ഗൂഗിളിന്റെ എഐ ചിപ്പുകൾ വാടകയ്ക്കെടുക്കാൻ ഓപ്പൺഎഐ

Published : Jun 30, 2025, 01:30 PM IST
open ai

Synopsis

നിലവിൽ എഐ ഹാർഡ്‌വെയർ വിപണിയിൽ ആധിപത്യം പുലർത്തുന്ന എൻവിഡിയയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ചിപ്പ് വിതരണക്കാരെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഓപ്പൺ എഐയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം

ചാറ്റ്ജിപിടിയെയും അതിന്റെ മറ്റ് ഉൽപ്പന്നങ്ങളെയും ശക്തിപ്പെടുത്തുന്നതിനായി ഓപ്പൺ എഐ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. നിലവിൽ എഐ ഹാർഡ്‌വെയർ വിപണിയിൽ ആധിപത്യം പുലർത്തുന്ന എൻവിഡിയയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ചിപ്പ് വിതരണക്കാരെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഓപ്പൺ എഐയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ എൻവിഡിയയുടെ ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകളുടെ (GPU-കൾ) ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ഓപ്പൺ എഐ. മോഡലുകളെ പരിശീലിപ്പിക്കുന്നതിനും കമ്പ്യൂട്ടിംഗിനുമാണ് ഗ്രാഫിക്‌സ് പ്രോസസിംഗ് ചിപ്പുകൾ ഉപയോഗിക്കുന്നത്. എങ്കിലും, കമ്പ്യൂട്ടിംഗ് പവറിനുള്ള ആവശ്യകത വർദ്ധിക്കുന്നതിന് അനുസരിച്ച്, ഓപ്പൺഎഐ ഇപ്പോൾ ബദലുകൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഓപ്പൺഎഐ ഗൂഗിളിന്റെ ടെൻസർ പ്രോസസിംഗ് യൂണിറ്റുകൾ (ടിപിയു) ഉപയോഗിക്കാൻ തുടങ്ങിയെന്നും ഇത് ഹാർഡ്‌വെയർ തന്ത്രത്തിൽ മാത്രമല്ല, ക്ലൗഡ് സേവനങ്ങളെ ആശ്രയിക്കുന്നതിലും ശ്രദ്ധേയമായ മാറ്റം ഉണ്ടാക്കിയെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് അവകാശപ്പെടുന്നത്.

ഈ മാസം ആദ്യം, ഓപ്പൺഎഐ തങ്ങളുടെ വളർന്നുവരുന്ന കമ്പ്യൂട്ടേഷണൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗൂഗിൾ ക്ലൗഡിനെ ഉപയോഗപ്പെടുത്താൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. എഐ മേഖലയിലെ രണ്ട് പ്രമുഖ എതിരാളികൾ തമ്മിലുള്ള ഈ സഹകരണം ടെക് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോർട്ടും വരുന്നത്. ഇത്രകാലവും ഗൂഗിൾ തങ്ങളുടെ ഇൻ-ഹൗസ് ടെൻസർ പ്രോസസിംഗ് യൂണിറ്റുകളുടെ (ടിപിയുകൾ) സ്വന്തം ഉപയോഗത്തിനായി മാത്രം പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു. ഇപ്പോൾ ഇതിന്‍റെ ബാഹ്യ ലഭ്യത വിപുലീകരിക്കുന്നതിനിടയിലാണ് ഓപ്പൺ എഐയുമായുള്ള ഈ കരാർ വരുന്നത്. ഗൂഗിളിന്റെ ടിപിയുകൾ വാടകയ്‌ക്കെടുക്കാനുള്ള നീക്കം ഓപ്പൺഎഐ ആദ്യമായി എൻവിഡിയ ഇതര ചിപ്പുകൾ ഉപയോഗിക്കുന്നതിനെ സൂചിപ്പിക്കുന്നു.

കൂടാതെ മൈക്രോസോഫ്റ്റിന്റെ ഡാറ്റാ സെന്ററുകളെ ആശ്രയിക്കുന്നതിൽ നിന്നുള്ള പിന്മാറ്റത്തെയും ഇത് കാണിക്കുന്നു. എൻവിഡിയയുടെ ജിപിയുകൾക്ക് വിലകുറഞ്ഞ ബദലായി ഇത് ടിപിയുകളെ മാറ്റുമെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഗൂഗിൾ ക്ലൗഡ് വഴി വാടകയ്‌ക്കെടുക്കുന്ന ടിപിയുകൾ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഓപ്പൺഎഐ പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഗൂഗിളിന്റെ ഏറ്റവും പുതിയ തലമുറ ടിപിയു-കൾ ഓപ്പൺഎഐക്ക് നൽകുന്നില്ലെന്ന് ഒരു ഗൂഗിൾ ക്ലൗഡ് ജീവനക്കാരൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത് ഗൂഗിൾ ബിസിനസ് വിപുലീകരണത്തെ മത്സരബുദ്ധിയോടെ സന്തുലിതമാക്കുന്നുവെന്നാണ് ലഭ്യമാകുന്ന സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും