ചരിത്രത്തിലാദ്യം, ചന്ദ്രനിൽ ജിപിഎസ് വിജയകരമായി ഉപയോഗിച്ച് നാസ

Published : Mar 07, 2025, 12:53 PM ISTUpdated : Mar 07, 2025, 12:56 PM IST
ചരിത്രത്തിലാദ്യം, ചന്ദ്രനിൽ ജിപിഎസ് വിജയകരമായി ഉപയോഗിച്ച് നാസ

Synopsis

ചന്ദ്രന്‍റെ ഉപരിതലത്തിൽ ഭൂമിയെ അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സിഗ്നലുകൾ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സാങ്കേതികവിദ്യ പരീക്ഷിച്ച് വിജയിച്ചു

കാലിഫോര്‍ണിയ: ചന്ദ്രനിൽ വിജയകരമായി ജിപിഎസ് സിഗ്നലുകൾ സ്വീകരിച്ച് മറ്റൊരു നാഴികക്കല്ല് പിന്നിട്ട് നാസ. ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയുടെ സഹായത്തോടെയാണ് നാസ ഈ നാഴികക്കല്ല് പിന്നിട്ടത്. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഭൂമിയെ അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സിഗ്നലുകൾ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ആദ്യത്തെ ഉപകരണമായി ലൂണാർ ജിഎൻഎസ്എസ് റിസീവർ എക്സ്പിരിമെന്‍റ് (LuGRE) മാറി. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (GNSS) നിന്നുള്ള സിഗ്നലുകൾ ചന്ദ്രനിൽ സ്വീകരിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്തു.  

ഭൂമിയിൽ, സ്മാർട്ട്‌ഫോണുകൾ മുതൽ വിമാനങ്ങൾ വരെ നാവിഗേറ്റ് ചെയ്യാൻ നമുക്ക് ജിഎൻഎസ്എസ് സിഗ്നലുകൾ ഉപയോഗിക്കാമെന്ന് നാസയുടെ  സ്‌പേസ് കമ്മ്യൂണിക്കേഷൻസ് ആൻഡ് നാവിഗേഷൻ പ്രോഗ്രാമിന്റെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ കെവിൻ കോഗിൻസ് പറഞ്ഞു. ജിപിഎസിനോട് സാമ്യമുള്ളതും ഭൂമിയിൽ നിന്നുള്ള നാവിഗേഷൻ സിഗ്നലുകൾ കാണിക്കുന്നതുമാണ് ജിഎൻഎസ്എസ് (ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം). ചന്ദ്രനിൽ ജിഎൻഎസ്എസ് സിഗ്നലുകൾ വിജയകരമായി നേടാനും നിരീക്ഷിക്കാനും കഴിയുമെന്ന് ലുഗ്രെ പരീക്ഷണം കാണിക്കുന്നുവെന്ന് കോഗിൻസ് പറഞ്ഞു. ചാന്ദ്ര നാവിഗേഷനു വേണ്ടിയുള്ള വളരെ രസകരമായ ഒരു കണ്ടെത്തലാണിതെന്നും ഭാവി ദൗത്യങ്ങൾക്കായി ഇത് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുവെന്നും കോഗിൻസ് വ്യക്തമാക്കി.

ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലൂണാർ ലാൻഡർ ഉപയോഗിച്ചാണ് നാസ ചന്ദ്രനില്‍ LuGRE സ്ഥാപിച്ചത്. മാർച്ച് 2ന് ബ്ലൂ ഗോസ്റ്റ് ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി. അതിനൊപ്പം അയച്ച 10 നാസ പേലോഡുകളിൽ ഒന്നായിരുന്നു ലൂണാർ ജിഎൻഎസ്എസ് റിസീവർ എക്സ്പിരിമെന്‍റ് അഥവാ LuGRE. ഈ ഉപകരണം ചന്ദ്രനില്‍ ഇറങ്ങിയ ഉടൻ തന്നെ നാസ ശാസ്ത്രജ്ഞർ പ്രവര്‍ത്തിപ്പിച്ചു. 2.25 ലക്ഷം മൈൽ അകലെയുള്ള ചന്ദ്രനിൽ നിന്ന് ഭൂമിയുടെ ജിഎൻഎസ്എസ് സിഗ്നലുകൾ പകർത്തിയാണ് ലുഗ്രെ അതിന്‍റെ സ്ഥാനവും സമയവും നിർണ്ണയിച്ചത്. ഈ പരീക്ഷണം 14 ദിവസം തുടരും.

നാസയുടെ ആർട്ടെമിസ് പ്രോഗ്രാം പോലുള്ള ഭാവി ദൗത്യങ്ങൾക്ക് കൃത്യമായ സ്ഥാനം, വേഗത, സമയം എന്നിവ നൽകുന്നതിലൂടെ മികച്ച നാവിഗേഷൻ സംവിധാനങ്ങൾ നൽകാൻ സഹായിക്കുന്നതിനാൽ, ബഹിരാകാശയാത്രികർക്ക് ഈ പരീക്ഷണം ഒരു വലിയ ചുവടുവയ്പ്പാണ്. ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും ഉള്ള ദൗത്യങ്ങളിൽ നാവിഗേഷൻ കൂടുതൽ കൃത്യവും എളുപ്പവുമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.

ഇതുവരെ, ബഹിരാകാശ പേടകങ്ങൾ അവയുടെ ദിശയും സ്ഥാനവും വ്യത്യസ്ത രീതികളിലാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ ജിപിഎസ് ഉപയോഗിച്ച് ഈ ജോലി കൃത്യമായി ചെയ്യാം. ആർട്ടെമിസ് ദൗത്യങ്ങൾ ഉൾപ്പെടെയുള്ള ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളിൽ ശാസ്ത്രജ്ഞർക്കും ബഹിരാകാശ യാത്രികർക്കും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും. ചന്ദ്രനും ഭൂമിക്കും ഇടയിലുള്ള സിസ്ലൂണാർ സ്ഥലത്തും ഈ സിസ്റ്റം പ്രവർത്തിക്കും എന്നാണ് റിപ്പോർട്ടുകൾ.

Read more: ഇന്‍റ്യൂറ്റീവ് മെഷീൻസ്, നിങ്ങളുടെ ഹീറോ ഇപ്പോള്‍ എവിടെയാണ്? ചന്ദ്രനില്‍ ഇറങ്ങിയ അഥീന ലാന്‍ഡറിന് എന്ത് സംഭവിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