
അമേരിക്കന്‍ ചാരക്കണ്ണുകളെ ആര്‍ക്കും വെട്ടിക്കാന്‍ കഴിയാറില്ല എന്നത് രാജ്യാന്തരതലത്തിലെ ഒരു പ്രയോഗമാണ്. എല്ലാം 'അങ്കിള്‍ സാം' കാണുന്നു എന്നത് പല രാജ്യങ്ങളും ആശങ്കയോടെ നോക്കുന്ന കാര്യമാണ്. ചാര ഉപഗ്രഹങ്ങളും, നിരീക്ഷണ ഡ്രോണുകളും ചേര്‍ന്ന അമേരിക്കയുടെ ഈ 'ചികയല്‍' സംവിധാനം ശരിക്കും ഭയക്കേണ്ടത് തന്നെയാണ്. പക്ഷെ ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്ക ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി ലഭിച്ചു. കുറച്ചുകാലമായി അമേരിക്കയുമായി അത്ര രസത്തില്‍ അല്ലാത്ത ഇറാന്‍ അമേരിക്കന്‍ ഡ്രോണ്‍ വെടിവച്ചിട്ടു. അടുത്തിടെ ഗള്‍ഫ് മേഖലയില്‍ ഉയര്‍ന്നുവന്ന സംഘര്‍ഷാവസ്ഥ ഈ സംഭവം രൂക്ഷമാക്കിയിട്ടുണ്ട്. അതിന്‍റെ രാഷ്ട്രീയമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടു എന്നത് ശരിക്കും നയതന്ത്ര-ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നു എന്നതാണ് പ്രധാനകാര്യം. അതില്‍ ഒന്നാമത്തെ കാര്യം വെടിവച്ചിട്ട ഡ്രോണ്‍ ഒരു സാധാരണ ഡ്രോണ്‍ അല്ലെന്നതാണ്. അത് ഗ്ലോബല്‍ ഹോക്ക് ആണ്.
എന്താണ് ഗ്ലോബല്‍ ഹോക്ക്
2001 മുതല്‍ അമേരിക്ക ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരീക്ഷണ ഡ്രോണ്‍ ആണ് ഗ്ലോബല്‍ ഹോക്ക്. ഈ ആളില്ലാവിമാനത്തിന്‍റെ മൊത്തം അളവ് 130 അടിയോളം വരും. ഒരിക്കല്‍ പറത്തിയാല്‍ 12,000 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാന്‍ സാധിക്കും. അതായത് വേണമെങ്കില്‍ രാജ്യാതിര്‍ത്തികള്‍ കടന്ന് നിരീക്ഷണവും ചാരപ്രവര്‍ത്തനവും സാധ്യമാക്കാം. അതിലും പ്രധാനപ്പെട്ട കാര്യം 16 ടണ്‍വരെ ഭാരവുമായി പറക്കുവാന്‍ സാധിക്കുന്ന ഡ്രോണ്‍ ആണ് ഗ്ലോബല്‍ ഹോക്ക്. റഡാറുകളുടെ കണ്ണില്‍പ്പെടാതെ ചില സാമഗ്രികള്‍ കടത്താനും സാധിച്ചേക്കും. 34 മണിക്കൂര്‍വരെ തുടര്‍ച്ചയായി പറക്കാനുള്ള ശേഷിയും ഇതിനുണ്ട്. മിസൈല്‍ തൊടുക്കാനോ, ആയുധങ്ങള്‍വച്ച് ആക്രമണം നടത്താനോ ഇത് വച്ച് സാധ്യമല്ല എങ്കിലും ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും നൂതനമായ നിരീക്ഷണ സംവിധാനമാണ് ഗ്ലോബല്‍ ഹോക്കിനുള്ളത്.
