
ഫ്ലോറിഡ: ആക്സിയം 4 ദൗത്യത്തിന് കീഴിൽ ശുഭാംശു ശുക്ല ഉൾപ്പെടെ നാല് സഞ്ചാരികള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പറക്കാൻ ഒരുങ്ങുകയാണ്. ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്‍റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലായിരിക്കും ശുഭാംശു ഉൾപ്പെടെയുള്ളവർ കുതിക്കുക. ബഹിരാകാശ യാത്ര എളുപ്പവും താങ്ങാനാവുന്നതുമാക്കി മാറ്റിയ ഒരു ആധുനിക ബഹിരാകാശ വാഹനമാണ് സ്‌പേസ് എക്സിന്‍റെ ഡ്രാഗൺ സ്പേസ്‌ക്രാഫ്റ്റ്. 2025 മാർച്ചിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാസ സുനിത വില്യംസിനെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നത് ഡ്രാഗൺ പേടകത്തിലായിരുന്നു. ഇപ്പോൾ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ളവർ സഞ്ചരിക്കാനിരിക്കുന്ന ഡ്രാഗൺ സ്പേസ്‌ക്രാഫ്റ്റിനെ കുറിച്ചും, അതിനെ വഹിക്കുന്ന ഫാൽക്കൺ 9 റോക്കറ്റിനെക്കുറിച്ചും വിശദമായി അറിയാം.
എന്താണ് ഡ്രാഗണ്‍ പേടകം?
8.1 മീറ്റര്‍ ഉയരവും 4 മീറ്റര്‍ വ്യാസവുമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിനുള്ളത്. ലോഞ്ച് പേലോഡ് മാസ് 6,000 കിലോഗ്രാമും റിട്ടേണ്‍ പേലോഡ് മാസ് 3,000 കിലോഗ്രാമുമാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിനപ്പുറത്തേക്കും ദൗത്യങ്ങളിൽ സ്പേസ് എക്സിന്‍റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിന് ഏഴ് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ആദ്യത്തെ സ്വകാര്യ പേടകമാണിത്. നിലവിൽ ഭൂമിയിലേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഗണ്യമായ അളവിൽ മാലിന്യങ്ങള്‍ ഭൂമിയില്‍ തിരികെ എത്തിക്കാന്‍ കഴിവുള്ള ഒരേയൊരു ബഹിരാകാശ പേടകമാണ് ഡ്രാഗണ്‍ എന്നാണ് സ്‌പേസ് എക്സ് പറയുന്നത്.
ലളിതമായി പറഞ്ഞാൽ, ഡ്രാഗൺ സ്പേസ്‌ക്രാഫ്റ്റിന്‍റെ നിലവിലെ ജോലി ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുകയും അവിടെയുള്ള ബഹിരാകാശ യാത്രികരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയുമാണ്. ഇലോൺ മസ്‍കിന്‍റെ സ്പേസ് കമ്പനിയാണ് ഡ്രാഗണ്‍ തയ്യാറാക്കിയത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സ്‌പേസ് എക്‌സും സംയുക്തമായിട്ടായിരുന്നു ഡ്രാഗൺ ക്യാപ്സ്യൂൾ പരീക്ഷിച്ചത്. 2020ലായിരുന്നു ഡ്രാഗണ്‍ പേടകത്തിന്‍റെ ആദ്യ ഐഎസ്എസ് സന്ദര്‍ശനം.
