അഥീന ലാൻഡർ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിനടുത്ത് നിവർന്നുനിൽക്കുകയാണോ, അതോ ഒരു വർഷം മുമ്പയച്ച ചാന്ദ്ര പേടകം പോലെ ഒരു വശത്തേക്ക് ചരിഞ്ഞുകിടക്കുകയാണോ എന്ന് ഉറപ്പില്ലെന്ന് ഇന്‍റ്യൂറ്റീവ് മെഷീൻസ്
ഹൂസ്റ്റണ്‍: അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ രണ്ടാമത്തെ ചാന്ദ്ര പര്യവേഷണ പേടകവും നിലംപതിച്ചോ? ഇന്നലെ രാത്രി ഏറെ പ്രതീക്ഷയോടെ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിന് സമീപമിറങ്ങിയ അഥീന ലാന്‍ഡറിനെ കുറിച്ചുള്ള വിവരങ്ങള്‍ മണിക്കൂറുകള്‍ക്ക് ശേഷവും അജ്ഞാതമായി തുടരുന്നു. 2024ല്‍ ഒഡീസിയസ് ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാന്‍ഡിംഗ് പരാജയപ്പെട്ടതിന്‍റെ സമാന അവസ്ഥയാണോ അഥീന ലാന്‍ഡറിനും സംഭവിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ അഥീനയുടെ നിലവിലെ അവസ്ഥ എന്താണെന്ന് ലാന്‍ഡറിന്‍റെ നിര്‍മ്മാതാക്കളായ ഇന്‍റ്യൂറ്റീവ് മെഷീൻസ് കൃത്യമായി മനസ് തുറക്കുന്നുമില്ല.
അഥീന ലാൻഡർ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിനടുത്ത് നിവർന്നുനിൽക്കുകയാണോ, അതോ ഒരു വർഷം മുമ്പയച്ച ചാന്ദ്ര പേടകം പോലെ ഒരു വശത്തേക്ക് ചരിഞ്ഞുകിടക്കുകയാണോ എന്ന് ഉറപ്പില്ലെന്നാണ് ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ പ്രതികരണമെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ വൈദ്യുതി ലാഭിക്കാൻ അഥീന ലാൻഡറിന്‍റെ ചില ഉപകരണങ്ങൾ കൺട്രോളർമാർ ഓഫാക്കിയതും പ്രതിസന്ധിയായി.
ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ രണ്ടാമത്തെ ചാന്ദ്ര ലാന്‍ഡറായ അഥീന ചന്ദ്രനില്‍ ഇറങ്ങിയെങ്കിലും ലാന്‍ഡിംഗ് പൂര്‍ണ വിജയമാണോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ തന്നെ ആദ്യ ചാന്ദ്ര ലാൻഡറായ ഒഡീസിയസ് (Odysseus) കഴിഞ്ഞ വര്‍ഷം സമാന പ്രതിസന്ധിൽ പെട്ടിരുന്നു. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ എന്ന നേട്ടം സ്വന്തമാക്കിയെങ്കിലും പേടകം യന്ത്രക്കാലുകള്‍ ഒടിഞ്ഞ് അന്ന് മറിഞ്ഞുവീഴുകയായിരുന്നു. ഇതേ രീതിയില്‍ അഥീനയുടെ ലാന്‍ഡിംഗും പിഴച്ചോ എന്ന ആശങ്ക സജീവമാണ്. ലാന്‍ഡിംഗിനിടെ പേടകം ചരിഞ്ഞ് വീഴ്ച സംഭവിച്ചോ? അതോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നം നേരിട്ടോ എന്നതില്‍ വ്യക്തതയില്ല. നേരത്തെ അഥീന ലാന്‍ഡര്‍ ചന്ദ്രന്‍റെ ഓര്‍ബിറ്റില്‍ പ്രവേശിച്ച ശേഷവും യാതൊരു സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്തിയിരുന്നില്ല.
അഥീന ലാന്‍ഡറിന് എന്ത് സംഭവിച്ചു?
ലാന്‍ഡിംഗ് ശ്രമം ആരംഭിക്കുന്നത് വരെയുള്ള എല്ലാ വിവരങ്ങളും അപ്പപ്പോള്‍ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചുകൊണ്ടിരുന്ന ഇന്‍റ്യൂറ്റീവ് മെഷീൻസ് പിന്നീടൊരു അപ്‌ഡേറ്റും ട്വീറ്റ് ചെയ്തിട്ടില്ല. ഈസ്റ്റേണ്‍ സമയം ഉച്ചയ്ക്ക് 12.30ന് അഥീന ചന്ദ്രനില്‍ ഇറങ്ങി എന്ന് മാത്രമാണ് നാസയുടെ എക്സ് പോസ്റ്റ്.
അഥീന ലാന്‍ഡറിന്‍റെ നിഗുഢമായ ലാന്‍ഡിംഗിന് ശേഷം ഇന്‍റ്യൂറ്റീവ് മെഷീൻസ് സിഇഒ സ്റ്റീവ് ഓള്‍ട്ടെമസിന്‍റെ പ്രതികരണം പരസ്പരവിരുദ്ധമായിരുന്നു. അഥീന ബഹിരാകാശ പേടകം ഭൂമിയുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും അത് കൃത്യമല്ല, നാസയുടെ റെക്കണൈസൻസ് ഓർബിറ്റർ വരും ദിവസങ്ങളില്‍ അഥീനയുടെ സാന്നിധ്യം എവിടെന്ന് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം വ്യക്തമാക്കി. അതേസമയം പേടകത്തിലെ ശാസ്ത്രീയ ഉപകരണങ്ങള്‍ വിന്യസിക്കാന്‍ ഇപ്പോഴും കഴിയുമെന്നാണ് ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ പ്രതീക്ഷ.
നാസയുടെ കൊമേഴ്‌സ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസിന്‍റെ ഭാഗമായാണ് ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ അഥീന ലാന്‍ഡര്‍ ചന്ദ്രനിലേക്ക് അയച്ചത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യം കണ്ടെത്തുന്നതിനടക്കം 11 പേലോഡുകളും ശാസ്ത്രീയ ഉപകരണങ്ങളുമുള്ള അഥീന, ആര്‍ട്ടെമിസ് ദൗത്യത്തിന് മുമ്പ് ചന്ദ്രനില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് രണ്ടാം തീയതി മറ്റൊരു സ്വകാര്യ അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയിരുന്നു. ഈ പേടകം വിജയകരമായി ചന്ദ്രനില്‍ കഴിയുന്നതിന്‍റെ ചിത്രം കഴിഞ്ഞ ദിവസം നാസയുടെ റോബോട്ടിക് ബഹിരാകാശ പേടകമായ ലൂണാര്‍ റെക്കണൈസൻസ് ഓർബിറ്റർ പകര്‍ത്തിയിരുന്നു. സമാനമായി അഥീന ലാന്‍ഡറിന്‍റെ ദൃശ്യവും പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
