3700 മൈൽ വ്യാപ്‍തി; ശുക്രനിലെ ഭീമൻ മേഘങ്ങളുടെ രഹസ്യം ഒടുവില്‍ കണ്ടെത്തി

Published : May 16, 2026, 11:01 AM IST
Venus

Synopsis

ഹൈഡ്രോളിക് ജംപ് എന്ന പ്രതിഭാസമാണ് ശുക്രഗ്രഹത്തിലെ ഈ വമ്പൻ മേഘരൂപീകരണത്തിന് കാരണം എന്ന് പഠനത്തിൽ ഉപയോഗിച്ച സംഖ്യാത്മക സിമുലേഷനുകൾ വ്യക്തമാക്കുന്നു.

ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളിലൊന്നായ ശുക്രനെ ചുറ്റിപ്പറ്റിയിരിക്കുന്ന കനത്ത സൾഫ്യൂറിക് ആസിഡ് മേഘങ്ങളുടെ രഹസ്യം ശാസ്ത്രജ്ഞർ ഒടുവിൽ കണ്ടെത്തി. വർഷങ്ങളായി ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്ന ഈ അതിവിപുലമായ മേഘക്കൂട്ടം ഏകദേശം 3,700 മൈൽ വ്യാപ്‍തി ഉള്ളതും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശുക്ര ഗ്രഹത്തെ ചുറ്റി സഞ്ചരിക്കുന്നതുമാണ്. അതിന്‍റെ മുൻഭാഗം അതീവ കൃത്യതയോടെ രൂപപ്പെട്ടിരിക്കുന്നതും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.

ശുക്രന്‍റെ മേഘങ്ങള്‍

ഇപ്പോൾ ടോക്കിയോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനം ഈ ദുരൂഹതയ്ക്ക് മറുപടി നൽകുന്നു. ഈ ഗവേഷണഫലങ്ങൾ ജേണൽ ഓഫ് ജിയോഫിസിക്കൽ റിസർച്ച്: പ്ലാനെറ്റ്‍സ് (Journal of Geophysical Research: Planets) എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈഡ്രോളിക് ജംപ് എന്ന പ്രതിഭാസമാണ് ശുക്രഗ്രഹത്തിലെ ഈ വമ്പൻ മേഘരൂപീകരണത്തിന് കാരണം എന്ന് പഠനത്തിൽ ഉപയോഗിച്ച സംഖ്യാത്മക സിമുലേഷനുകൾ വ്യക്തമാക്കുന്നു.

അടുക്കളയിലെ സിങ്കിൽ ടാപ്പിൽ നിന്ന് വെള്ളം പതിക്കുമ്പോൾ വേഗത്തിൽ ഒഴുകുന്ന വെള്ളം പെട്ടെന്ന് മന്ദഗതിയിലാകുകയും കട്ടിയേറിയ പ്രവാഹമായി മാറുകയും ചെയ്യുന്നത് നമ്മൾ കാണാറുണ്ട്. ഇതേ പ്രക്രിയയാണ് ശുക്രഗ്രഹത്തിലും വൻതോതിൽ സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതേ മാതൃകയിൽ ശുക്രഗ്രഹത്തിന്റെ താഴ്ന്ന മേഘപാളികളിലൂടെ കിഴക്കോട്ട് സഞ്ചരിക്കുന്ന 'പ്ലാനറ്ററി കെൽവിൻ വേവ്' അസ്ഥിരമാകുന്നു എന്ന് ഗവേഷകർ പറയുന്നു. തുടർന്ന് അതിശക്തമായ ഉയർച്ചാ പ്രവാഹം രൂപപ്പെടുകയും ബാഷ്‍പീകൃത സൾഫ്യൂറിക് ആസിഡിനെ ഏകദേശം 31 മൈൽ ഉയരത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു. ഇതാണ് ശുക്രനിലെ ഭീമാകാരമായ മേഘഭിത്തി രൂപപ്പെടാൻ കാരണമാകുന്നത്.

ചരിത്ര കണ്ടെത്തല്‍

ഭൂമിക്കു പുറത്തായി കണ്ടെത്തുന്ന ആദ്യത്തെ ഹൈഡ്രോളിക് ജംപ് ഇതാണെന്നും സൗരയൂഥത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലുതുമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. കൂടാതെ ശുക്രഗ്രഹത്തിലെ മേഘങ്ങൾ ഗ്രഹത്തിന്‍റെ ഭ്രമണവേഗത്തെക്കാൾ 60 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ റൊട്ടേഷൻ പ്രതിഭാസത്തിനും ഈ കണ്ടെത്തൽ പുതിയ വിശദീകരണം നൽകുന്നു. ഭാവിയിലെ ശുക്രഗ്രഹ ദൗത്യങ്ങൾക്കും ഗ്രഹാന്തരീക്ഷ പഠനങ്ങൾക്കും ഈ കണ്ടെത്തൽ നിർണായകമാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഐസ് ഭീമന്മാർ' എന്ന വിശേഷണം തെറ്റായിരുന്നോ? അമ്പരപ്പിച്ച് ഈ ഗ്രഹങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ
ശക്തമായ സൗരജ്വാലയോടെ സൂര്യനില്‍ പൊട്ടിത്തെറി, പ്ലാസ്‍മ ഭൂമിയിലേക്ക്, അറോറ ദൃശ്യമാകും