ഗ്ലോബല്‍ ഹോക്കിന്‍റെ ശേഷി അനുസരിച്ച് അതിന്‍റെ ദൗത്യത്തിന്‍റെ രൂപം അനുസരിച്ചാണ് അമേരിക്ക ഒരു ഡ്രോണിനെയും പറത്തുന്നത്. അതായത് ശത്രുവിന്‍റെ ആയുധ പരിശീലനം, മിസൈല്‍ വിക്ഷേപണം എന്നിവ നിരീക്ഷിക്കാന്‍ ആണെങ്കില്‍ ഗ്ലോബല്‍ ഹോക്കില്‍ ഒരു റഡാര്‍ ഘടിപ്പിച്ച് ദൗത്യം നടത്തും. ശത്രുവിന്‍റെ സൈനിക നിരകള്‍, സൈനിക കേന്ദ്രങ്ങള്‍ എന്നിവയുടെ ചിത്രങ്ങളാണ് ലക്ഷ്യം എങ്കില്‍ ഇന്‍ഫ്രാറെഡ്, തെര്‍മ്മല്‍ ഇമേജിങ്, ഇലക്ട്രോ ഒപ്ടിക്കല്‍ ഇമേജിങ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഗ്ലോബല്‍ ഹോക്കില്‍ ഉപയോഗിക്കും.
ഗ്ലോബല്‍ ഹോക്കിന്‍റെ ഏറ്റവും വലിയ പ്രത്യേകത അത് പറക്കുന്ന ഉയരമാണ്. വന്‍ രാഷ്ട്രങ്ങള്‍ അല്ലാതെ മറ്റ് രാജ്യങ്ങള്‍ക്ക് അവയെ വെടിവച്ചിടാന്‍ കഴിയില്ലെന്നാണ് അമേരിക്ക അടക്കം വിശ്വസിക്കുന്നത്. അതായത് മികച്ച ആയുധങ്ങള്‍ കൈയ്യിലുള്ള രാഷ്ട്രങ്ങള്‍ മാത്രമേ അത് ചെയ്യുകയുള്ളൂ. അമേരിക്കന്‍ രഹസ്യന്വേഷണ ദൗത്യങ്ങള്‍ക്കായി പലപ്പോഴും ഗ്ലോബല്‍ ഹോക്ക് ചൈനയ്ക്കും റഷ്യയ്ക്കും മുകളില്‍ പറക്കാറില്ലെന്ന പരസ്യമായ രഹസ്യവും പ്രതിരോധ വൃത്തങ്ങളില്‍ നിലവിലുണ്ട്.
ഇറാനില്‍ സംഭവിച്ചത് എന്ത്
ഇങ്ങനെ എന്ത് കൊണ്ട് ലക്ഷണമൊത്ത ഈ ചാരവിമാനത്തെ ഇറാന്‍ വെടിവച്ചിട്ടു. ഗ്ലോബല്‍ ഹോക്കിന്‍റെ കഥ അവസാനിപ്പിക്കാന്‍ ശേഷിയുള്ള ആയുധം ഇറാന്‍റെ കൈയ്യില്‍ ഉണ്ടെന്നത് അമേരിക്കയിലും ആശങ്കയുണ്ടാക്കുന്നുണ്ട്. റഡാര്‍ ഉപയോഗിച്ച് ഡ്രോണിന്‍റെ ലക്ഷ്യം കണ്ടുപിടിച്ച് ഉപരിതലത്തില്‍ നിന്നും ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന മിസൈല്‍ ഉപയോഗിച്ചാണ് ഗ്ലോബല്‍ ഹോക്കിനെ ഇറാന്‍ തകര്‍ത്തത് എന്നാണ് ഇപ്പോള്‍ ആഗോളതലത്തിലെ പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ അത് അതീവ ശക്തമായ ഒരു മിസൈല്‍ ആയിരിക്കണമെന്ന് ഇവര്‍ പറയുന്നു. ഇത്തരത്തില്‍ നോക്കിയാല്‍ റഷ്യന്‍ നിര്‍മ്മിതമായ എസ്എ-6 അല്ലെങ്കില്‍ എസ്എ-17 എന്നീ മിസൈലുകള്‍ ഏതെങ്കിലും ഒന്നായിരിക്കണം ഇറാന്‍ പ്രയോഗിച്ചത്.
