ക്. അടുത്തിടെ മസ്‍ക് പ്രഖ്യാപിച്ച പുതിയ തീരുമാനം ശ്രദ്ധേയമായി.

കാലിഫോര്‍ണിയ: ചൊവ്വയിൽ മനുഷ്യ കോളനികൾ സ്ഥാപിക്കുക എന്നതാണ് അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‍കിന്‍റെ ദീർഘകാല സ്വപ്‍നം, അല്ലെങ്കില്‍ അദേഹത്തിന്‍റെ ഏറ്റവും വലിയ മോഹം. 2002-ൽ സ്പേസ്‌എക്‌സ് സ്ഥാപിച്ചതിന്‍റെ പ്രധാന ലക്ഷ്യം തന്നെ ചുവന്ന ഗ്രഹത്തിൽ മനുഷ്യവാസം സാധ്യമാക്കുക എന്നതാണെന്ന് മസ്‌ക് പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. സ്പേസ്എക്‌സിന്‍റെ വെബ്‌സൈറ്റിലും ചൊവ്വയെ മനുഷ്യരുടെ ഭാവി താമസസ്ഥലമായി പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. അതേസമയം, ചാന്ദ്ര പര്യവേഷണം സംബന്ധിച്ച് മസ്‍ക് ചൊവ്വയോളം ആവേശം മുമ്പ് പ്രകടിപ്പിച്ചിരുന്നില്ല. അടുത്ത ലക്ഷ്യം ചൊവ്വയാണെന്ന് 2025-ലും പ്രസ്‌താവിച്ച മസ്‌ക് എന്നാല്‍ ആ സ്വപ്‌നത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്നോട്ട് പോവുകയാണ്.

ചന്ദ്രനില്‍ ശ്രദ്ധപതിപ്പിക്കുന്നതായി ഇലോണ്‍ മസ്‌ക്

ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് താല്‍ക്കാലികമായി നിലപാട് മാറ്റുകയാണ് ഇലോണ്‍ മസ്‍ക്. അടുത്തിടെ മസ്‍ക് പ്രഖ്യാപിച്ച പുതിയ തീരുമാനം ശ്രദ്ധേയമായി. ചന്ദ്രനിൽ ഒരു നഗരം നിർമ്മിക്കുന്നതിലാണ് സ്പേസ്‌എക്സ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഇലോണ്‍ മസ്‌കിന്‍റെ വാക്കുകള്‍. ചൊവ്വ ഗ്രഹത്തിലെ പദ്ധതികൾക്ക് 20 വർഷത്തിലധികം സമയമെടുക്കുമെന്നും എന്നാൽ ചന്ദ്രനിൽ 10 വർഷത്തിനുള്ളിൽ സ്ഥിരതയാർന്ന നഗരം സൃഷ്‌ടിക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്നുമാണ് ഇലോൺ മസ്‍ക് ഇപ്പോൾ കണക്കുകൂട്ടുന്നത്.

സ്പേസ്‌എക്‌സിന്‍റെ പ്രാരംഭ ലക്ഷ്യത്തില്‍ നിന്ന് കമ്പനി വഴിമാറിയിട്ടില്ലെന്നും എന്നും മനുഷ്യ ബോധവും ജീവനും നക്ഷത്രങ്ങളിലേക്കു വ്യാപിപ്പിക്കുക തന്നെയാണ് ലക്ഷ്യമെന്നും ഇലോൺ മസ്‍ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ വിശദീകരിച്ചു. ചൊവ്വയിലേക്ക് യാത്ര ചെയ്യണമെങ്കിൽ 26 മാസത്തിലൊരിക്കൽ മാത്രമാണ് സാഹചര്യം അനുകൂലമായി വരിക. മാത്രമല്ല യാത്രയ്ക്ക് ആറുമാസത്തോളം സമയമെടുക്കുകയും ചെയ്യും. എന്നാൽ ചന്ദ്രനിലേക്കുള്ള യാത്ര ഓരോ 10 ദിവസത്തിലും സാധ്യമാകുകയും വെറും രണ്ട് ദിവസം കൊണ്ട് എത്തിച്ചേരാനാകുകയും ചെയ്യുമെന്ന് മസ്‌ക് വ്യക്തമാക്കി. അതിനാൽ ചന്ദ്രനിൽ വേഗത്തിൽ പരീക്ഷണങ്ങളും വികസനവും നടത്താൻ കഴിയുമെന്നും ഇലോൺ മസ്‍ക് ചൂണ്ടിക്കാട്ടി.

ചൊവ്വയിലെ മനുഷ്യ കോളനി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും എന്നാൽ പ്രാരംഭ മുൻഗണന ചന്ദ്രനാണെന്നും ഇലോണ്‍ മസ്‍ക് വിശദീകരിച്ചു. 2031-ഓടെ മനുഷ്യരെ ചൊവ്വയിലേക്ക് അയക്കാൻ സാധിക്കും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

എല്ലാ സ്വപ്‌നങ്ങളുടെയും ആണിക്കല്ല് സ്റ്റാര്‍ഷിപ്പ്

സ്റ്റാർഷിപ്പ് എന്ന പുനരുപയോഗിക്കാവുന്ന ഭീമൻ റോക്കറ്റാണ് ഇലോണ്‍ മസ്‍കിന്‍റെ ചാന്ദ്ര, ചൊവ്വാ പദ്ധതികളുടെ ഹൃദയം. ചന്ദ്രനിൽ വൻ തോതിൽ ചരക്ക് ഇറക്കാനുള്ള ശേഷി സ്റ്റാർഷിപ്പിന് ഉണ്ടാകുമെന്ന് മസ്‍ക് പറയുന്നു. അതേസമയം, സ്റ്റാർഷിപ്പിന്‍റെ വികസനം ഇനിയും പരീക്ഷണഘട്ടത്തിലാണെന്നും, നാസയുടെ ആർട്ടെമിസ് പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതിക വെല്ലുവിളികൾ മുന്നിലുണ്ടെന്നും ബഹിരാകാശ സാങ്കേതിക വിദഗ്‌ധർ വിലയിരുത്തുന്നു. ചന്ദ്രനില്‍ മനുഷ്യന് ശാസ്ത്രീയവും വ്യാവസായികവുമായ സ്ഥിര സാന്നിധ്യം സ്ഥാപിക്കാമെന്നും ചന്ദ്രന്‍റെ വിഭവങ്ങൾ ഉപയോഗിച്ച് ഉപഗ്രഹ നിർമ്മാണം സാധ്യമാക്കാമെന്നും ഇലോണ്‍ മസ്‌ക് അവകാശപ്പെടുന്നുണ്ട് .

 

PREV
Read more Articles on
click me!

Recommended Stories

'തോടിന് പകരം കറുത്ത തുകൽ', വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി
ഉള്ളില്‍ നിറയെ സ്വര്‍ണവും പ്ലാറ്റിനവും! ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും 10000 കോടി രൂപ വീതം കിട്ടും; '16 സൈക്കി' എന്ന നിധി