
വാഷിംഗ്‌ടണ്‍: സൗരജ്വാലകളെ കുറിച്ച് നാം കേട്ടിട്ടുണ്ടല്ലേ? സൂര്യന്‍റെ ഉപരിതലത്തില്‍ നിന്നുള്ള വികിരണങ്ങളുടെ പെട്ടന്നുള്ളതും തീവ്രവുമായ ആവിര്‍ഭാവമാണ് സൗരജ്വാലകള്‍ എന്ന് പറയുന്നത്. സൗരജ്വാലകള്‍ ഭൂമിയില്‍ ചില ആഘാതങ്ങള്‍ക്ക് കാരണമാകാറുണ്ട്. 2025-ന്‍റെ ആരംഭത്തിൽ അതിശക്തമായ സൗരജ്വാലകള്‍ ഭൂമിയെ ലക്ഷ്യമാക്കി വന്നിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള അതിശക്തമായ ഒരു സൗര കൊടുങ്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും.
അതിശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുകയാണ് എന്നാണ് അലേര്‍ട്ട്. അടുത്തിടെ സൂര്യനിലുണ്ടായ വലിയ പൊട്ടിത്തെറിയുടെ ഭാഗമായി പുറന്തള്ളിയ X2.7 ക്ലാസ് സൗരജ്വാലയാണ് ഭൂമിയോട് അടുക്കുന്നത്. 2025-ല്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍വച്ച് സൂര്യനില്‍ നടന്ന ഏറ്റവും തീവ്രമായ വികിരണമാണിത്. ഈ സൗര കൊടുങ്കാറ്റിന്‍റെ പ്രത്യാഘാതമായി ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ റേഡിയോ ബ്ലാക്കൗട്ടുകള്‍, ജിപിഎസ് സംവിധാനത്തില്‍ തടസങ്ങള്‍, പവര്‍ഗ്രിഡില്‍ തകരാര്‍, സാറ്റ്‌ലൈറ്റുകള്‍ക്ക് തകരാറുകള്‍ എന്നിവയുണ്ടായേക്കാം എന്നാണ് നാസയുടെ അറിയിപ്പ്. ബഹിരാകാശ യാത്രികര്‍ക്കും ഇത്തരം സൗരജ്വാലകള്‍ ഭീഷണിയാണ്. ധ്രുവദീപ്തി എന്നറിയപ്പെടുന്ന ശക്തമായ അറോറകള്‍ക്കും സൗര കൊടുങ്കാറ്റ് കാരണമാകും.
നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍റെ കണക്കനുസരിച്ച് അടുത്തിടെ സൂര്യനില്‍ ഉണ്ടായ പൊട്ടിത്തെറി മിഡില്‍ ഈസ്റ്റില്‍ താല്‍ക്കാലിക റേഡിയോ തടസങ്ങള്‍ക്ക് കാരണമാകുകയും ഏകദേശം 10 മിനിറ്റ് സമയം ഈ പ്രശ്‌നം നീണ്ടുനില്‍ക്കുകയും ചെയ്തിരുന്നു.
സൂര്യൻ നിലവിൽ 'സോളാർ മാക്സിമം' എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഘട്ടത്തിലാണ്. ഇത് ഇടയ്ക്കിടെ തീവ്രമായ സൗര കൊടുങ്കാറ്റുകള്‍ക്ക് കാരണമാകുന്നു. നിലവിൽ, നാസ മുന്നറിയിപ്പ് നൽകിയിരിക്കുന്ന എക്സ്-ക്ലാസ് ജ്വാലകൾ ഏറ്റവും അപകടകരമായ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. സൗരജ്വാലകളെ അവയുടെ ശക്തിയുടെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളിലായാണ് തരംതിരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും ശക്തമായ കാറ്റഗറിയില്‍പ്പെടുന്ന സൗരജ്വാലയാണ് എക്‌സ്. എം, സി, ബി എന്നിങ്ങനെയാണ് തീവ്രത കുറഞ്ഞ് പിന്നീടുള്ള സൗരജ്വാല കാറ്റഗറികള്‍. ജ്വാലയുടെ കരുത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സ്, എം, സി, ബി എന്നീ അക്ഷരങ്ങള്‍ക്കൊപ്പം 1.2 പോലുള്ള സംഖ്യകളും ചേര്‍ക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം