ജീവികളില്‍ പേടിയുണ്ടാകുന്നത് എങ്ങനെ; നിര്‍ണ്ണായക കണ്ടുപിടുത്തം നടത്തി ശാസ്ത്രലോകം.!

By Web TeamFirst Published Sep 1, 2022, 6:59 AM IST
Highlights

പേടിയുടെ സൂചനകൾ എത്തിക്കുന്നതിൽ കാൽസിറ്റോനിൻ ജീൻ റിലേറ്റഡ് പെപ്‌റ്റെയ്ഡ് അഥവാ സിജിആർപിക്കുള്ള പങ്കിനെക്കുറിച്ച് നേരത്തെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ സംശയമാണ്  ഗവേഷക സംഘത്തിന് പഠനം ആരംഭിക്കാൻ പ്രേരകമായത്.

സന്‍ഫ്രാന്‍സിസ്കോ: പേടിയില്ലാത്ത മനുഷ്യരോ ജീവികളോ ഉണ്ടാകില്ല. ഭൂരിപക്ഷം പേരെയും പേടി എന്നത് പല തരത്തിലാണ് ബാധിക്കുന്നത്. കാഴ്ച, സ്പർശം, രുചി, മണം ഒക്കെ അതിൽ ഉൾപ്പെടുന്നതാണ്. ഇവയിലെതും വഴിയും ഭയത്തിന് കാരണമാകാം. ജീവികളിൽ ഭയം ജനിപ്പിക്കുന്ന ന്യൂറോണുകളെ കഴിഞ്ഞ ദിവസമാണ് ശാസ്ത്രലോകം കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നത്.  

കലിഫോർണിയയിലെ സാൽക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സ്റ്റഡീസിലെ ഗവേഷകരാണ് ഇത്തരമൊരു നേട്ടത്തിന് പിന്നിലുള്ളത്. പഠനത്തിന്റെ പൂർണരൂപം ലഭ്യമാണ്. സെൽ റിപ്പോർട്ട്സിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നമ്മുടെയൊക്കെ മസ്തിഷ്കത്തിൽ ഒരു ഭാഗമുണ്ട്.  ഭയത്തിന്റെ കേന്ദ്രമെന്ന് വിളിക്കപ്പെടുന്ന ഈ ഭാഗം  അമിഗ്ഡാല എന്നാണ് അറിയപ്പെടുന്നത്.

ഈ ഭാഗത്തേക്ക് പേടിയുടെ സൂചനകൾ എത്തിക്കുന്നതിൽ കാൽസിറ്റോനിൻ ജീൻ റിലേറ്റഡ് പെപ്‌റ്റെയ്ഡ് അഥവാ സിജിആർപിക്കുള്ള പങ്കിനെക്കുറിച്ച് നേരത്തെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ സംശയമാണ്  ഗവേഷക സംഘത്തിന് പഠനം ആരംഭിക്കാൻ പ്രേരകമായത്.

ഇതു സംബന്ധിച്ച പരീക്ഷണം നടത്തിയത് ജനിതകമാറ്റം വരുത്തിയ എലിയിലാണ്. മിനിസ്‌കോപ് എന്നു പേരുള്ള ഉപകരണം പരീക്ഷണത്തിന് ഉപയോഗിച്ച എലിയിൽ ഘടിപ്പിച്ചു.ഇതുവഴിയാണ് സിജിആർപി ന്യൂറോണുകളുടെ സഞ്ചാരം നിരീക്ഷിച്ചത്.അതിനു ശേഷം പലതരത്തിലുളള പേടിപ്പെടുത്തുന്ന സാഹചര്യങ്ങൾ എലിയിൽ  ഉണ്ടാക്കി. 

അങ്ങനെയാണ് പ്രതികരണം രേഖപ്പെടുത്തി കൊണ്ടിരുന്നത്. കാലിൽ ചെറിയ വൈദ്യുതാഘാതം എൽപിച്ചും ഇടിമുഴക്കത്തിന്റെ ശബ്ദം കേൾപ്പിച്ചുമൊക്കെയാണ് എലിയെ പേടിപ്പിച്ചിരുന്നത്. ഇത് കൂടി കണക്കാക്കിയ ശേഷമാണ് സിജിആർപി ന്യൂറോണുകളുടെ നീക്കങ്ങൾ രേഖപ്പെടുത്തിയത്. തലച്ചോറിന്റെ പിന്നിലായി നട്ടെല്ല് തുടങ്ങുന്ന ഭാഗത്തെ ബ്രെയിൻസ്റ്റെമും തലാമസും അമിഗ്ഡാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ഇതാണ് സിജിആർപി ന്യൂറോൺസിന്റെ സഞ്ചാരപാത. ജീവികളിൽ മാത്രമല്ല മനുഷ്യരിലും ഇതേ ന്യൂറോണുകൾ തന്നെ കണ്ടുവരുന്നുണ്ട്.  സിജിആർപിയുടെ പ്രവർത്തനം അതുകൊണ്ടു തന്നെ സമാനമായിരിക്കും എന്ന ഊഹത്തിലായിരുന്നു പരീക്ഷണം നടത്തിയിരുന്നത്. എലി ഭയപ്പെടുമ്പോൾ സിജിആർപി ന്യൂറോണുകളുടെ സാന്നിധ്യം വർധിക്കുന്നുണ്ട്. 

നേരത്തെ സൂചിപ്പിച്ച പോലെ ബ്രെയിൻസ്റ്റെമും തലാമസും കടന്നാണ് സിജിആർപി ന്യൂറോണുകൾ അമിഡ്ഗാലയിലെത്തുന്നത്.ഇവ എത്തുന്നതോടെ അമിഡ്ഗാല ഒരു മുന്നറിയിപ്പ് സംവിധാനമായി പ്രവർത്തിക്കുന്നു. അടുത്തതായി മനുഷ്യരിലായിരിക്കും ഇതു സംബന്ധിച്ച പരീക്ഷണം നടക്കുക. ഈ പരീക്ഷണത്തിലൂടെ സിജിആർപി ന്യൂറോണുകളും ഭയവും തമ്മിലുള്ള ബന്ധത്തിന്റെ കണ്ടുപിടിത്തം ഉറപ്പിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.

ദോശക്കല്ലോ, ​ഗ്യാസോ വേണ്ട; പ്രിന്‍റടിച്ച പോലെ ദോശ കൈയ്യിൽ കിട്ടും ; കൗതുകമുണർത്തി ദോശപ്രിന്‍റര്‍

ആർട്ടിമിസ് വിക്ഷേപണം മാറ്റിവച്ചു; ചന്ദ്രനിലേക്കുളള നാസയുടെ മനുഷ്യദൗത്യം നീളും

click me!