ഗ്ലോബല്‍ ഹോക്കിനെ ഇറാന്‍ വീഴ്ത്തിയെന്ന കാര്യം ആദ്യം സമ്മതിക്കാത്ത യുഎസ് പിന്നെ ഇത് സമ്മതിച്ചു. മോശം കാര്യം എന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോഴും ഇത് സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം നടക്കുന്നുണ്ട്. ഇറാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനാണ് ഡ്രോണ്‍ വെടിവച്ചിട്ടത് എന്നാണ് ഇറാന്‍ പറയുന്നത്. ഇത് അമേരിക്ക നിഷേധിക്കുന്നുണ്ട്. ഇറാന്‍റെ വ്യോമാതിര്‍ത്തിയിലായിരുന്നോ, രാജ്യാന്തര വ്യോമാതിര്‍ത്തിയിലായിരുന്നോ ഡ്രോൺ എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത ഇല്ലെന്നതാണ് സത്യം.
ഈ ആക്രമണത്തിന്‍റെ രാഷ്ട്രീയ വാദമായി വരുന്നത് രണ്ട് കാര്യങ്ങളാണ്. അതില്‍ ഒന്ന് ഇത്രയും സംഘര്‍ഷാവസ്ഥയില്‍ അമേരിക്ക നിരന്തരം ഇറാന് മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ 'സാങ്കേതിക' യുദ്ധം തുടരുന്നത് ശരിയല്ലെന്നതാണ്, അതിന് ലഭിച്ച തിരിച്ചടിയാണ് ഡ്രോണിന്‍റെ വീഴ്ച. എപ്പോഴും ഒരു ഏറ്റുമുട്ടല്‍ എന്ന അവസ്ഥയില്‍ ഇറാന്‍ കൂടുതല്‍ സംയമനം പാലിക്കേണ്ടയിരുന്നു എന്ന് വാദിക്കുന്ന വാദവും ഉയരുന്നുണ്ട്. റഷ്യന്‍ നിര്‍മ്മിതമായ എസ്എ-6 അല്ലെങ്കില്‍ എസ്എ-17 എന്നീ വലിയ മിസൈലുകള്‍ വച്ചുള്ള ആക്രമണം ആണെങ്കില്‍ അത് തീര്‍ത്തും കരുതിക്കൂട്ടിയുള്ളതാണെന്നും ഇത്തരം വാദക്കാര്‍ പറയുന്നു. എന്നാല്‍ ഗ്ലോബല്‍ ഹോക്കിന്‍റെ പതനം മേഖലയിലെ സംഘര്‍ഷാവസ്ഥ വഷളാക്കിയെന്നാണ് ലോക മാധ്യമങ്ങളുടെ നിരീക്ഷണം.
അമേരിക്കയെ ഇറാന്‍ ഞെട്ടിപ്പിക്കുന്നത് ആദ്യമല്ല.!
കഴിഞ്ഞ മെയ് 15ന് ഇറാന്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ശരിക്കും അമേരിക്കയെ ഞെട്ടിച്ചിരുന്നു. അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്‍ഹോവറിന്റെ മുകളിലൂടെ പറന്ന് ഇറാൻ ഡ്രോൺ വിഡിയോ പകർത്തിയിരിക്കുന്നു. എച്ച്ഡി മികവോടെയുള്ള വിഡിയോയാണ് ഇറാൻ പുറത്തുവിട്ടത്. അമേരിക്കൻ പടക്കപ്പലുകളുടെ സമീപത്തുകൂടെ ചെറിയ വസ്തുക്കള്‍ പറന്നാൽപ്പോലും അറിയുന്ന അമേരിക്കൻ സൈന്യം ഇറാന്റെ ഡ്രോൺ കണ്ടില്ലെന്നത് അത്ഭുതമാണ്. കപ്പലിൽ ലാന്‍ഡ് ചെയ്തിരിക്കുന്ന ഓരോ പോര്‍വിമാനത്തിന്‍റെയും പേര് പോലും ഇറാൻ പുറത്തുവിട്ട വിഡിയോയിലുണ്ട്. എന്തുകൊണ്ട് കപ്പലിലെ റഡാർ ഇറാന്‍റെ ഡ്രോൺ കണ്ടില്ലെന്നും, അമേരിക്കന്‍ സൈന്യത്തിന്‍റെ വലിയ പിഴവായും ലോകമെങ്ങും ഇത് വാര്‍ത്തയായിരുന്നു.