സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ അടുത്തേക്കെത്തുന്നു; റിപ്പോര്‍ട്ട്

By Web TeamFirst Published Feb 14, 2020, 9:31 AM IST
Highlights

ഫെബ്രുവരി 15 രാവിലെ 6.05മണിയോടെ ഇത് ഭൂമിയുടെ ഭ്രമണപാതയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. അതിവേഗത്തിലാണ് ഈ ഛിന്നഗ്രഹം നീങ്ങുന്നതെന്നാണ് നാസയുടെ കണ്ടെത്തല്‍.

ഭൂമിയെ ലക്ഷ്യമാക്കി വമ്പന്‍ ഛിന്നഗ്രഹമെത്തുന്നുവെന്ന് നാസ. നാസയുടെ സിഎന്‍ഇഒഎസ് വിഭാഗമാണ് അപകടകരമായ രീതിയില്‍ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്ന വിവരം സ്ഥിരീകരിച്ചത്. ഫെബ്രുവരി 15 രാവിലെ 6.05മണിയോടെ ഇത് ഭൂമിയുടെ ഭ്രമണപാതയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. അതിവേഗത്തിലാണ് ഈ ഛിന്നഗ്രഹം നീങ്ങുന്നതെന്നാണ് നാസയുടെ കണ്ടെത്തല്‍.

മണിക്കൂറില്‍ 54717 കിലോമീറ്റര്‍ വേഗതയിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്നാണ് നാസ സൂചിപ്പിക്കുന്നത്. ഭൂമിയുടെ 58 ലക്ഷം കിലോമീറ്റര്‍ അകലത്തിലാവും ആ ഛിന്നഗ്രഹം സഞ്ചരിക്കുകയെന്നാണ് കണക്കുകൂട്ടല്‍. ഏതെങ്കിലും സാഹചര്യത്തില്‍ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ ഭൂമിയില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്നാണ് നാസ വിശദമാക്കുന്നത്. വംശനാശവും ആണവ സ്ഫോടനങ്ങളടക്കമുള്ളവ സംഭവിക്കാനുള്ള സാധ്യകള്‍ ഏറെയാണെന്നും നാസ വ്യക്തമാക്കി. 

എന്നാല്‍ സാധാരണ ഗതിയില്‍ അസാമാന്യ വലിപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ അടുത്തേക്ക് അപകടകരമായ രീതിയില്‍ എത്താനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ ഗ്രഹങ്ങള്‍ തമ്മിലുളള ആകര്‍ഷണ ബലം നിമിത്തം ഇത് ഭൂമിയുടെ ഭ്രമണപാതയില്‍ എത്താനും എതില്‍ ദിശയില്‍ സഞ്ചരിക്കാനും സാധ്യതയുണ്ട്. ഇത് ഭാവിയില്‍ അപകടകരമായ രീതിയിലുള്ള കൂട്ടിയിടികള്‍ക്ക് കാരണമായേക്കാം. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഇത്. ഭൂമിയും ചൊവ്വ ഗ്രഹവും ഏറ്റവും അടുത്ത് വരുമ്പോള്‍ ഉള്ളതിനേക്കാള്‍ കുറവ് ദൂരത്തിലാണ്  ഈ ഛിന്നഗ്രഹം ഭൂമിയുടെ അടുത്ത് കൂടി പോവുക. 

ഭൂമിയെ ലക്ഷ്യമാക്കി രാക്ഷസ ഛിന്നഗ്രഹം; 'പ്രതിരോധമില്ല, സകലതും നശിക്കും': മുന്നറിയിപ്പുമായി ഇലോണ്‍ മസ്ക്

നേരത്തെ  2029 ഏപ്രിൽ 13-ന് മറ്റൊരു ഭീമൻ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോവുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫോസിസ് എന്ന രാക്ഷസ ഛിന്നഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 31000 കിലോമീറ്റര്‍ മുകളിലൂടെയാണ് കടന്ന് പോവുക. ഛിന്നഗ്രഹത്തിന്‍റെ ആഘാതം മറി കടക്കാന്‍ ഭൂമിക്ക് സാധിക്കില്ലെന്നുമായിരുന്നു ഇലോണ്‍ മസ്ക് നല്‍കിയ മുന്നറിയിപ്പ്. പൂര്‍ണ്ണചന്ദ്രനേക്കാള്‍ വലിപ്പത്തില്‍ കടന്നുപോവുന്ന ഈ രാക്ഷസ ഛിന്നഗ്രഹം നക്ഷത്രത്തേക്കാള്‍ പ്രഭയോടെ കാണാന്‍ സാധിക്കുമെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കിയിരുന്നു.

click me!