കാര്‍ഗോ ആയും ഉപയോഗം
ഏഴ് പേരെ വഹിക്കാൻ വിധത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഡ്രാഗൺ പേടകം എന്ന് പറഞ്ഞുവല്ലോ. ഡ്രാഗണ് ഭൂമിയിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വലിയ അളവിൽ സാധനങ്ങൾ കൊണ്ടുപോകാനും അവിടെ നിന്ന് തിരികെ കൊണ്ടുവരാനും കഴിയും. അതിനാൽ ഒരു കാര്‍ഗോ ബഹിരാകാശ പേടകമായും ഡ്രാഗണിനെ ഉപയോഗിക്കാം. അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നതിനേക്കാൾ കൂടുതൽ അകലം സഞ്ചരിച്ച് തിരിച്ചെത്താൻ ഡ്രാഗൺ സ്പേസ്‌ക്രാഫ്റ്റിന് ശേഷിയുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
8.1 മീറ്റർ നീളമുള്ള ഡ്രാഗൺ സ്പേസ്‌ക്രാഫ്റ്റില്‍ ബഹിരാകാശ യാത്രികരുടെ ലാൻഡിംഗ് എളുപ്പമാക്കുന്നതിന് ആറ് പാരച്യൂട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. റീഎന്‍ട്രിക്ക് ശേഷം ഈ പേടകത്തെ സ്ഥിരപ്പെടുത്താൻ രണ്ട് ഡ്രോഗ് പാരച്യൂട്ടുകൾ ഉപയോഗിക്കുന്നു. അതേസമയം, ലാൻഡിംഗിന് മുമ്പ് ബഹിരാകാശ പേടകത്തിന്‍റെ വേഗത കുറയ്ക്കാൻ നാല് പ്രധാന പാരച്യൂട്ടുകൾ സഹായിക്കുന്നു. ഈ രീതി ബഹിരാകാശ യാത്രികരെ സുഗമമായി വെള്ളത്തിൽ ലാന്‍ഡ് ചെയ്യിക്കുന്നത് (സ്ലാഷ്‌ഡൗണ്‍) എളുപ്പമാക്കുന്നു. ബഹിരാകാശ യാത്രികരുടെ ലാൻഡിംഗിനായി ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ പാരച്യൂട്ട് സംവിധാനം ഉപയോഗിക്കുന്നതായി സ്‌പേസ് എക്‌സ് അവകാശപ്പെടുന്നു.
46 തവണ ബഹിരാകാശ നിലയത്തിൽ പോയ പേടകം
സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകം ഇതുവരെ 46 തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നിട്ടുണ്ട്. ദൗത്യത്തിൽ ബഹിരാകാശ പേടകത്തെ നയിക്കാൻ സഹായിക്കുന്ന 16 ഡ്രാക്കോ ത്രസ്റ്ററുകൾ ഡ്രാഗൺ പേടകത്തില്‍ ഉപയോഗിക്കുന്നു. ഓരോ ഡ്രാക്കോ ത്രസ്റ്ററും ബഹിരാകാശത്ത് 90 പൗണ്ട് ബലം ഉത്പാദിപ്പിക്കുന്നു.
ഫാൽക്കൺ 9 റോക്കറ്റ്
ഇനി ഫാൽക്കൺ റോക്കറ്റിനെക്കുറിച്ച് അറിയാം. ഏതൊരു ബഹിരാകാശ പേടകത്തെയും ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഒരു റോക്കറ്റ് ഉപയോഗിക്കണം. ഡ്രാഗൺ പേടകത്തെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന റോക്കറ്റാണ് സ്പേസ് എക്സിന്‍റെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായ ഫാൽക്കൺ 9. രണ്ട് ഘട്ടങ്ങളുള്ള റോക്കറ്റാണ് ഫാൽക്കൺ 9. ഇത് പുനരുപയോഗിക്കാവുന്നതാണ്, അതായത് ഇത് ഒന്നിലധികം തവണ ഉപയോഗിക്കാൻ കഴിയും. ബഹിരാകാശ പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് സുരക്ഷിതമായി വിക്ഷേപിച്ച ശേഷം അത് തിരികെ മടങ്ങും.
2010ൽ ആദ്യമായി ഉപയോഗിച്ച ഫാൽക്കൺ 9 റോക്കറ്റിന് 99.4 ശതമാനം വിജയ നിരക്കുണ്ടായിരുന്നു. ഇതുവരെ 481 റോക്കറ്റുകളിൽ 478 എണ്ണം വിജയിച്ചു. മൂന്നെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. ഈ റോക്കറ്റിന് ഏകദേശം 70 മീറ്റർ ഉയരമുണ്ട്. അതായത് ഡൽഹിയിലെ കുത്തബ് മിനാറിന് തുല്യം. ഫാല്‍ക്കണ്‍ 9-ന്‍റെ ഭാരം 549 ടൺ ആണ്. രണ്ട് ഘട്ടങ്ങളുള്ള ഫാൽക്കൺ 9 റോക്കറ്റിൽ റോക്കറ്റിൽ ഒരു ക്രയോജനിക് എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. റോക്കറ്റിന്‍റെ ഏറ്റവും ചെലമേറിയ ഭാഗങ്ങൾ വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതിനാൽ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുറയുന്നു എന്നതാണ് എടുത്തുപറയേണ്ട സവിശേഷത.