
അന്‍റാര്‍ട്ടിക്ക: മഞ്ഞുപുതഞ്ഞ അന്‍റാർട്ടിക്കൻ ഭൂഖണ്ഡത്തില്‍ ഈ ദിവസങ്ങളിൽ ശാസ്ത്രവും പ്രകൃതിയും തമ്മിലുള്ള അപൂർവമായ ഒരു പോരാട്ടമാണ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും തണുത്തതും ദുര്‍ഗമവുമായ ഭൂഖണ്ഡത്തിൽ, അപൂർവമായ ഒരു സൂര്യഗ്രഹണം രേഖപ്പെടുത്താൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. സൗരജ്വാലകളുടെയും ബഹിരാകാശ കാലാവസ്ഥയുടെയും രഹസ്യങ്ങളുടെ ചുരുൾ അഴിക്കുന്നതിൽ ഈ ദൗത്യത്തിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് ശാസ്‍ത്രലോകം വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അന്‍റാർട്ടിക്കയിലെ കോൺകോർഡിയ, മിർണി സ്റ്റേഷനുകളിലെ ഗവേഷകർ അത്യന്തം ദുഷ്‍കരമായ സാഹചര്യങ്ങളിൽ സാങ്കേതിക സജ്ജീകരണങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ കാലാവസ്ഥ സ്ഥിരത പുലർത്തുമ്പോൾ, അന്‍റാര്‍ട്ടിക്കയിലുള്ള ശാസ്ത്രജ്ഞർ മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തുന്ന താപനിലയുമായി പോരാടുകയാണ്. ഒറ്റപ്പെട്ട നിലയും അത്യന്തം വരണ്ട വായുവും കാരണം “വൈറ്റ് മാർസ്” എന്ന് വിളിക്കപ്പെടുന്ന കോൺകോർഡിയ സ്റ്റേഷനിലെ അന്തരീക്ഷം സൂര്യനെ പഠിക്കാൻ ഏറ്റവും അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ജലബാഷ്‍പം സൂര്യ നിരീക്ഷണത്തെ തടസപ്പെടുത്തുന്നുവെങ്കിലും ഉയർന്ന അന്‍റാർട്ടിക്കൻ സമതലങ്ങൾ ആകാശത്തെ വ്യക്തമായി കാണാനുള്ള അപൂർവ അവസരം ഗവേഷകര്‍ക്ക് നൽകുന്നു.
കൊടുംതണുപ്പിൽ ശാസ്ത്രജ്ഞർ ഉപകരണങ്ങൾ സംരക്ഷിക്കുന്നത് എങ്ങനെ?
ഗ്രഹണത്തിന്‍റെ നിർണായക നിമിഷങ്ങളിൽ ചന്ദ്രൻ സൂര്യനെ മറയ്ക്കുമ്പോൾ, അതിനെ കൃത്യമായി രേഖപ്പെടുത്താൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമമായി നിലനിർത്തണം. എന്നാൽ അതിശൈത്യത്തിൽ സാധാരണ മെക്കാനിക്കൽ ലൂബ്രിക്കന്‍റുകൾ കട്ടപിടിച്ച് ഉപകരണങ്ങൾ പ്രവർത്തന രഹിതമാകാൻ സാധ്യതയുണ്ട്. അതിനാൽ എഞ്ചിനീയർമാർ പ്രത്യേക ഡ്രൈ ലൂബ്രിക്കന്‍റുകളും ഹീറ്റിംഗ് സംവിധാനങ്ങളും ഉപയോഗിക്കുന്നു. സെൻസറുകൾക്കും തകരാറുണ്ടാകാനുള്ള ഭീഷണിയുണ്ട്. ഗ്രഹണത്തിന്‍റെ കുറച്ച് മിനിറ്റുകളിൽ ഒരൊറ്റ ഘടകമെങ്കിലും പരാജയപ്പെട്ടാൽ, വർഷങ്ങളായുള്ള പദ്ധതികളും കോടിക്കണക്കിന് ഡോളർ ചെലവുകളും വെറുതെയാകും.
റഷ്യയുടെ നേതൃത്വത്തിലുള്ള മിർണി സ്റ്റേഷനിൽ കടൽത്തീര കാറ്റുകൾ മറ്റൊരു വെല്ലുവിളിയാണ്. ശക്തമായ കാറ്റ് സൂക്ഷ്‍മ ഉപകരണങ്ങളെ കുലുക്കുകയും ഇതുമൂലം ഡാറ്റ മങ്ങിപ്പോകുകയും ചെയ്തേക്കാം. ഇതെല്ലാം മറികടന്ന് സൂര്യന്‍റെ പുറം അന്തരീക്ഷമായ സോളാർ കൊറോണയെ പഠിക്കാനാണ് ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. സാധാരണയായി സൂര്യന്‍റെ അതിശക്തമായ പ്രകാശം കാരണം കൊറോണയെ കാണാൻ സാധിക്കില്ല. എന്നാൽ ഗ്രഹണസമയത്ത് അതിനെ വ്യക്തമായി നിരീക്ഷിക്കാൻ സാധിക്കും.
സോളാർ ഫ്ലെയറുകൾ അഥവാ സൗരജ്വാലകൾ ഭൂമിയിലെ ഉപഗ്രഹ സമ്പർക്കങ്ങളെയും ജിപിഎസ് സംവിധാനങ്ങളെയും വൈദ്യുതി ഗ്രിഡുകളെയുമൊക്കെ ബാധിക്കാനും തകരാറിലാക്കാനും ഇടയാക്കാം. അതിനാൽ കൊറോണയെക്കുറിച്ചുള്ള പഠനം ഭൂമിയിലെ സാങ്കേതിക സംവിധാനങ്ങൾ സംരക്ഷിക്കാൻ നിർണായകമാണ്. പ്രകൃതി ശക്തികളോട് മത്സരിച്ച് നടത്തുന്ന ഈ ദൗത്യം, മനുഷ്യൻ വിജ്ഞാനത്തിനായി കൈകൊള്ളുന്ന ധൈര്യത്തിന്‍റെ തെളിവായി മാറുകയാണ്. ഫെബ്രുവരി 17നാണ് അടുത്ത സൂര്യഗ്രഹണം നടക്കുക.