കാമുകനെ കാണാൻ വേണ്ടി ബഹിരാകാശ പേടകത്തിന് ദ്വാരമിട്ട് അമേരിക്കന്‍ യാത്രിക; ആരോപണം, വിവാദം.!

By Web TeamFirst Published Dec 3, 2021, 8:16 AM IST
Highlights

എത്രയും വേഗത്തില്‍ ഭൂമിയില്‍ തിരിച്ചെത്തി കാമുകനെ കാണാനായി നാസ ബഹിരാകാശ യാത്രിക ബഹിരാകാശ പേടകത്തില്‍ ദ്വാരമുണ്ടാക്കിയെന്നാണ് റഷ്യന്‍ ഏജന്‍സിയുടെ അന്വേഷണം പറയുന്നത്.

മോസ്കോ: 2018 ല്‍ റഷ്യയുടെ സോയൂസ് എംഎസ് 09 എന്ന ബഹിരാകാശ പേടകത്തില്‍ ദ്വാരം കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് (Roscosmos) നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവത്തിന് പിന്നിലെ പുതിയ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ബഹിരാകാശ യാത്രിക (NASA astronaut) സെറീന ഔണ്‍ ചാന്‍സലറാണ് ബഹിരാകാശ പേടകത്തില്‍ ദ്വാരം ഉണ്ടാക്കിയത് എന്നാണ് റഷ്യന്‍ ഏജന്‍സിയുടെ കണ്ടെത്തല്‍. ഇതില്‍ അമേരിക്കന്‍ ബഹിരാകാശ യാത്രിക സെറീന ഔണ്‍ ചാന്‍സലര്‍ക്കെതിരെ (Serena Auñón-Chancellor) ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന ആവശ്യവും റഷ്യ മുന്നോട്ടുവെക്കുന്നു. 

എത്രയും വേഗത്തില്‍ ഭൂമിയില്‍ തിരിച്ചെത്തി കാമുകനെ കാണാനായി നാസ ബഹിരാകാശ യാത്രിക ബഹിരാകാശ പേടകത്തില്‍ ദ്വാരമുണ്ടാക്കിയെന്നാണ് റഷ്യന്‍ ഏജന്‍സിയുടെ അന്വേഷണം പറയുന്നത്. 2018ല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഘടിപ്പിച്ചപ്പോഴാണ് റഷ്യന്‍ ബഹിരാകാശ വാഹനമായ സോയൂസ് എംഎസ് 09 (Soyuz spacecraft) ദ്വാരം കണ്ടെത്തിയത്. പേടകത്തിലെ മര്‍ദം പൊടുന്നനെ കുറഞ്ഞപ്പോഴാണ് 2018 ഓഗസ്റ്റ് 30ന് ഈ ദ്വാരം കണ്ടെത്തുന്നത്. ലഭ്യമായ പശപോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഉടന്‍ തന്നെ ബഹിരാകാശ നിലയത്തിലെ റഷ്യന്‍ സഞ്ചാരികള്‍ ഈ ദ്വാരം അടക്കുകയും ചെയ്തു. 

കാര്യമായ അപകടങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഈ സംഭവത്തെ റോസ്‌കോസ്‌മോസ് ഗൗരവത്തിലെടുക്കുകയും പിന്നീട് ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രഥമിക അന്വേഷണത്തില്‍  റഷ്യന്‍ പേടകത്തിന്‍റെ ഘടന കൃത്യമായി അറിയാത്ത ആരോ ആണ് നിരവധി ദ്വാരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത് എന്ന് മനസിലായി ഇതിലൊന്ന് മാത്രമാണ് പേടകം പൂര്‍ണമായും തുളച്ചു പുറത്തെത്തിയതെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്  ബഹിരാകാശ ഏജന്‍സിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു.

പേടകത്തിന്റെ നിര്‍മ്മാണ പിഴവ് എന്ന രീതിയിലാണ് ചില ആഗോള മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നത്. ഇത് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് നിഷേധിക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിര്‍മാണ ശേഷം നടത്തുന്ന പരീക്ഷണങ്ങളില്‍ ഒന്നും ഇത്തരം ദ്വാരം ഉണ്ടായിരുന്നില്ലെന്ന് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ വച്ച് റോസ്‌കോസ്‌മോസ് വിശദീകരിച്ചത്. പേടകത്തില്‍ ദ്വാരമുണ്ടാക്കിയത് സെറീന ഓനണ്‍ ചാന്‍സലറാണെന്ന് 2019 ഓഗസ്റ്റില്‍ റോസ്‌കോസ്‌മോസ് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. റഷ്യക്കാര്‍ അല്ലാതെ പുറത്ത് നിന്നും ഇതില്‍ കയറിയ വ്യക്തി അവരായിരുന്നു. 

നാസയുടെ സെറീന ഔണ്‍ ചാന്‍സലര്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ അലക്‌സാണ്ടര്‍ ജെസ്റ്റ് റഷ്യയുടെ സെര്‍ജി പ്രൊകൊപ്യേവ് എന്നിവരാണ് ഈ ദ്വാരം കണ്ടെത്തുന്ന സമയത്ത് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഉണ്ടായിരുന്നത്. ദ്വാരം കണ്ടെത്തുന്നതിന് മുൻപായി ബഹിരാകാശ നിലയത്തില്‍ റഷ്യയുടേയും അമേരിക്കയുടേയും ഭാഗം ചേരുന്നിടത്തെ സിസിടിവി ക്യാമറയുടെ പ്രവര്‍ത്തനം നിലച്ചതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. 

അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി നുണപരിശോധനക്ക് വിധേയയാകാന്‍ തയാറല്ലെന്നും റഷ്യന്‍ സഞ്ചാരി നുണ പരിശോധനക്ക് തയാറായെന്നും റോസ്‌കോസ്‌മോസ് വിശദീകരിക്കുന്നു. ഒന്നുകൂടി ആരോപണം കടുപ്പിച്ച് കാമുകനെ കാണാൻ വേണ്ടിയാണ് വിവാഹിതയായ സെറീന ആ തെറ്റ് ചെയ്തത് എന്നും റഷ്യന്‍ ബഹിരാകാശ ഏജന്‍സി കുറ്റപ്പെടുത്തുന്നുണ്ട്.

click me!